ന്ത്യയിലെ മിക്ക യാത്രക്കാരും വന്ദേ ഭാരത് എക്സ്പ്രസിലെ യാത്ര കൊതിക്കുന്നവരാണ്. ആധുനിക ഡിസൈൻ, സുഖസൗകര്യങ്ങൾ, നൂതന സാങ്കേതികവിദ്യ എന്നിവയ്ക്ക് പേരുകേട്ട ഈ ട്രെയിൻ യാത്രക്കാർക്കിടയിൽ വളരെ പെട്ടെന്നാണ് ജനപ്രിയമായത്. എന്നാൽ ഇത്തരം ട്രെയിനുകൾ യഥാർഥത്തിൽ എവിടെയാണ് നിർമിക്കുന്നതെന്നോ നിർമാണ രീതികൾ എന്തെല്ലാമാണെന്നോ മിക്കവർക്കും അറിയില്ല.

To advertise here,

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലെ അപൂർവ കാഴ്ചകൾ ഇതിനുള്ള ഉത്തരം നൽകുന്നു. വലിയ ട്രെയിൻ നിർമാണ ഫാക്ടറിക്കുള്ളിൽ റെയിൽവേ കോച്ചുകൾ എങ്ങനെ കൂട്ടിച്ചേർക്കുന്നു എന്ന് ഇത് കാണിക്കുന്നു. ഈ ക്ലിപ്പ് ഓൺ‌ലൈനിൽ വ്യാപകമായ ആകാംഷയ്ക്കും ചർച്ചയ്ക്കും തിരികൊളുത്തിയിട്ടുണ്ട്.

@karannzzz എന്ന പേരിലുള്ള ഒരു ഉപയോക്താവാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ക്ലിപ്പിൽ, നിർമാണ കേന്ദ്രത്തിനുള്ളിലേക്ക് ഇദ്ദേഹം പ്രേക്ഷകരെ കൊണ്ടുപോകുന്നു. സ്ഥലം പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറയുന്നു, "നിങ്ങൾ വന്ദേ ഭാരത് പോലുള്ള ട്രെയിനുകളിൽ യാത്ര ചെയ്തിരിക്കാം. പക്ഷേ ഇന്ന് ഞാൻ അവ എവിടെ നിർമിക്കുന്നു എന്ന് കാണിച്ചുതരാം. വരൂ, നോക്കൂ." പിന്നീട് വീഡിയോയിൽ ഫാക്ടറിക്കുള്ളിൽ ട്രെയിൻ കോച്ച് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിക്കുന്നു.

വലിയ വർക്ക്‌ഷോപ്പിനുള്ളിൽ ട്രാക്കുകളിൽ ഒരു റെയിൽവേ കോച്ച് നിൽക്കുന്നത് കാണാം. ഒരു തൊഴിലാളി കോച്ചിന് താഴെ ഇരിക്കുകയും അതിന്റെ മെക്കാനിക്കൽ ഭാഗങ്ങളിലും ഫിറ്റിംഗുകളിലും ശ്രദ്ധയോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.

സേവനത്തിന് തയ്യാറാകുന്നതിന് മുൻപ് ഓരോ കോച്ചും കൂട്ടിച്ചേർക്കുന്നതിലെ വിശദമായ സാങ്കേതിക ജോലികൾ ഇവിടെ എടുത്തുകാണിക്കുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു കോച്ചിന്റെ ഉൾവശവും വീഡിയോയിലുണ്ട്. സീറ്റുകളും പാനലുകളും ഒന്നുമില്ലാതെ നീളമുള്ള ഒരു ലോഹഭാഗം മാത്രമായി കോച്ച് കാണാം.

ലോഹ ബീമുകൾ, ഫ്ലോർ ഘടനകൾ, മറ്റ് ഘടനാപരമായ ഭാഗങ്ങൾ എന്നിവ വീഡിയോയിലുണ്ട്. ഇത് കോച്ച് നിർമാണത്തിന്റെ ആദ്യ ഘട്ടങ്ങളിലാണെന്ന് സൂചിപ്പിക്കുന്നു. വീഡിയോയുടെ മറ്റൊരു ഭാഗത്ത്, ട്രാക്കിൽ നിർത്തിരിക്കുന്ന ഒരു കോച്ചിന്റെ പിൻഭാഗം കാണിക്കുന്നു. ക്ലിപ്പിന്റെ അവസാനം, ഫാക്ടറിയിൽ നിർമാണം പൂർത്തിയായ ഒരു വന്ദേഭാരത് എക്പ്രസിനെയാണ് ക്യാമറ പകർത്തിയിരിക്കുന്നത്.

അതേസമയം, വീഡിയോയോടൊപ്പമുള്ള അടിക്കുറിപ്പിൽ സ്ഥലം ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ആണെന്ന് വെളിപ്പെടുത്തുന്നു. "ഇന്ത്യൻ ട്രെയിനുകൾ ഇവിടെയാണ് നിർമ്മിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള ട്രെയിനുകൾ നിർമിക്കുന്ന ചെന്നൈയിലെ ICF കാണാൻ ഒരു പ്രത്യേക അവസരം ലഭിച്ചു. ട്രെയിനുകൾ, കാറുകൾ, ബൈക്കുകൾ അല്ലെങ്കിൽ വിമാനങ്ങൾ നിർമിക്കുന്ന സ്ഥലം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?"ലോകത്തിലെ ഏറ്റവും വലിയ റെയിൽ കോച്ച് നിർമ്മാണ സൗകര്യമാണ് ICF’’ എന്നും പോസ്റ്റിൽ പറയുന്നു.

വീഡിയോ വൈറലായതോടെ വലിയ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്. സാധാരണക്കാർക്ക് ഫാക്ടറിയിൽ പ്രവേശിക്കാൻ അനുവാദമുണ്ടോ എന്നായിരുന്നു പലരുടെയും ചോദ്യവും സംശയവും. ചോദ്യങ്ങൾക്കൊപ്പം, നിരവധി ഉപയോക്താക്കൾ റെയിൽവേ സംവിധാനത്തെയും ഫാക്ടറിയിലെ ജോലിയെയും പ്രശംസിച്ചു. എന്തുതന്നെ ആയാലും, വൈറൽ ക്ലിപ്പ് ട്രെയിൻ പ്രേമികളെ ആകർഷിക്കുക മാത്രമല്ല, ഇന്ത്യയുടെ ആധുനിക റെയിൽവേ കോച്ചുകൾ നിർമിക്കുന്നതിനു പിന്നിലെ വൻ വ്യാവസായിക പ്രക്രിയയെക്കുറിച്ച് പലർക്കും ആദ്യമായി ഒരു കാഴ്ച നൽകുകയും ചെയ്തു.