മൺസൂൺ എത്തുന്നതോടെ രാജ്യം മറ്റൊരു താളത്തിലേക്ക് മാറുകയാണ്. മരങ്ങൾ പച്ചപ്പണിഞ്ഞ് തിളങ്ങുന്നു,  പൊടിപടലങ്ങൾ അടങ്ങുന്നു, അന്തരീക്ഷത്തിലാകെ ഒരു പ്രത്യേക പ്രണയഭാവം നിറയുന്നു... മഴയത്ത് യാത്ര ചെയ്യാൻ മിക്ക ആളുകളും മടിക്കുമ്പോൾ, ഇന്ത്യയിലെ അവിശ്വസനീയമായ ചില യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളെ ഒരു പുതിയ വെളിച്ചത്തിൽ കാണാനുള്ള സമയമാണ് മൺസൂണെന്ന് ലോകം കണ്ടവർ നിങ്ങളോട് പറയും. 

To advertise here,

ഇറ്റുവീഴുന്ന മഴത്തുള്ളികളാൽ തിളങ്ങുന്ന പുരാതന ഗുഹകൾ മുതൽ മൂടൽമഞ്ഞിൽ പുതഞ്ഞ പച്ചപ്പ് നിറഞ്ഞ മലയോര കോട്ടകൾ വരെ നമുക്ക് കാണാം. ഇത്തരത്തിൽ മൺസൂൺ കാഴ്ചകളെ മനോഹരമാക്കുകയും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന പ്രധാന സ്ഥലങ്ങൾ ഇതാ.

പശ്ചിമഘട്ടം, മഹാരാഷ്ട്ര മുതൽ കേരളം വരെ

മൺസൂണിനെക്കുറിച്ച് സംസാരിക്കുമ്പോൾ പശ്ചിമഘട്ടത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. 1,600 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഈ പർവതനിര അഞ്ച് സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചുകിടക്കുന്നത്. ജൈവവൈവിധ്യത്തിന്റെ ലോകത്തിലെ എട്ട് "ഹോട്ട്‌സ്‌പോട്ടുകളിൽ" ഒന്നാണ് ഇത്. ജൂൺ മുതൽ സെപ്റ്റംബർ വരെ മൺസൂൺ മാസങ്ങളിൽ ഇവ കൂടുതൽ പച്ചപ്പ് നിറഞ്ഞതായി മാറുന്നു.

മംഗലാപുരം മുതൽ ഗോവ വരെ മനോഹരമായ തീവണ്ടിയിൽ യാത്ര ചെയ്യുക, അവിടെ ഓരോ വളവിലും മലകളിൽനിന്ന് താഴേക്ക് പതിക്കുന്ന പുതിയ വെള്ളച്ചാട്ടങ്ങൾ ദൃശ്യമാകും. സിംഹവാലൻ കുരങ്ങുകൾ പോലുള്ള അപൂർവ ഇനങ്ങളെ കാണാൻ വയനാട്ടിലേക്കോ സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കോ പോകുക. 

കാസിരംഗ ദേശീയ ഉദ്യാനം, അസം
 
വന്യജീവി ആരാധകർക്കുള്ളതാണ് ഇവിടം. ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം കാസിരംഗയിലാണ്. 1985-ൽ യുനെസ്കോ പട്ടികയിൽ ഇത് സ്ഥാനംപിടിച്ചു. ബ്രഹ്മപുത്ര നദിയിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ, മൺസൂൺ മാസങ്ങളിൽ (സാധാരണയായി മേയ് മുതൽ ഒക്ടോബർ വരെ) ദേശീയ ഉദ്യാനം ