എം.പി വീരേന്ദ്രകുമാറിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം സാധാരണ മനുഷ്യനായ തനിക്ക് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകനും അപ്പിക്കൊ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പാണ്ഡുരംഗ ഹെഗ്‌ഡെ. ഈ പുരസ്‌കാരം ഒരു വ്യക്തി നേട്ടമല്ല. പശ്ചിമഘട്ട സംരക്ഷണത്തിനായി കഴിഞ്ഞ 40 വര്‍ഷമായി പോരാടിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കുമുള്ളതാണ്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിലൂടെ വീരേന്ദ്രകുമാറിന്റെ ലെഗസി കാത്തുസൂക്ഷിക്കാന്‍ കൂടി ബാധ്യസ്ഥനാണ് താനെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

'പശ്ചിമഘട്ടത്തെ പരിപൂര്‍ണമായും ഉപേക്ഷിക്കപ്പെടുന്ന ഘട്ടത്തിലാണ് അപ്പിക്കൊ പ്രസ്ഥാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ദേശവിരുദ്ധത, വികസനവിരുദ്ധത എന്ന് പറഞ്ഞ് ആക്ഷേപിച്ചവരുണ്ട്. പക്ഷേ ഇന്നത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. നവോത്ഥാനം പ്രാവര്‍ത്തികമാവുന്നത് അങ്ങനെയാണ്. പാരിസ്ഥിതിക മാറ്റമുണ്ടാക്കാന്‍ 6 വര്‍ഷമായിരുന്നു അപ്പിക്കൊ മൂവ്‌മെന്റ് എടുത്തത്. നമ്മുടെ 98% പുഴകളും മലിനമാണ്. മലിനജലം കാരണം ലോകമൊട്ടാകെ 503 കുട്ടികള്‍ ദിനംപ്രതി മരിക്കുന്നു. വിര്‍ച്ച്വല്‍ റിയാലിറ്റിയാണ് യഥാര്‍ഥമെന്ന് നമ്മള്‍ ചിന്തിക്കുന്നു. ജീവിതശൈലി നിര്‍ണായമായിരിക്കുന്നു നമ്മള്‍ക്ക്. രാജസ്ഥാനിലെ ബിഷ്‌ണോയ് സമൂഹം മരങ്ങളെ സംരക്ഷിക്കുന്ന വിധം എന്നില്‍ പ്രചോദനമുളവാക്കി. 1923-ല്‍ സ്വാതന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി തുടങ്ങിയ മാതൃഭൂമിയുടെ ആശയവും വ്യത്യസ്തമല്ല എന്നതില്‍ സന്തോഷമുണ്ട്. മണ്ണ് കീടനാശിനികളാല്‍ മലിനമാണ്. ധാരാളം ചെറുജീവികള്‍ ഇല്ലാതാവുന്നു. പ്രകൃതി മൂലധനമായ വെള്ളവും വായുവും നമ്മള്‍ വില്‍ക്കുന്നു. ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവര്‍ക്ക് മാധ്യമങ്ങള്‍ അര്‍ഹമായ സ്ഥാനം നല്‍കണം എന്നാണ് അഭ്യര്‍ഥന'-  പാണ്ഡുരംഗ ഹെഗ്‌ഡെ പറഞ്ഞു.