നാല് എപ്പിസോഡുകൾ, നാല് മണിക്കൂർ, നാല് സിം​ഗിൾ ഷോട്ടുകൾ. ഫിലിം മേക്കിങ് വിദ്യാർഥികൾക്ക് ഒരു പാഠപുസ്തകമാണ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ അഡോളസെൻസ് എന്ന ലിമിറ്റഡ് സീരീസ്. വ്യത്യസ്ഥമായ പ്രമേയംകൊണ്ടും ചിത്രീകരണ രീതികൊണ്ടും വളരെ വേ​ഗം ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് സ്റ്റീഫൻ ​ഗ്രഹാം ജാക്ക് തോണും ചേർന്ന് സൃഷ്ടിച്ച ഈ വെബ്സീരീസ്. 

To advertise here,

ആഴത്തിലുള്ള കഥപറച്ചിലിന്റെ ഒരു മാസ്റ്റർക്ലാസ് ആണ് അഡോളസെൻസ് എന്ന് നിസ്സംശയം പറയാം. കഥയിൽ നിന്നോ കഥാപാത്രങ്ങളിൽ നിന്നോ പൂർണ്ണമായും ഇടമുറിയാത്ത, ഒറ്റ ടേക്കുകളിൽ ചിത്രീകരിക്കാനുള്ള സംവിധായകൻ ഫിലിപ്പ് ബാരന്റിനിയുടെ ശ്രമം പൂർണ്ണമായും വിജയിച്ചതാണ് അഡോളസെൻസിന് ലോകമെമ്പാടും ലഭിക്കുന്ന സ്വീകരണം. കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കം പ്രേക്ഷകർക്കും അനുഭവിക്കാനാകുന്ന തരത്തിൽ ഒരുക്കിയതിന് പിന്നിലെ പ്രധാന ചേരുവ സിം​ഗിൾ ഷോട്ട് എപ്പിസോഡുകൾ തന്നെയാണ്. 

placeholder
അഡോളസെൻസില്‍ നിന്നുള്ള രംഗം | Photo: Screengrab/Netflix

ഒരു മണിക്കൂർ വരുന്ന എപ്പിസോഡുകൾ ഒറ്റ ടേക്കിൽ പൂർത്തിയാക്കിയതിന് പിന്നിൽ ആഴ്ചകളോളം നീണ്ട റിഹേഴ്സലുകളും പരിശ്രമങ്ങളുമുണ്ട്. തിരക്കഥ, ഡയലോ​ഗുകൾ, സെറ്റ് എന്നിവ പഠിക്കാൻ മൂന്ന് ആഴ്ചയോളമാണ് ഇതിലെ അഭിനേതാക്കൾ പരിശീലനം നടത്തിയത്. പിന്നീട് ഫെെനൽ ടേക്കിന് പെർഫെക്ട് ആയി സ്ക്രീനിലെത്തിക്കാൻ 5 ദിവസങ്ങളിലായി 10 തവണയാണ് ഓരോ എപ്പിസോഡും ഷൂട്ട് ചെയ്തത്. അതിലെ ഏറ്റവും മികച്ച ടേക്ക് സീരിസിന്റെ ഭാ​ഗമായി.

കണ്ടുപഴകിയ ഒരു സാധാരണ ക്രൈം ഡ്രാമയല്ല അഡോളസെൻസ്. പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിന് പരമ്പരാ​ഗതമായി പിന്തുടർന്നുവരുന്ന സമർത്ഥമായ ട്വിസ്റ്റുകളെയോ ക്ലിഫ്‌ഹാംഗറുകളെയോ ഒന്നും ആശ്രയിക്കാതെ തീർത്തും പുതിയ കഥപറച്ചിൽ രീതിയാണ് അഡോളസെൻസ് പിന്തുടരുന്നത്. എന്താണ് സംഭവിച്ചത് എന്നതിലല്ല, എന്തിനാണ് ഇതെല്ലാം എന്നുള്ളതിലാണ് സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും ചേർന്ന് സൃഷ്‌ടിച്ച, ഫിലിപ്പ് ബാരൻ്റിനി സംവിധാനം ചെയ്‌ത അഡോളസെൻസ് ക്രൂരമായ കുറ്റകൃത്യം ചെയ്യുന്ന ഒരു കൗമാരക്കാരന്റെയും അവന്റെ ചുറ്റുമുള്ളവരുടെയും മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന, മനസ്സ് മരവിപ്പിക്കുന്ന, യാത്ര അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അവൻ്റെ പ്രവർത്തി കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന അനന്തരഫലങ്ങൾ പ്രേക്ഷകരെയും അസ്വസ്ഥരാക്കും. സാമൂഹികമാധ്യമങ്ങളിൽ വളരെ കാഷ്വലായി ഉപയോ​ഗിക്കുന്ന ഇമോജികൾക്കുവരെ കൗമാരക്കാർക്കിടയിലുള്ള അർത്ഥങ്ങൾ പറയുമ്പോൾ അക്ഷരാർത്ഥത്തിൽ നമ്മൾ അത്ഭുതപ്പെടും. 

