
സാഹസികയാത്രകള്‍ നടത്തുന്നവര്‍ വഴിതെറ്റി കുടുങ്ങിപ്പോകുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അങ്ങനെ വഴിതെറ്റിപ്പോകുന്നവര്‍ ഏതെങ്കിലും തരത്തില്‍ പുറംലോകവുമായി ബന്ധപ്പെടുകയും രക്ഷാപ്രവര്‍ത്തകര്‍ എത്തി അവരെ തിരികെയെത്തിക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ മഞ്ഞുമലയില്‍ വഴിതെറ്റിപ്പോയ യുവാവിന് രക്ഷകനായത് ഒരു തെരുവുനായയാണ്.
അങ്ങ് പെറുവിലാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തിലുള്ള മലനിരകളിലാണ് യുവാവ് കുടുങ്ങിയത്. എങ്ങോട്ട് പോകണമെന്ന് യാതൊരു നിശ്ചയവുമില്ലാതെ നില്‍ക്കുമ്പോഴാണ് അവിചാരിതമായി ഒരു തെരുവുനായയെ അവിടെ കാണുന്നത്. നായയെ കണ്ട് അമ്പരന്ന യുവാവ്, 'ഹേയ്, നീ എന്താണ് ഇവിടെ ചെയ്യുന്നത്? നീഎങ്ങനെ ഇവിടെ എത്തിപ്പെട്ടു?' എന്ന് ചോദിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുവാവ് തന്നെയാണ് പുറത്തുവിട്ടത്.
മുന്നിലോടിയ നായയുടെ പിന്നാലെ നടന്നുനീങ്ങാന്‍ യുവാവ് തീരുമാനിച്ചു. ഇടയ്ക്ക് നായ കാഴ്ചയില്‍ നിന്ന് മറഞ്ഞെങ്കിലും മുന്നോട്ട് വീണ്ടും നടന്നപ്പോള്‍ യുവാവിന് നായയെ വീണ്ടും കാണാന്‍ കഴിഞ്ഞു. ഒടുവില്‍ നായയെ പിന്തുടര്‍ന്ന് പോയ യുവാവ് ഒരു സൈന്‍ ബോര്‍ഡിന് സമീപം എത്തുകയായിരുന്നു. 'ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷവാന്മാരാണ്' എന്നാണ് ക്യാമ്പിലേക്ക് പോകുന്നതിന് മുമ്പായി യുവാവ് വീഡിയോയില്‍ പറയുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ ഉടന്‍ വൈറലായി. നിരവധി പേരാണ് വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തത്. ഒരിക്കല്‍ റഷ്യയില്‍ വെച്ച് സമാനമായ അനുഭവം തനിക്കും ഉണ്ടായി എന്നാണ് ഒരാള്‍ കമന്റിട്ടത്. വന്യമായ ഇത്തരം പ്രദേശങ്ങളില്‍ പോലും നിങ്ങള്‍ക്ക് ആത്മാര്‍ഥത കാണാന്‍ കഴിയും എന്നാണ് മറ്റൊരു കമന്റ്.
Content Highlights: Hiker Gets Lost 15,000 Ft Up In Snow-Decked Mountain, Stray Dog Guides Him Back
Published: 20 Nov 2024, 05:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented