വര്‍ഷങ്ങള്‍ പഴക്കമുള്ള പെയ്ന്റിങ്ങുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഇത്തരം വിലമതിക്കാനാകാത്ത പെയ്ന്റിങ്ങുകള്‍ കാണാന്‍ ഒട്ടേറെപ്പേര്‍ എത്താറുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ 300 വര്‍ഷം പഴക്കമുള്ള ഒരു പെയ്ന്റിങ്ങിന് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. ഇറ്റലിയിലെ ഫ്‌ളോറന്‍സിലെ പ്രശസ്തമായ ഉഫിസി ഗാലറിയിലാണ് സംഭവം.

To advertise here,

1712-ല്‍ ആന്റണ്‍ ഡൊമെനിക്കോ ഗബ്ബിയാനി വരച്ച ടസ്‌കന്‍ രാജകുമാരന്‍ ഫെര്‍ഡിനാന്‍ഡോ ഡി മെഡിസിയുടെ ചിത്രത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. 'ഫ്‌ളോറന്‍സും യൂറോപ്പും: പതിനെട്ടാം നൂറ്റാണ്ടിലെ കലകള്‍' എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഈ പെയ്ന്റിങ് പ്രദര്‍ശിപ്പിച്ചിരുന്നത്. സെല്‍ഫി എടുക്കാനായി സന്ദര്‍ശകന്‍ ഇതിലേക്ക് ചാഞ്ഞതോടെ പിന്നോട്ട് വീഴുകയും പെയ്ന്റിങ്ങിന്റെ കാന്‍വാസ് കീറിപ്പോകുകയുമായിരുന്നു. 

കേടുപാടുകള്‍ പെട്ടെന്ന് നന്നാക്കാന്‍ കഴിയുമെന്നും ഭാവിയില്‍ സന്ദര്‍ശകരുടെ പെരുമാറ്റത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉഫിസി ഗാലറി ഡയറക്ടര്‍ സിമോണ്‍ വെര്‍ഡെ ബിബിസിയോട് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ മീമുകള്‍ ഉണ്ടാക്കാനായി സെല്‍ഫികള്‍ എടുക്കാന്‍ വരുന്ന സന്ദര്‍ശകരുടെ എണ്ണം  കൂടിയിട്ടുണ്ടെന്നും ഇവര്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉഫിസി ഗാലറി പുതിയ നടപടികള്‍ സ്വീകരിക്കും. സാംസ്‌കാരിക പൈതൃകം ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം മുന്‍നിര്‍ത്തിയുള്ളതാകും ഈ നടപടികള്‍. 

സന്ദര്‍ശകനെ പോലീസ് തിരിച്ചറിഞ്ഞതായും ജുഡീഷ്യല്‍ അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായും ഗാലറി അധികൃതര്‍ അറിയിച്ചു. നേരത്തെ വാന്‍ ഗോഗിന്റെ ഒരു കസേരയ്ക്കും ഇതുപോലെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒരു സന്ദര്‍ശകന്‍ കസേരയില്‍ ഇരുന്നപ്പോള്‍ അയാളുടെ ഭാരം താങ്ങാനാവാതെ കസേരയുടെ കാലുകള്‍ ഒടിയുകയായിരുന്നു.