placeholder
അഡോളസെൻസില്‍ നിന്നുള്ള രംഗം | Photo: Screengrab/Netflix

ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലേക്ക് പോലീസ് നടത്തുന്ന ഒരു റെയ്ഡോടെയാണ് പരമ്പര ആരംഭിക്കുന്നത്. അവിടെ 13 വയസ്സുള്ള ജേമി മില്ലർ മാതാപിതാക്കളുടെ മുന്നിൽ ബലമായി അറസ്റ്റ് ചെയ്യപ്പെടുന്നു. പൊതുവെ നമ്മൾ കണ്ടുപരിചയിച്ച ക്രൈം ഡ്രാമ കഥകൾ പലപ്പോഴും പ്രേക്ഷകർക്ക് യാതൊരു വിധ സൂചനകളും നൽകാതെ അവ്യക്തതമായാണ് മുന്നോട്ട് പോകുക. നായകൻ്റെ കുറ്റബോധത്തെയോ നിരപരാധിത്വത്തെയോ ചോദ്യം ചെയ്യാൻ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഒരു ടെംപ്ലേറ്റ് സെറ്റ് ചെയ്യപ്പെടാറ്. അതേസമയം അഡോളസെൻസ് വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത്. ക്രൂരമായ കൊലപാതകത്തിന് ജേമി ഉത്തരവാദിയാണെന്നതിന് പോലീസിൻ്റെ കെെയിൽ അനിഷേധ്യമായ തെളിവുകൾ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. അതും സംശയത്തിന് ഇടം നൽകാതെ.

സംവിധായകൻ ഫിലിപ്പ് ബാരൻ്റിനി ഒരു വ്യത്യസ്ഥമായ ചിത്രീകരണ സാങ്കേതികത ഉപയോഗിച്ചത് തന്നെയാണ് അഡോളസെൻസിന്റെ ഹെെലെെറ്റ്. ഓരോ എപ്പിസോഡും ഒരു മണിക്കൂർ തുടർച്ചയായ ഒറ്റ ടേക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം മുമ്പ് ചെയ്ത ബോയിലിംഗ് പോയിൻ്റിൽ (2021) ഉപയോഗിച്ചിരുന്ന അതേ ശൈലി തന്നെയാണ് അഡോളസെൻസിലും ഉപയോ​ഗിച്ചിരിക്കുന്നത്.

placeholder
അഡോളസെൻസില്‍ നിന്നുള്ള രംഗം | Photo: Screengrab/Netflix

ഒരു ക്രെെം ഡ്രാമയെന്നതിലുപരി ഡിജിറ്റൽ യുഗത്തിലെ കുട്ടികളുടെ സങ്കീർണ്ണതകളെ വരച്ചുകാട്ടുന്ന സോഷ്യൽ റിഫ്ലക്ഷൻ കൂടിയാണ് അഡോളസെൻസ്. ജേമിയെപ്പോലുള്ള സാധാരണക്കാരെന്ന് തോന്നുന്ന കുട്ടികൾ ഇത്തരം വിനാശകരമായ പെരുമാറ്റത്തിലേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നതെന്ന് സീരീസ് പരിശോധിക്കുന്നുണ്ട്. വിഷലിപ്തമായ ഓൺലൈൻ കമ്മ്യൂണിറ്റികൾ, യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്ക്, രക്ഷിതാക്കളുടെ മേൽനോട്ടമില്ലാത്ത ഇൻ്റർനെറ്റ് ആക്‌സസിൻ്റെ അപകടങ്ങൾ എന്നിവയിൽ ഈ ഷോ കൃത്യമായ അഭിപ്രായങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്.

പിടിച്ചിരുത്തുന്ന കഥപറച്ചിലിനപ്പുറം സമകാലിക സമൂഹത്തിൻ്റെ പ്രതിഫലനം കൂടിയാണ് അഡോളസെൻസ് പ്രേക്ഷകർക്ക് മുന്നിൽ ചർച്ചയാക്കുന്നത്. രക്ഷാകർതൃത്വം, വിദ്യാഭ്യാസ സമ്പ്രദായം, യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ ഇൻ്റർനെറ്റിൻ്റെ പങ്ക് എന്നിവയെക്കുറിച്ചെല്ലാം ഇത് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

placeholder
അഡോളസെൻസില്‍ നിന്നുള്ള രംഗം | Photo: Screengrab/Netflix

മറ്റ് കഥകളെ പോലെ നാടകീയമായി അവസാനിക്കുന്ന ഒന്നല്ല അഡോളസെൻസ്. പകരം, മകൻ വരുത്തിവെച്ച പ്രശ്നങ്ങളെ നേരിടാനാകാതെ തകർന്നുപോയ മില്ലർ കുടുംബത്തെ നിസ്സഹായരാക്കിക്കൊണ്ടാണ് അവസാനിക്കുന്നത്. ജേമിക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് പോലും പ്രേക്ഷകർക്ക് കാണിച്ചുതരുന്നതുമില്ല. പക്ഷേ അവൻ ഉണ്ടാക്കിയ നാശനഷ്ടങ്ങളും അവൻ അവശേഷിപ്പിച്ച വേദനയും ആ കുടുംബത്തെ വേട്ടയാടുന്നത് പോലെ കാണുന്ന നമ്മളെയും വേട്ടയാടും.

സമീപകാലങ്ങളിലിറങ്ങിയ ഏറ്റവും മികച്ച സീരീസുകളിലൊന്നാണ് അ‍ഡോളസെൻസ്. ഒരു സെൻസേഷണലൈസ്ഡ് ക്രൈം നരേറ്റീവിനപ്പുറം ജുവനൈൽ ക്രെെമിന് പിന്നിലെ ആഴമേറിയ വേദനാജനകമായ യാഥാർത്ഥ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അഡോളസെൻസ് തുറന്നുവെക്കുന്നുണ്ട്. കണ്ടുകഴിഞ്ഞാനും വളരെക്കാലം മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു സീരീസാണിത്. ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന ഒന്ന്. ഒരുപക്ഷേ അതായിരിക്കാം അഡോളസെൻസിനെ മറ്റ് സീരീസുകളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നതും.

In Short | Adolescence, a Netflix limited series, impresses with its single-shot episodes and deep psychological storytelling, serving as a filmmaking masterclass.