മാര്‍ച്ച് 13-ന് ആരംഭിച്ച ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് സര്‍വീസ് ഇതുവരെയുണ്ടാക്കിയ വരുമാനം 55.13 ലക്ഷം രൂപ. അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പാണ് സീ അഷ്ടമുടി എന്ന പേരില്‍ ബോട്ട് സര്‍വീസ് തുടങ്ങിയത്. ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് വിരലിലെണ്ണാവുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത്. 

To advertise here,

13,347 സഞ്ചാരികള്‍ കായല്‍സൗന്ദര്യം ആസ്വദിച്ച് മടങ്ങിയതായി ജലഗതാഗതവകുപ്പ് കൊല്ലം സ്റ്റേഷന്‍ മാസ്റ്റര്‍ വി.എ.സലിം പറഞ്ഞു. ദിവസവും പകല്‍ 11.30-ന് കൊല്ലം ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെടുന്ന സര്‍വീസ് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട് ജെട്ടിവഴി കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തും.

സഞ്ചാരികള്‍ക്ക് സാമ്പ്രാണിത്തുരുത്തിലിറങ്ങി കായല്‍ക്കാഴ്ചകള്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വൈകിട്ട് 4.30 ഓടെ കൊല്ലത്ത് തിരിച്ചെത്തും. അഞ്ചുമണിക്കൂര്‍ കായല്‍ത്രയ്ക്ക് ഒരാള്‍ക്ക് താഴത്തെനിലയില്‍ 400 രൂപയും മുകളിലത്തെ നിലയില്‍ 500 രൂപയുമാണ്‌ നിരക്ക്. കുറഞ്ഞ നിരക്കില്‍ കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും ബോട്ടില്‍ ലഭിക്കും. കുട്ടികള്‍ക്ക് നിരക്കില്‍ കുറവുമുണ്ട്. 

സീ അഷ്ടമുടി ബോട്ട് യാത്രയ്ക്ക് 9400050390 എന്ന നമ്പറില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1.9 കോടിയോളം ചെലവാക്കി ആധുനിക സൗകര്യങ്ങളോടെയാണ് സീ അഷ്ടമുടി ബോട്ടിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ബോട്ട് സര്‍വീസിനുകൂടി സാധ്യതയും പരിഗണിക്കുന്നുണ്ട്‌.

താഴത്തെനിലയില്‍ 60 മുകളില്‍ 30 എന്നിങ്ങനെയാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുകള്‍നിലയില്‍നിന്ന് കായല്‍സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. രണ്ടുനിലകളിലും പ്രകൃതിസൗഹൃദ ശൗചാലയങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളില്‍നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കായല്‍യാത്രയ്ക്ക് അധ്യാപകരോടൊപ്പം കൊല്ലത്ത് എത്തുന്നത്.