ഓണ്‍ലൈന്‍ മാപ്പുകള്‍ വ്യര്‍ഥമാകുന്ന ഇടം. ചൈനയിലെ ചോങ്ചിങ് നഗരത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കേവലം ആലങ്കാരികമായി പറയുന്നതല്ല, അക്ഷരാര്‍ഥത്തില്‍ മാപ്പുകളെ പോലും വട്ടംചുറ്റിക്കുന്ന നഗരമാണ് ദക്ഷിണ ചൈനയിലെ ഈ നഗരം. ആദ്യമായി ഇവിടെയെത്തുന്ന ഒരാള്‍ ശരിക്കും പെട്ടുപോകും. വമ്പന്‍ നഗരം മാത്രമല്ല, കുത്തനെയുള്ള നഗരം കൂടിയാണ് ചോങ്ചിങ്. അത്ഭുതലോകമായ ചോങ്ചിങ് ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

To advertise here,

ട്രാവല്‍ വ്‌ളോഗറായ ഡെയ്‌ലന്‍ പേജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചോങ്ചാങ്ങിനെ വൈറലാക്കിയത്. അത്ഭുതം കൊണ്ട് വാപൊളിച്ചുപോകുന്ന തരത്തിലുള്ള പല കാഴ്ചകളും ഡെയ്‌ലന്‍ വീഡിയോയിലൂടെ നമുക്ക് കാണിച്ചുതരുന്നു. ഒരു പസിലിനകത്ത് പെട്ടുപോകുന്നത് പോലെയാണ് ഈ നഗരത്തിലെത്തുന്നത് എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്. 

ഭൂമിയിലെ ഏറ്റവും കിറുക്കന്‍ നഗരത്തിലാണ് താനെത്തിയത് എന്ന് പറഞ്ഞാണ് ഡെയ്‌ലന്‍ വീഡിയോ ആരംഭിക്കുന്നത്. ഇത്തരമൊരു നഗരത്തെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാനിടയില്ലെന്ന് പറഞ്ഞ ഡെയ്‌ലന്‍ ഇതാണ് ചൈനയിലെ ചോങ്ചിങ് എന്ന് പറഞ്ഞുകൊണ്ടാണ് നഗരത്തെ അവതരിപ്പിക്കുന്നത്. 

'ഇതാണ് ചൈനയിലെ ചോങ്ചിങ്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ പെട്രോള്‍ പമ്പുകള്‍, ആളുകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളിലൂടെ ഓടുന്ന ട്രെയിനുകള്‍, ആകാശത്ത് ബസ്സുകള്‍, കാറുകള്‍ക്കായി ലിഫ്റ്റുകള്‍, നദിയിലൂടെ ഒഴുകിനീങ്ങുന്ന ബഹുനില റസ്റ്ററന്റുകള്‍, ലോകത്തെ ഏറ്റവും ആഴമേറിയ സബ്‌വേ എന്നിവയെല്ലാം ഇവിടെ നിങ്ങള്‍ക്ക് കാണാം.' -ഡെയ്‌ലന്‍ പേജ് പറയുന്നു. 

118 മീറ്ററാണ് ആഴമേറിയ ആ സബ്‌വേയുടെ താഴ്ച. അതായത് 39 നിലയുള്ള കെട്ടിടത്തിന്റെ ഉയരത്തിന് തുല്യം. 15 മിനുറ്റ് നേരം ഒട്ടേറെ എസ്‌കലേറ്ററില്‍ സഞ്ചരിച്ചാലേ സബ്‌വേയുടെ ഗ്രൗണ്ട് ഫ്‌ളോറില്‍ എത്തുകയുള്ളൂ. പലനിലകളില്‍ സ്ഥിതി ചെയ്യുന്ന ചോങ്ചിങ് നഗരം 5ഡി സിറ്റി എന്നാണ് അറിയപ്പെടുന്നത്. 

ചോങ്ചിങ്ങിലൂടെയുള്ള ഡ്രൈവിങ് വളരെയധികം വെല്ലുവിളി നിറഞ്ഞതാണ്. ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പിന്നെ ശരിയായ വഴിയിലെത്താന്‍ നിങ്ങള്‍ക്ക് മണിക്കൂറുകളോളം സഞ്ചരിക്കേണ്ടിവരും. 

രണ്ടാം ലോകമഹായുദ്ധകാലത്തെ ചൈനയുടെ യുദ്ധതലസ്ഥാനമായിരുന്നു ചോങ്ചിങ്. അക്കാലത്ത് ഇവിടെ നിരവധി ഭൂഗര്‍ഭ ബോംബ് ഷെല്‍ട്ടറുകള്‍ ഉണ്ടായിരുന്നു. യുദ്ധത്തിന് ശേഷം പിന്നീട് ഇവയെല്ലാം റോഡുകളും സബ്‌വേകളുമെല്ലാമായി പുനര്‍നിര്‍മ്മിക്കുകയായിരുന്നു. ചോങ്ചിങ് ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിന്റെ സ്വഭാവവും ഇതൊരു ബഹുനില നഗരമാകാന്‍ കാരണമാണ്.