പുലര്‍ച്ചെ 12:28-നുതന്നെ പിഎന്‍ആര്‍ നമ്പറും കോച്ചിന്റെയും സീറ്റിന്റെയും വിവരങ്ങളും നല്‍കി റെയില്‍മദദ് വെബ്‌സൈറ്റില്‍ പരാതി നല്‍കി. തുടര്‍ന്നാണ് അതിശയിപ്പിക്കുന്ന വേഗത്തില്‍ കാര്യങ്ങള്‍ നടന്നത്.

1. വന്ദേഭാരത് ട്രെയിന്‍ 2. പ്രതീകാത്മകചിത്രം | Photo - PTI, AI
ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമത എത്രകണ്ട് വര്‍ധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി ചെന്നൈ സ്വദേശിയായ ന്യൂറോ സര്‍ജന്‍. വന്ദേഭാരത് ട്രെയിനില്‍ തന്റെ വാച്ച് മറന്നുവെച്ചുവെങ്കിലും വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ റെയില്‍വെ അധികൃതര്‍ക്ക് കൈമാറി 40 മിനിട്ടിനുള്ളില്‍ വാച്ച് തിരിച്ചുകിട്ടിയെന്ന് അദ്ദേഹം പറയുന്നു. അതിശയകരമായ പ്രതികരണമാണ് ബന്ധപ്പെട്ടവരില്‍നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. അര്‍ധരാത്രിക്ക് ശേഷം നല്‍കിയ പരാതിയില്‍ അതിവേഗം പ്രതികരിച്ച സതേണ്‍ റെയില്‍വേയെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും (ആര്‍പിഎഫ്) പ്രശംസിക്കുന്നതാണ് ഡോക്ടറുടെ കുറിപ്പ്.
ഒക്ടോബര്‍ 17-നാണ് സംഭവം നടന്നത്. വന്ദേ ഭാരത് എക്‌സ്പ്രസില്‍ സഞ്ചരിച്ച അദ്ദേഹം ചെന്നൈ എഗ്മൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് വാച്ച് ട്രെയിനില്‍ മറന്നുവെച്ചകാര്യം ഓര്‍ക്കുന്നത്. ഇതോടെ പുലര്‍ച്ചെ 12:28-നുതന്നെ പിഎന്‍ആര്‍ നമ്പറും കോച്ചിന്റെയും സീറ്റിന്റെയും വിവരങ്ങളും നല്‍കി അദ്ദേഹം റെയില്‍മദദ് വെബ്‌സൈറ്റില്‍ പരാതി നല്‍കി. തുടര്‍ന്നാണ് അതിശയിപ്പിക്കുന്ന വേഗത്തില്‍ കാര്യങ്ങള്‍ നടന്നത്. 40 മിനിറ്റിനുള്ളില്‍ അദ്ദേഹത്തിന്റെ വാച്ച് കണ്ടെത്തി. നടന്ന സംഭവങ്ങളുടെ വിശദമായ സമയക്രമം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
- പുലര്‍ച്ചെ 12:31 - പരാതി സ്ഥിരീകരിച്ചുകൊണ്ട് റെയില്‍വേ ഹെല്‍പ്പ്ലൈനില്‍ നിന്ന് ഫോണ്‍ കോള്‍ വരുന്നു.
- 12:34 - റെയില്‍വേ ഹെല്‍പ്പ്ലൈനില്‍ നിന്ന് ഒരു എസ്എംഎസ് ലഭിക്കുന്നു.
- 12:49 - ട്രെയിന്‍ യാര്‍ഡിലേക്ക് പോയെന്നും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് ആര്‍പിഎഫില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു.
- 01:12 - അദ്ദേഹത്തിന്റെ വാച്ചിന്റെ രണ്ട് ഫോട്ടോകളുള്ള ഒരു വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.
- 01:13- ഒരു വാച്ച് കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ടും അത് അദ്ദേഹത്തിന്റേതാണോ എന്ന് ഉറപ്പാക്കാനുമായി ആര്‍പിഎഫില്‍ നിന്ന് രണ്ടാമത്തെ ഫോണ്‍ കോള്‍ വന്നു.
അര്‍ദ്ധരാത്രിക്ക് ശേഷം നല്‍കിയ പരാതിയില്‍ അതിവേഗം പ്രതികരിച്ച ദക്ഷിണ റെയില്‍വേയെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും (ആര്‍പിഎഫ്) പ്രശംസിച്ചുകൊണ്ട് ഡോക്ടര്‍ കുറിച്ചത് ഇങ്ങനെ: 'ഇത് അതിശയകരമായ പ്രവര്‍ത്തനമാണ്. സത്യം പറഞ്ഞാല്‍, അതൊരു പരാതി പോലും ആയിരുന്നില്ല. റെയില്‍വേയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ട്രെയിനില്‍ വാച്ച് മറന്നു വെച്ചത് എന്റെ തെറ്റാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായില്ലെങ്കിലും അര്‍ധരാത്രിയില്‍ ഇന്റര്‍നെറ്റിലൂടെ നല്‍കിയ പരാതിക്ക് 40 മിനിറ്റിനുള്ളില്‍ പരിഹാരം കാണാന്‍ ഒരു ഡസനോളം ജീവനക്കാര്‍ പ്രവര്‍ത്തിച്ചു. ഇന്ന് രാവിലെ ഞാന്‍ സ്റ്റേഷനില്‍ പോയി വാച്ച് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും ടിക്കറ്റിന്റെയും ആധാറിന്റെയും ഫോട്ടോ കോപ്പികളും നല്‍കി. രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം എന്റെ വാച്ച് തിരികെ വാങ്ങി.'
ഈ പോസ്റ്റിന് മറുപടിയായി സതേണ്‍ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ഇങ്ങനെ കുറിച്ചു, 'ഡോ. @spinesurgeon, നിങ്ങളുടെ അനുഭവം പങ്കുവെച്ചതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു! ഞങ്ങളുടെ ആര്‍പിഎഫ്, റെയില്‍മദദ് ടീമുകള്‍ക്ക് നിങ്ങളുടെ വാച്ച് ഇത്ര വേഗത്തില്‍ തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ വിശ്വാസവും അഭിനന്ദനവും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ ഞങ്ങളുടെ ജീവനക്കാര്‍ക്ക് പ്രചോദനമാണ്.'
Content Highlights: A neurosurgeon lost his watch on a Vande Bharat train but recovered it within 40 minutes after filing a complaint via RailMadad. Praises quick response from Southern Railways & RPF.
Published: 19 Oct 2025, 08:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented