ലോക്ക്ഡൗണിന് ശേഷം ശ്രീലങ്ക ടൂറിസം രംഗത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ മുന്നോടിയായി ഓഗസ്റ്റ് മാസത്തിൽ എല്ലാ സഞ്ചാരകേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കുമെന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷൻ ബ്യൂറോ (SLTPB) അറിയിച്ചു.

To advertise here,

രാജ്യത്തിനകത്തുള്ളവർക്കും പുറത്തുനിന്നുള്ള സഞ്ചാരികൾക്കും ഒരുപോലെ സഞ്ചാരകേന്ദ്രങ്ങളിൽ പോകാം, പക്ഷേ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ചെറിയ ഗ്രൂപ്പുകളായാണ് ഓരോ ഇടത്തും സഞ്ചാരികളെ കടത്തി വിടുക എന്ന് ശ്രീലങ്ക ടൂറിസം പ്രൊമോഷൻ ബ്യൂറോ ചെയർപെഴ്സൺ കിമാലി ഫെർണാണ്ടോ വ്യക്തമാക്കി.

ജൂൺ അവസാനത്തോടെ മിക്ക സഞ്ചാരകേന്ദ്രങ്ങളും തുറക്കുമെങ്കിലും വിദേശികളെ ഓഗസ്റ്റ് മാസത്തോടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ മാത്രമേ തങ്ങാനാകുകയുള്ളൂ. വിദേശികൾ കോവിഡ് രോഗമില്ല എന്ന്‌ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അതോടൊപ്പം എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ കോവിഡ് 19 പരിശോധനയ്ക്കും വിധേയരാകണം.

പൊതുഗതാഗതസൗകര്യമില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണമെന്നും ഹോട്ടൽ മുഖാന്തരം അത്തരം കാര്യങ്ങൾ ചെയ്യണമെന്നും സഞ്ചാരികൾക്ക് നിർദേശമുണ്ട്.

Content Highlights: Sri Lanka to open for tourism from august with safety guidelines