മൈസൂരു: കെആര്‍എസ് അണക്കെട്ടില്‍നിന്ന് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിന്റെ അളവ് ദിനംപ്രതി വര്‍ധിപ്പിക്കുന്നതിനാല്‍ കാവേരി നദിക്കരയില്‍ അപകട സെല്‍ഫി വേണ്ടെന്ന് സഞ്ചാരികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. നദിക്കരയില്‍ ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്നതിനിടെ ശ്രീരംഗപട്ടണത്ത് ഞായറാഴ്ച വൈകീട്ട് യുവാവ് വെള്ളത്തില്‍ മുങ്ങി മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതരുടെ പുതിയ നിര്‍ദേശം.
സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് വന്ന ഓട്ടോ ഡ്രൈവര്‍ മൈസൂരു സ്വദേശിയായ മഹേഷ് (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെആര്‍എസ് അണക്കെട്ടിന് സമീപം ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്നതിനിടെ മഹേഷ് കാല്‍വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം അഗ്‌നിരക്ഷാസേനയാണ് കരയ്‌ക്കെത്തിച്ചത്.
കുടക് ജില്ലയിലും കേരളത്തിലെ വയനാട്ടിലെ കബനിനദിയുടെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നതിനാല്‍ കാവേരിനദിയിലെ ജലനിരപ്പ് ഉയരുകയാണ്. 90 വര്‍ഷം പഴക്കമുള്ള കെആര്‍എസ് അണക്കെട്ടിന്റെ സംരക്ഷണഭിത്തിക്ക് സമീപം സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ ഇറങ്ങുന്നതും സെല്‍ഫി എടുക്കുന്നതും ഇപ്പോള്‍ കൂടിവരുകയാണെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് ചീഫ് എന്‍ജിനിയര്‍ ശിവശങ്കര്‍ അറിയിച്ചു. ഇത് വന്‍ ദുരന്തത്തിന് വഴിവെക്കും.
ഒഴുക്ക് കൂടിയ നദിക്ക് സമീപം സെല്‍ഫികളും വീഡിയോകളും എടുത്ത് സഞ്ചാരികള്‍ സാമൂഹികമാധ്യമത്തില്‍ പങ്കിടുകയാണ്. ഇത് കൂടുതല്‍ ആളുകളെ പ്രദേശത്തേക്ക് ആകര്‍ഷിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്ന പ്രവണതയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണം. അപകടസാധ്യത തടയാന്‍ ഇത്തരം മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നിര്‍ദേശം നല്‍കിയതായി ശിവശങ്കര്‍ അറിയിച്ചു.
Content Highlights: Rising water levels at KRS Dam prompt warnings against dangerous selfies
Published: 09 Jul 2025, 06:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented