താളവട്ടത്തിന്റെ കണക്കുകളെ തിമിലയിലേക്ക് പകർത്തുമ്പോൾ ഗണിതത്തിലെ ഈ ബിരുദധാരിക്ക് പിഴയ്ക്കാറില്ല. ഒറ്റപ്പാലം ഹരിയെന്ന അമ്പലപ്പാറ ചുനങ്ങാട് നെല്ലമ്പാനി പിഷാരത്തിൽ ഹരി (40) തിമിലയുടെ പാരമ്പര്യത്തെ നിലനിർത്തി അതിനെ നവീകരിക്കുന്നതിലെ താളംകൂടി കണ്ടെത്തിയയാളാണ്. പഞ്ചവാദ്യത്തിന് പുറമേ സോപാന പദക്കച്ചേരി, തിമിലത്തായമ്പക, ഫ്യൂഷൻ, ഹാർമോമില എന്ന വാദ്യസംയോജനം -അങ്ങനെ പല താളവിസ്മയവും തീർത്തിട്ടുണ്ട് ഈ കലാകാരൻ.

To advertise here,

സോപാന സംഗീതാലാപനത്തിനൊപ്പം തിമില, മദ്ദളം, ഇടയ്ക്ക എന്നിവ പക്കവാദ്യമായി അവതരിപ്പിച്ചാണ് സോപാന പദക്കച്ചേരി പിറവിയെടുക്കുന്നത്. അമ്പലപ്പുഴ വിജയകുമാറും ഞരളത്ത് രാമദാസ് പൊതുവാളും ചേർന്ന് സോപാനം അവതരിപ്പിച്ചപ്പോഴാണ് ഈ പരീക്ഷണം നടന്നത്. തിമിലകൊണ്ട് തായമ്പകകൊട്ടുക - അടുത്തപരീക്ഷണം അങ്ങനെയായിരുന്നു. കരിയന്നൂർ നാരായണൻനമ്പൂതിരി ചിട്ടപ്പെടുത്തി, കോങ്ങാട് മോഹനനും ഹരിയും ചേർന്നാണ് ഒരു പതിറ്റാണ്ടുമുമ്പ് തായമ്പകയ്ക്ക് തിമിലയുടെ താളംപകർന്നത്. പിന്നീട് പല അരങ്ങുകളിലും തിമിലത്തായമ്പക കൊട്ടിക്കയറി.

പാശ്ചാത്യ സംഗീതോപകരണങ്ങളും ക്ഷേത്രവാദ്യോപകരണങ്ങളും ചേർന്ന് ഫ്യൂഷൻ അവതരിപ്പിക്കപ്പെട്ടപ്പോഴും തിമിലയുമായി ഹരിയുണ്ടായിരുന്നു. ത്രികായ എന്ന ബാൻഡിൽ തിമിലയ്ക്ക് പുറമേ കീബോർഡും ചെണ്ടയും തബലയും മദ്ദളവും ഗിറ്റാറും വയലിനും ഡ്രംസും ചേർന്നതോടെ പുതിയകാലത്തിന് ആവേശത്തിന്റെ താളംപകർന്നു. പ്രകാശ് ഉള്ളിയേരിയും മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളും കോട്ടയ്ക്കൽ രവി, മഹേഷ് മണി, ജോസി ജോൺ, റോജോ ആന്റണി, ഋഷികേശ് എന്നിവരുമായിരുന്നു ഹരിക്കൊപ്പം ആ താളത്തിനുപിന്നിൽ. പ്രകാശ് ഉള്ളിയേരിയുടെ ഹാർമോണിയത്തിനൊപ്പം ഹരിയുടെ തിമിലകൂടി ചേർന്നപ്പോൾ ഹാർമോമില എന്ന മറ്റൊരു വാദ്യസംയോജനവും പിറവികൊണ്ടു.

അച്ഛൻ എൻ.പി. നാരായണനാണ് ഹരിയെ ഒറ്റപ്പാലത്തെ കേരള കലാലയത്തിൽ മൃദംഗത്തിന് ചേർത്തത്. കിള്ളിക്കുറുശ്ശിമംഗലം രാംമോഹനായിരുന്നു അന്ന് ഗുരു. ഒപ്പം ഒറ്റപ്പാലം സംഗീത് ഭവനിൽനിന്ന് തബലയും പഠിച്ചു. പിന്നീട് അച്ഛന്റെ സഹോദരീ ഭർത്താവായ തിമിലകലാകാരൻ ചുനങ്ങാട് മോഹനന്റെ അടുത്ത് തിമിലപഠിക്കാനെത്തി. 10-ാം വയസ്സിലായിരുന്നു അരങ്ങേറ്റം. 1997-ൽ മായന്നൂർ രാജുവിനുകീഴിൽ ചെണ്ടയും സ്വായത്തമാക്കി. ബിരുദംകൂടി കഴിഞ്ഞതോടെ മുഴുവൻസമയ കലാകാരനായി.

പല്ലാവൂർ സഹോദരന്മാർ, അന്നമനട പരമേശ്വരമാരാർ, കേളത്ത് കുട്ടപ്പമാരാർ, ചോറ്റാനിക്കര വിജയൻമാരാർ, കോങ്ങാട് മധു എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യങ്ങളിൽ ഹരി തന്റെ സ്ഥാനം കുറിച്ചിട്ടുണ്ട്. ചെർപ്പുളശ്ശേരി ശിവൻ, കുനിശ്ശേരി ചന്ദ്രൻ തുടങ്ങിയ മുതിർന്ന മദ്ദളപ്രമാണിമാർക്കുമുന്നിൽ നിന്ന് പഞ്ചവാദ്യം പ്രമാണിക്കാനായതും തന്റെ ജീവിതത്തിലെ സൗഭാഗ്യമാണെന്ന് ഹരി പറയുന്നു. 18-ാം വയസ്സുമുതൽ കഴിഞ്ഞവർഷംവരെ തുടർച്ചയായ രണ്ട് പതിറ്റാണ്ടുകാലം തൃശ്ശൂർ പൂരത്തിലെ തിരുവമ്പാടി മഠത്തിൽവരവിൽ പങ്കെടുക്കാനും കഴിഞ്ഞു. ഉത്രാളിക്കാവും നെന്മാറ-വല്ലങ്ങിയും വരവൂർ കാർത്തിക ഉത്സവവും പറക്കോട്ടുകാവും ചിനക്കത്തൂരുമുൾപ്പെടെ പ്രധാന ഉത്സവങ്ങളിലെല്ലാം ഹരിയുടെ തിമിലയിൽനിന്ന് താളമൊഴുകി. വീട്ടിൽത്തന്നെ ശിഷ്യർക്ക് കല പകർന്നുനൽകുന്നുണ്ട് ഈ കലാകാരൻ. പി.പി. സുശീലയാണ് അമ്മ.