ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയുടെ സൗന്ദര്യം ഇനി രാത്രിയിലും ആസ്വദിക്കാം. ഹംപിയിലെ സ്മാരകങ്ങളെ രാത്രിയിൽ പ്രകാശപൂരിതമാക്കുന്ന ‘ഹംപി ബൈ നൈറ്റ്’ മാർച്ച് പകുതിയോടെ ആരംഭിക്കും.

To advertise here,

വിജയനഗര ജില്ലാ ഭരണകൂടമാണ് സ്വകാര്യകമ്പനിയുടെ സഹായത്തോടെ ഇത് നടപ്പാക്കുന്നത്.

ലോക പൈതൃകനഗരമായ ഹംപിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് രാത്രിയിൽ സ്മാരകങ്ങൾ പ്രകാശപൂരിതമാക്കുന്നത്. മാർച്ച് മൂന്നാം വാരത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. നേരത്തേ മാർച്ച് ഒന്നിന് ആരംഭിക്കാൻ ലക്ഷ്യമിട്ടെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.

ഹംപിയിൽ ക്ഷേത്രശില്പകലയെക്കുറിച്ച് നടന്ന അന്താരാഷ്ട്ര സെമിനാറിനോടനുബന്ധിച്ച് വിരൂപാക്ഷ ക്ഷേത്ര പരിസരത്ത് ‘ഹംപി ബൈ നൈറ്റ്’ പരിപാടിയുടെ പരീക്ഷണം നടന്നിരുന്നു.

സ്മാരകത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കന്നഡയിലും ഇംഗ്ലീഷിലും ചെറിയൊരു അവതരണവും ഉണ്ടാകും. ഹംപിയിലെ പ്രധാന ആകർഷണങ്ങളായ വിജയ വിറ്റാല ക്ഷേത്രം, എഡുരു ബസവണ്ണ, മാതംഗ ഹിൽസ് തുടങ്ങിയവയെല്ലാം രാത്രിയിൽ വർണാഭമായ പ്രകാശത്തിൽ ആസ്വദിക്കാം. നിലവിൽ ഹംപിയിലെ സ്മാരകങ്ങളിൽ വൈകീട്ട് ആറു വരെയാണ് പ്രവേശനം.