പേരുമാറ്റം മുതൽ സത്യപ്രതിഞ്ജയ്ക്ക് സമയം കുറിച്ചത് വരെ ഒരാൾ; വിജയ്‌യുടെ നിഴലായ ജോത്സ്യൻ
തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ വിജയ് നടത്തിയ ആ നിയമനം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക പദവിയിലുള്ള ഉദ്യോഗസ്ഥനായി തന്റെ ജ്യോത്സ്യനെ നിയമിച്ചത് തമിഴ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിയമന ഉത്തരവ് പിൻവലിച്ചെങ്കിലും കഴിഞ്ഞദിവസം മുതൽ ആ പേര് വീണ്ടും ചർച്ചയായി. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ. വേദ ജ്യോതിഷിയായും ആത്മീയ ഉപദേശകനായും അറിയപ്പെടുന്ന ഇദ്ദേഹത്തിന് വിജയിയുമായി എന്താണ് ബന്ധം? സത്യത്തിൽ ആരാണ് ഈ രാധൻ പണ്ഡിറ്റ്?
തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശി. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷം, സംഖ്യാശാസ്ത്രം, മെഡിറ്റേഷൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തി. മെഡിറ്റഷൻ ഗുരു എന്ന പേരിൽ പ്രശസ്തൻ. പണ്ഡിറ്റ് വെട്രിവേൽ എന്ന പേരിൽ പ്രൊഫഷണൽ ജീവിതം തുടങ്ങിയയാൾ 2008-ലാണ് ഡൽഹിയിലേക്ക് മാറുകയും 'രാധൻ പണ്ഡിറ്റ്' എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. ഉത്തരേന്ത്യൻ ശൈലിയിലുള്ള ഈ പേരിലൂടെ പ്രശസ്തി വർദ്ധിക്കുമെന്നും കൂടുതൽ പേരിലേക്ക് എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്തായാലും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ മുതൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും വരെ തന്റെ ശിഷ്യസമ്പത്തിലുണ്ടെന്നാണ് രാധൻ പണ്ഡിറ്റ് അവകാശപ്പെടുന്നത്.
വിജയ്‌ക്ക് മുൻപ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായ ഉപദേശകനായിരുന്നു രാധൻ പണ്ഡിറ്റ്. 1991-ൽ ജയലളിത വൻ വിജയം നേടുമെന്ന പ്രഖ്യാപനം യാഥാർഥ്യമായതോടെ വെട്രിവേൽ ജയലളിതയുടെ പ്രിയങ്കരനായി. ഉപദേശക സമിതിയിലെ പ്രധാനിയായി. ജയലളിതയുടെ പേരിന്റെ സ്പെല്ലിംഗിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചതും ഇദ്ദേഹമാണെന്നാണ് പറയപ്പെടുന്നത്. എന്തായാലും 2014-ൽ ഇദ്ദേഹത്തിന്റെ തന്നെ പ്രവചനം ഈ ബന്ധം വഷളാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത ജയിലിൽ പോകില്ലെന്നായിരുന്നു രാധൻ പണ്ഡിറ്റിന്റെ പ്രവചനമെങ്കിൽ കോടതി വിധി വന്നതോടെ അവർ ജയിലിലായി. എന്നാൽ 1994 മുതൽ 1997 വരെ മോശം കാലമായിരിക്കുമെന്നും ജയിൽവാസമോ ആശുപത്രി വാസമോ വരെ സാധ്യതയുണ്ടെന്നും പ്രവചിച്ചത് ജയലളിതയെ അസ്വസ്ഥയാക്കിയെന്നും ഇതോടെ തന്നെ പുറത്താക്കിയെന്നുമാണ് രാധൻ പണ്ഡിറ്റ് അവകാശപ്പെടുന്നത്.
സിംഗപ്പൂരിലെയും ഡൽഹിയിലെയും താമസത്തിന് ശേഷം തമിഴ്‌നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വെട്രിവേൽ വിജയ്‌യുടെ രാഷ്ട്രീയ വൃത്തങ്ങളിലേക്ക് എത്തുന്നത്. വിജയ്‌യുടേത് ഒരു "സുനാമി ജാതകം" ആണെന്നും അദ്ദേഹം വൻ രാഷ്ട്രീയ വളർച്ച നേടുമെന്നും രാധൻ പണ്ഡിറ്റ് പ്രവചിച്ചു. വെറുമൊരു ജ്യോത്സ്യൻ എന്നതിലുപരി ടി.വി.കെ. പാർട്ടിയുടെ വക്താവായും അദ്ദേഹം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മുമ്പ് ടിവികെ വക്താക്കൾ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം രാധൻ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. വിജയ്‌യുടെ പല രാഷ്ട്രീയ തീരുമാനങ്ങളിലും രാധൻ പണ്ഡിറ്റിന്റെ സ്വാധീനം പ്രകടമായിരുന്നു: 'V' എന്ന അക്ഷരത്തിൽ തുടങ്ങുന്ന മണ്ഡലത്തിൽ നിന്ന് വിജയ് മത്സരിക്കണമെന്ന് നിർദ്ദേശിച്ചതും വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 10-ന് ഉച്ചയ്ക്ക് 3:45-ൽ നിന്ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതും രാധൻ പണ്ഡിറ്റ്ന്റെ ഉപദേശപ്രകാരമായിരുന്നു. തമിഴക വെട്രി കഴകം എന്ന പേര് വിജയ്‌യുടെ ജനനസമയവുമായി ചേരുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് വിജയ്‌യുടെയും ടിവികെയുടെയും രാഷ്ട്രീയ വിജയത്തെക്കുറിച്ച് ഇദ്ദേഹം നിരവധി യൂട്യൂബ് ചാനലുകളിൽ പ്രവചനങ്ങൾ നടത്തിയിരുന്നു. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാധൻ പണ്ഡിറ്റ് മുൻപ് ഉപയോഗിച്ച ‘സുനാമി വിജയം’ എന്ന വാക്ക് ടിവികെയുടെ രാഷ്ട്രീയ വിജയത്തിന്റെ അടയാളമായി മാറി.
വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യങ്ങൾക്കുള്ള ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ചത്. എന്നാൽ ഈ നീക്കം വലിയ വിമർശനങ്ങൾക്കിടയാക്കി. ഡിഎംകെ, വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം ജ്യോതിഷത്തിന് ഔദ്യോഗിക പദവി നൽകുന്നതിനെതിരെ രംഗത്തുവന്നു. പദവിക്ക് ആവശ്യമായ യോഗ്യതകൾ വെട്രിവേലിനില്ലെന്നും വിമർശനം ഉയർന്നു. പ്രതിഷേധം ശക്തമായതോടെ നിയമനം നടന്ന് ഒരു ദിവസത്തിന് ശേഷം വിജയ് ഉത്തരവ് പിൻവലിച്ചു. സിനിമയും രാഷ്ട്രീയവും വിശ്വാസവും ഇഴചേർന്ന് കിടക്കുന്ന തമിഴ്നാട്ടിൽ പല നേതാക്കളും സ്വകാര്യമായി ജ്യോത്സ്യന്മാരെ കാണാറുണ്ട്, പക്ഷേ ഒരു ജ്യോത്സ്യനെ ഔദ്യോഗിക പദവിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം ഇതാദ്യമായാണ്. എന്തായാലും ഔദ്യോഗിക പദവിയിൽ നിന്ന് മാറേണ്ടി വന്നെങ്കിലും, വിജയ്‌യുടെ രാഷ്ട്രീയ യാത്രയിൽ അദ്ദേഹം ഇനിയും നിർണ്ണായക സ്വാധീനമായി തുടരുമോ എന്നത് കണ്ടറിയേണ്ടതാണ്.
Content Highlights: Radhan Pandit Vetrivel's controversial appointment as OSD to CM Vijay. The 24-hour reversal of the appointment due to political backlash. Radhan Pandit's historical ties to Jayalalithaa and his role in TVK. The influence of astrology on Vijay's political decisions and party naming. The intersection of spirituality and governance in 2026 Tamil Nadu politics.
Published: 13 May 2026, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented