തേജസ്, രാജധാനി വണ്ടികള്‍ക്ക് സമാനമായ ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക.

ചെന്നൈ: യാത്രക്കാര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ വണ്ടിയുടെ ഉദ്ഘാടനം ഡിസംബര്‍ അവസാനത്തോടെയുണ്ടാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ സര്‍വീസ് ഡല്‍ഹിക്കും പട്നയ്ക്കുമിടയിലാകും. രണ്ടു നഗരങ്ങളെയും ബന്ധിപ്പിച്ചുള്ള രാത്രികാല സര്‍വീസാണ് നടത്തുക.
തേജസ്, രാജധാനി വണ്ടികള്‍ക്ക് സമാനമായ ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. ഇതിനായുള്ള കോച്ചുകള്‍ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിലാണ്(ബെമല്‍) നിര്‍മിച്ചത്. 16 കോച്ചുകളുള്ള രണ്ട് വണ്ടികള്‍ ബെമല്‍ ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹി-പട്ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തും.
തുടര്‍ന്ന് റെയില്‍വേ സേഫ്റ്റി കമ്മിഷണറുടെ സാന്നിധ്യത്തിലും പരീക്ഷണയോട്ടം നടത്തും. ഇത് വിജയകരമായാല്‍ ഡിസംബര്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 16 കോച്ചുകളിലായി 827 പേര്‍ക്ക് യാത്ര ചെയ്യാം. 11 തേര്‍ഡ് എസി കോച്ചുകളില്‍ 611 ബെര്‍ത്തുകളും നാല് സെക്കന്‍ഡ് എസി കോച്ചുകളില്‍ 188 ബെര്‍ത്തുകളും ഒരു ഫസ്റ്റ് എസി കോച്ചില്‍ 24 ബെര്ത്തുകളുമാണുണ്ടാകുക.
ഓട്ടമാറ്റിക് വാതിലുകള്‍, സിസിടിവികള്‍, ഓരോ ബെര്ത്തുകളിലുമുള്ളവര്ക്കായി പ്രത്യേകം ലൈറ്റുകള്‍, തീവണ്ടികള്‍ പരസ്പരം കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സംവിധാനം എന്നിവയുണ്ടാകും. പരമാവധി 160-180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും.
ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. കൂടുതല്‍ വന്ദേഭാരത് സ്ലീപ്പര്വണ്ടികള് ബെമലില്‍നിന്ന് പുറത്തിറങ്ങിയാല്‍ മുംബൈ-പട്ന, ബെംഗളൂരു-പട്ന റൂട്ടുകളില്‍ ഓടിക്കും. ദീര്‍ഘദൂര റൂട്ടുകളില്‍ സുഖപ്രദമായ രാത്രികാല യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. പകല്‍ സമയങ്ങളിലെ വന്ദേഭാരത് വണ്ടികള്‍ യാത്രക്കാര്‍ക്കിടയില്‍ വന്‍ഹിറ്റായിരുന്നു. തുടര്‍ന്നാണ് 2022-ല്‍ വന്ദേഭാരത് സ്ലീപ്പര്‍ നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
Content Highlights: ndia`s Vande Bharat Sleeper train set for December launch! Modern amenities, high speed, and comfortable overnight journeys on the Delhi-Patna route. Book your tickets
Published: 11 Dec 2025, 08:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented