ചെറുവാഞ്ചേരി: കണ്ണവം വനമേഖലയുടെ സമീപപ്രദേശമായ മുണ്ടയോട് കോളനി റോഡിൽ പകൽസമയത്തും കാട്ടുപോത്തുകളുടെ ഭീഷണി. വെള്ളിയാഴ്ച പൂവത്തൂർ ന്യൂ എൽ.പി. സ്കൂളിലെ വിദ്യാർഥികളുമായി പോകുകയായിരുന്ന സ്കൂൾ ബസ് കാട്ടുപോത്തുകളുടെ മുന്നിൽപ്പെട്ടു. വിദ്യാർഥികൾ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന രണ്ട് കാട്ടുപോത്തുകളെ കണ്ടതും ഡ്രൈവർ മനോധൈര്യത്തോടെ വാൻ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു.

To advertise here,

ബസിലെ ജീവനക്കാർ ദൃശ്യം പകർത്തുകയും ചെയ്തു. ഈ റോഡിലൂടെ പകൽപോലും ഒറ്റയ്ക്കും കൂട്ടായും ഇവ സഞ്ചരിക്കുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ചെറിയ വാഹനങ്ങൾ ധാരാളം കടന്നുപോകുന്ന വഴിയാണിത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് അപകടസാധ്യത കൂടുതലാണ്. ജനവാസം കുറഞ്ഞ റോഡായതിനാൽ കാട്ടുപോത്തുകൾ പെട്ടെന്ന് കൺമുന്നിൽപ്പെടാൻ സാധ്യതയുണ്ട്. മുണ്ടയോട് കോളനിയിൽനിന്ന് സ്കൂൾ കുട്ടികൾ അടക്കമുള്ളവർ കാൽനടയായി രാവിലെയും വൈകിട്ടും ഇതിലൂടെ സഞ്ചരിക്കാറുണ്ട്. ബസ് സർവീസ് ഇല്ലാത്ത റോഡായതിനാൽ ചെറുവാഞ്ചേരി, കൂത്തുപറമ്പ് ഭാഗത്തേക്കുള്ള യാത്രക്കാരും ഇതുവഴിയാണ് പോകുന്നത്. ഇതിനുമുമ്പ് കണ്ണവം ചെറുവാഞ്ചേരി റോഡിൽ പലതവണ കാട്ടുപോത്തിനെ കണ്ടിരുന്നു. 

കഴിഞ്ഞദിവസം കൊട്ടിയൂരിൽനിന്ന് മടങ്ങിവരുന്ന സംഘത്തിന്റെ വാഹനം കാട്ടുപോത്തിന്റെ മുന്നിൽ പെട്ടിരുന്നു. രാത്രി  ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് അപകടസാധ്യത കൂടുതലാണ്. കമ്പിവേലി പോലുള്ള മറ്റു സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി കാട്ടുപോത്തിൽനിന്ന് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.