പൂച്ചാക്കൽ (ആലപ്പുഴ): വലുപ്പത്തിന്റെയും ഭംഗിയുടെയും ടൂറിസംസാധ്യതകളുടെയും കാര്യത്തിൽ സംസ്ഥാനത്തെ മറ്റു പല പാലങ്ങളെയും പിന്നിലാക്കുന്ന പെരുമ്പളം പാലം ശനിയാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106.7 കോടി രൂപ മുടക്കിയാണ് പാലം നിർമിച്ചത്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ളതിൽവെച്ചേറ്റവും നീളംകൂടിയ പാലമാണിത്.

To advertise here,

1157 മീറ്ററാണ് നീളം. പാലത്തിന്റെ ഇരുകരകളിലും 300 മീറ്റർ നീളത്തിൽ അനുബന്ധറോഡുകളും പൂർത്തീകരിച്ചിട്ടുണ്ട്. പാലത്തിന് 11 മീറ്റർ വീതിയാണുള്ളത്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതകളുമുണ്ട്. മൂന്ന് ബൗസ്ട്രിങ് ആർച്ചുകളും 27 സ്പാനുകളുമുള്ള ഈ പാലം എൻജിനിയറിങ് വിസ്മയമാണ്. വേമ്പനാട്ടുകായലിനു കുറുകെ നിർമിച്ച ഈ പാലത്തിന്റെ ആർച്ചുകളുടെ ഭാഗത്ത് 12 മീറ്ററാണ് വീതി.

വലിയതോതിലുള്ള ടൂറിസംസാധ്യതകൾ പാലംവഴി ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ ഏഴു കിലോമീറ്ററിനുള്ളിൽ അരൂക്കുറ്റിയിൽ തമിഴ്‌നാട് സർക്കാർ നിർമിക്കുന്ന തന്തൈ പെരിയാർ സ്മാരകം പൂർത്തിയായി വരുകയാണ്. അരൂക്കുറ്റിയിൽ പുരവഞ്ചി ടെർമിനലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അരൂക്കുറ്റിയിലുള്ള മാട്ടേൽത്തുരുത്തുകളുംകൂടി പരിഗണിച്ചാണ് ടൂറിസംസാധ്യതകളുള്ളത്.

പെരുമ്പളം ദ്വീപിലെ ജനങ്ങൾ ബോട്ടുകളുടെയും ജങ്കാറിന്റെയും പരിമിതിയിലാണ് കഴിഞ്ഞിരുന്നത്. രാത്രി ഒൻപതിനുശേഷം പുറത്തിറങ്ങാൻകഴിയാത്ത ദുരിതസാഹചര്യം പാലം തുറന്നുകൊടുക്കുന്നതോടെ മാറുകയാണ്. പെരുമ്പളം ദ്വീപിലേക്ക് അരൂക്കുറ്റി പഞ്ചായത്തിലെ വടുതല ജെട്ടിയിൽനിന്നാണ് പാലം നിർമിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്് സൊസൈറ്റിയാണ് പാലം കരാറേറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയത്. പെരുമ്പളം പാലത്തിനുസമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനം നടക്കുന്നത്.