
കേരളത്തിലെ പരമ്പരാഗത തുറമുഖ നഗരമായ പൊന്നാനിയിലെ ചരിത്ര സ്മാരകത്തിന് ശാസ്ത്രീയമായ സംരക്ഷണം ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് തുറന്ന കത്ത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.ആര്‍. സുനിലാണ് സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രിമാരുടെ ഇടപെടല്‍ തേടി ഫെയ്‌സ്ബുക്കില്‍ കത്ത് പങ്കുവെച്ചിരിക്കുന്നത്. പൊന്നാനി ഹാര്‍ബറിനോടടുത്ത് സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളുടെ കാലപ്പഴക്കുമുള്ള വേരുകളാല്‍ പൊതിഞ്ഞ പാണ്ടികശാല സംരക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ആവശ്യം. കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ മരങ്ങളെല്ലാം വെട്ടിമാറ്റി ആ ചരിത്ര സ്മാരകത്തിന്റെ പാതിയോളം പൊളിച്ചുവെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കെ.ആര്‍. സുനില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച തുറന്ന കത്ത്:
കേരളത്തിലെ ടൂറിസം - സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ക്ക് ഒരു തുറന്ന കത്ത്.
ഓരോ ജനതയുടെയും ചരിത്രവുമായി ബന്ധപ്പെട്ട അവശേഷിപ്പുകളെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന രീതിയാണ് പുറം രാജ്യങ്ങളിലൊക്കെ ഭരണകൂടങ്ങള്‍ സ്വീകരിച്ചുപോരുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കപ്പെടേണ്ടിയിരുന്ന പല ഇടങ്ങള്‍ക്കും എന്ത് പ്രാധാന്യമാണ് ലഭിക്കുന്നതെന്ന് ഈ ചിത്രങ്ങള്‍ പറയും. 2014 ല്‍ പൊന്നാനിയില്‍ നിന്ന് ഞാന്‍ പകര്‍ത്തിയ ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തേത് അവിടുത്തുകാരനായ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം അയച്ചുതന്നതും.
എന്റെ കലാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് പൊന്നാനി. അവിടെ എത്തിപ്പെട്ട കാലം മുതല്‍ ആ നാടുമായും അവിടുത്തെ മനുഷ്യരുമായുമുള്ള ആത്മബന്ധം ഇന്നും തുടരുന്നു. മാത്രമല്ല രണ്ട് പ്രധാന ഫോട്ടോഗ്രാഫി പരമ്പരകള്‍ പൊന്നാനിയുമായി ബന്ധപ്പെട്ട് ചെയ്തിരുന്നു. അതില്‍ ആദ്യത്തേത് ആ തുറമുഖ നഗരത്തിലെ മനുഷ്യരെ ചുറ്റിപ്പറ്റിയുള്ളതും, മറ്റൊന്ന്, പോയ കാലങ്ങളില്‍ പത്തേമാരികളില്‍ തൊഴിലെടുത്തിരുന്ന, കാറ്റിനെ മാത്രം ആശ്രയിച്ച് കടലില്‍ സഞ്ചരിച്ചിരുന്ന, സാഹസികരായ തൊഴിലാളികളെക്കുറിച്ചുള്ളതും. അവരിലേറെപ്പേരും സമൂഹത്തിന്റെ ഏറ്റവും അരികുകളില്‍ ജീവിച്ചിരുന്നവരാണ്. കരയില്‍ നിന്ന് ചിന്തിച്ചാല്‍ നമുക്ക് അവിശ്വസനീയമായി തോന്നുന്ന ജീവിത കഥകളാണ് അവര്‍ പലപ്പോഴായി പങ്കിട്ടത്. ആ ഫോട്ടോഗ്രാഫി സീരീസുകള്‍ കൊച്ചി ബിനാലെയിലും, മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറിലും വിദേശ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്ന് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും പലരും പൊന്നാനിയെന്ന പുരാതനമായ തുറമുഖ നഗരത്തേക്കുറിച്ച് കൂടുതല്‍ അറിയാനാഗ്രഹിച്ചു. ചിലർ അവിടേക്ക് സഞ്ചരിച്ചു.
സങ്കല്‍പിക്കാന്‍ കഴിയാത്തത്രയും തീവ്രത നിറഞ്ഞതും, അസാധാരണവുമായ ജീവിതം നയിച്ച സാധാരണക്കാരായ മനുഷ്യരില്‍ നിന്ന് കേട്ട അനുഭവ കഥകളാണ് എന്നെ വീണ്ടുംവീണ്ടും പൊന്നാനിയിലേക്കെത്തിച്ചത്. എന്നാല്‍, കാലം കടന്നുപോകവേ അവരില്‍ പലരും ഓര്‍മ്മയായി. അവരുടെ ജീവിതത്തിന്റെ, കടല്‍ സഞ്ചാരങ്ങളുടെ, കച്ചവടങ്ങളുടെ, കടല്‍ വഴിയെത്തിയ ബന്ധങ്ങളുടെ ഓര്‍മ്മകളില്‍ പലപ്പോഴും കടന്നുവന്ന പ്രധാന അവശേഷിപ്പാണ് ഹാര്‍ബറിനോടടുത്ത് ഇന്നും സ്ഥിതിചെയ്യുന്ന, നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്താല്‍ വേരുകള്‍ പൊതിഞ്ഞ ഒരു പാണ്ടികശാല (ഗോഡൗണ്‍). 2016ൽ ബിനാലെയിലെ എന്റെ പ്രദര്‍ശനത്തിലെ പ്രധാന ചിത്രങ്ങളിലൊന്നും അതായിരുന്നു. കടലോരത്തെ പുരാതനമായ ആ പാണ്ടികശാലയുടെ ചുവരുകളില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ക്ക് ആ നാട് പിന്നിട്ട ചരിത്രത്തെക്കുറിച്ച് സാക്ഷ്യം പറയാനുണ്ട്. എന്നാല്‍ ആ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ ആ മരങ്ങളെല്ലാം വെട്ടിമാറ്റി ആ ചരിത്ര സ്മാരകത്തിൻ്റെ പാതിയോളം പൊളിച്ചുവെന്നാണ് നാട്ടുകാരായ സുഹൃത്തുക്കള്‍ വേദനയോടെ പറഞ്ഞത്. കേരളത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു തുറമുഖ നഗരത്തിന്റെ പ്രതീകങ്ങളിലൊന്നാണ് ദിവസങ്ങൾക്കകം മാഞ്ഞുപോകുന്നത്.
ലക്ഷക്കണക്കിന് സഞ്ചാരികള്‍ വര്‍ഷം തോറും ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമെത്തുന്ന നാടാണല്ലോ നമ്മുടേത്. അവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ഇടങ്ങളാണ് തകര്‍ക്കപ്പെടുന്നത്. തദ്ദേശീയ സ്മാരകങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സാംസ്‌കാരിക വകുപ്പിനും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇത്തരം ചരിത്രാവശേഷിപ്പുകള്‍ യാതൊരു വിലയും കല്‍പിക്കാതെ തകര്‍ക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
കെ.ആര്‍. സുനിൽ
Content Highlights: Photographer K.R. Sunil urges Kerala ministers to protect a historic warehouse in Ponnani
Published: 09 Dec 2024, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented