അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഈമാസം 29 മുതലാണ് അമര്‍നാഥ് ദര്‍ശനം ആരംഭിക്കുന്നത്.
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ സുരക്ഷാക്രമീകരണങ്ങള്‍ എ.ഡി.ജി.പി. ആനന്ദ് ജെയിന്‍ അവലോകനംചെയ്തു. തീര്‍ഥാടനം തടസ്സപ്പെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തടയും. യാത്രയെ പിന്തുണയ്ക്കാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അമര്‍നാഥ് യാത്രാസീസണ്‍. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. അനന്ത്‌നാഗില്‍നിന്നും പഹല്‍ഗാം വഴി 48 കിലോമീറ്റര്‍ പരമ്പരാഗതമാര്‍ഗമാണ് ആദ്യത്തേത്.
രണ്ടാമത്തെ വഴി മധ്യകശ്മീരിലെ ഗന്ദര്‍ബാള്‍ ജില്ലയിലൂടെയുള്ള 14 കിലോമീറ്റര്‍ മാത്രം നീളമുള്ള, കുത്തനെയുള്ള ബാല്‍ട്ടാല്‍ വഴിയും. ജമ്മുവിലെ ഭഗവതിനഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്.
കഴിഞ്ഞവര്‍ഷം 4.5 ലക്ഷം തീര്‍ഥാടകരാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. മാലിന്യരഹിത തീര്‍ഥാടനമുറപ്പുവരുത്താന്‍ യാത്രയ്ക്കായി വിവിധ സ്വച്ഛ് ഭാരത് പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
അപകടം പതിയിരിക്കുന്ന അമര്‍നാഥ് യാത്ര
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ദനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്നുകൂടിയാണിത്. ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്തു മാത്രമാണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞു മൂടിയ നിലയിലാണ് കാണപ്പെടുന്നത്.
സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി പ്രത്യേക അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. വര്‍ഷത്തില്‍ മുപ്പത് മുതല്‍ 40 ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ സുരക്ഷയിലാണ് തീര്‍ഥാടകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര നടത്തുക. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് പ്രകൃതിദത്തമായി നിര്‍മ്മിക്കപ്പെട്ടതാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്.
Content Highlights: security measures tightened ahead of amarnath yatra
Published: 23 Jun 2024, 12:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented