യാത്രയെ പ്രേമിക്കുന്ന ഏതൊരാളുടേയും ബക്കറ്റ് ലിസ്റ്റില്‍ ഉറപ്പായും ഉണ്ടാവുന്ന ഒന്നാണ് വെനീസിലെ ഗോന്‍ഡല റൈഡ്. അതിമനോഹരമായ വെനീസ് നഗരത്തിലെ ജലപാതയിലൂടെയുളള ഗോന്‍ഡല യാത്ര സ്വപ്‌നം കണ്ടിരിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ അടുത്തൊന്നും അത് നടക്കില്ലെന്നാണ് വെനീസില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ പറയുന്നത്. കാരണം വെനീസ് നഗരത്തിലെ ചെറുതും പ്രധാനപ്പെട്ടതുമായ ചില ജലപാതകളെല്ലാം വറ്റി വരണ്ടിരിക്കുകയാണത്രേ. 

To advertise here,

ഇറ്റലിയില്‍ സമീപകാലത്തുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കനാലുകള്‍ വറ്റിവരണ്ടതോടെ വെനീസിലെ വിനോദ സഞ്ചാരവും പ്രതിസന്ധിയിലായിരിക്കുകയാണ്. വെനീസിലെ പല പ്രധാന തടാകങ്ങളും ഇത്തരത്തില്‍ വറ്റി വരണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

placeholder
Venice
Photo: AFP

2019 ല്‍ വലിയ വെള്ളപ്പെക്കത്തില്‍ വെനീസ് നഗരം മുങ്ങി ഏതാനും വര്‍ഷങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ സാഹചര്യം ഉണ്ടായിരിക്കുന്നത്. കാര്യമായി വലിയ റോഡുകള്‍ ഇല്ലാത്ത ഈ നഗരത്തിന്റെ പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ കൂടിയാണ് ഈ കനാലുകള്‍. നഗരവാസികളും ടൂറിസ്റ്റുകളും നഗരത്തിലൂടെ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നത് ഗോന്‍ഡലകളെയാണ്. കേവലം യാത്രാ-വിനോദ സഞ്ചാര ഉപാദി എന്നതിനപ്പുറം വെനീസ് നഗരത്തിന്റെ ഹൃദയമായി പ്രവര്‍ത്തിക്കുന്നത് ഈ കനാലുകളാണ്. അതിനാല്‍ തന്നെ കനാലുകളെ ഇപ്പോഴത്തെ അവസ്ഥ വെനീസ് നഗരത്തെയാകെ ബാധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എല്ലാ കനാലുകളും ഇത്തരത്തില്‍ വറ്റിയിട്ടില്ലെന്നും ചില പ്രധാന കനാലുകളില്‍ സര്‍വീസ് നടക്കുന്നുണ്ടെന്നുമാണ് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

placeholder
Venice
Photo: AFP

വെനീസിലെ ഗോന്‍ഡല യാത്ര

ജലമാര്‍ഗമുള്ള ഗോന്‍ഡല യാത്ര ഒരു മാന്ത്രിക അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുക. അത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളുള്ള തിരക്കേറിയ ഒരു മനോഹര നഗരത്തിനുള്ളിലൂടെയാവുമ്പോഴോ. മരത്തടികളില്‍ എഴുന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ നിറഞ്ഞ വെനീസിലെ പ്രധാന ഗതാഗതമാര്‍ഗം ജലപാതകളാണ്. ഇടുങ്ങിയ കനാലുകളിലൂടെ യാത്ര തുടങ്ങുന്ന നിമിഷം തന്നെ ഇരുവശവുമുള്ള കെട്ടിടങ്ങള്‍ നമ്മെ ഞെട്ടിച്ചു കളയും. പഴമയ്ക്ക് പ്രധാന്യം നല്‍കുന്ന ഈ നഗരത്തിലെ ഓരോ സ്മാരകങ്ങളും പരമ്പരാഗത കലാവാസ്തു ചാതുരിയുടെ മകുടോദാഹരണങ്ങളാണ്. നിരവധി ചെറുപാലങ്ങള്‍ കടന്നുള്ള  യാത്രയില്‍ വെനീസ് നഗരത്തെ വേറിട്ടൊരു വീക്ഷണകോണിലൂടെ കാണാം.

നിരനിരയായി കിടക്കുന്ന ഗോന്‍ഡലകളും ഒരു ഗംഭീര കാഴ്ചയാണ്. വെനീസ് നഗരത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് 'ഗോന്‍ഡല' അഥവാ കളിവള്ളം. വെനീസില്‍ ഏകദേശം 550ഓളം ഗോന്‍ഡലകളുണ്ടെന്നാണ് പറയുന്നത്. പണ്ടുകാലത്ത് വെനീസുകാരുടെ പ്രധാന ഗതാഗത സംവിധാനമായിരുന്നു ഇവ. 350ഓളം മരക്കഷ്ണങ്ങള്‍ ചേര്‍ത്താണ് ഒരു വള്ളം നിര്‍മിക്കുന്നത്. ഏകദേശം 600 കിലോയോളം ഭാരം വരും ഒരു കളിവള്ളത്തിന്. നേര്‍ത്ത് നീണ്ട ആകൃതിയിലുള്ള ഈ കളിവള്ളങ്ങളെല്ലാം കറുപ്പ് നിറത്തിലാണ്. ഇരിപ്പിടങ്ങള്‍ മനോഹരമായി അലങ്കരിച്ചിരിക്കും. ഒരു ഗാന്‍ഡലയില്‍ ആറുപേര്‍ക്കിരിക്കാം. ഒറ്റപങ്കായം കൊണ്ടാണ് തുഴച്ചില്‍. തുഴച്ചില്‍കാരനെ 'ഗന്‍ഡെലിയര്‍'(gondolier)എന്നാണ് പറയുക. തോണിയുടെ ബാലന്‍സ് നിയന്ത്രിക്കുന്നതിന് വേണ്ടി ഗന്‍ഡേലിയറുടെ നിര്‍ദേശമനുസരിച്ചാണ് സീറ്റുകള്‍ ക്രമീകരിക്കുക. 

വൃത്തിയുള്ള ജലപാതകളാണ് മറ്റൊരാകര്‍ഷണം. ഏതൊരുസഞ്ചാരിയേയും അതാകര്‍ഷിക്കും. ഇരുവശങ്ങളിലും വീടുകള്‍ നിറഞ്ഞ ജലപാതകളിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഒരിടത്തുപോലും ജലത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കാണാന്‍ കഴിഞ്ഞില്ല. പിസയുടെ സ്വന്തം നാട്ടിലെ വെനീസ് അല്പം ആഡംബരം നിറഞ്ഞ നഗരമാണ്. ജലപാതകളുടെ ഇരുവശത്തുമായി കുറെ റെസ്റ്റോറന്റുകള്‍ കാണാം. ഈ ഗോന്‍ഡല സഞ്ചാരത്തിലൂടെയാണ് തെരുവുകള്‍ക്ക് പകരം കനാലുകളിലൂടെ സഞ്ചരിക്കുന്ന നഗരത്തെ നാം തിരിച്ചറിയുക.