ലോകം ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും സ്വപ്ന നഗരങ്ങളിലൊന്നാണ് വെനീസ്. ജലനഗരമെന്നറിയപ്പെടുന്ന വെനീസില്‍ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും എത്താറുള്ളത്. ഇത് ഒരു ഘട്ടം കഴിഞ്ഞതോടെ അമിത ടൂറിസത്തിനും കാരണമായി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ജനജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെ വെനീസ് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വലിയ സംഘങ്ങളായി എത്തുന്ന വിനോദസഞ്ചാരികളെ ഇനി നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണ് വെനീസ് അധികൃതര്‍.
25പേരില്‍ കുറവുള്ളവ സംഘങ്ങള്‍ക്ക് മാത്രമാണ് ഇനി പ്രവേശനം അനുവദിക്കുക. അതോടൊപ്പം ടൂര്‍ ഗൈഡുമാര്‍ നഗരത്തിലൂടെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നഗരത്തിലെ ജനത്തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങള്‍. അമിതമായ സഞ്ചാരി പ്രവാഹം ഏറെ പൗരാണിക പ്രാധാന്യമുള്ള നഗരത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന ആശങ്കയെ തുടര്‍ന്നാണ് ഇത്ര കര്‍ശനമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
നഗരത്തിലെ ഇടുങ്ങിയ തെരുവുകളിലും വഴികളിലുമെല്ലാം നൂറുകണക്കിന് സഞ്ചാരികള്‍ തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെനീസിലെ കെട്ടിടങ്ങള്‍ക്കും ലോലമായ പരിസ്ഥിതിയും അമിത ടൂറിസത്താല്‍ ഇല്ലാതാവുകയാണെന്ന ആശങ്കകള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. പുതിയ നിയമങ്ങള്‍ വെനീസ് സമീപത്തെ ദ്വീപുകള്‍ക്കും ബാധകമാണ്.
ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ വരെ പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ രാജ്യത്തുള്ള സഞ്ചാരികള്‍ക്ക് തല്‍ക്കാലത്തേക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വൈകാതെ ഇത് കര്‍ശനമാക്കി നടപ്പിലാക്കാനാണ് തീരുമാനം. നേരത്തെ അമിത ടൂറിസത്തെ നേരിടാനായി വെനീസില്‍ പ്രവേശിക്കുന്നതിന് സഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഈ രീതി തുടരാനാണ് അധികൃതുരുടെ തീരുമാനം.
ഇറ്റലിയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 412 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പട്ടണമാണ് വെനീസ്. റോമാ സാമ്രാജ്യത്തില്‍നിന്ന് രക്ഷപ്പെട്ട് ദ്വീപുകളില്‍ അഭയംതേടിയവരാണ് വെനീസിലെ പൂര്‍വികര്‍. ഇവര്‍ നിര്‍മിച്ചതാണ് ഇവിടത്തെ കനാലുകളില്‍ ഭൂരിഭാഗവും. വെനീസിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒഴുകുന്ന നഗരമെന്നും മുങ്ങുന്ന നഗരമെന്നും വിളിപ്പേരുണ്ട്. കായലിനു നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ് വെനീസ് എന്നും വേണമെങ്കില്‍ വെനീസിനെ വിശേഷിപ്പിക്കാം.
അടുത്തടുത്തുനില്‍ക്കുന്ന 118 ദ്വീപുകള്‍ ഇവിടെയുണ്ട്. അതിനുചുറ്റുമായി 177 കനാലുകളും. വെനീസില്‍ റോഡുകള്‍ കാണാനേ സാധിക്കില്ല. ഒരു ദ്വീപില്‍നിന്ന് മറ്റൊന്നിലേക്കു പോകാന്‍ വള്ളങ്ങളാണ് ആശ്രയം. ചില ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളുമുണ്ട്. ഗൊണ്ടോള എന്നറിയപ്പെടുന്ന വള്ളങ്ങളില്‍ കയറിയാണ് സഞ്ചാരികള്‍ വെനീസ് ചുറ്റിക്കാണുക.
Content Highlights: Venice to cap tourist group sizes at 25 to combat overcrowding
Published: 02 Aug 2024, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented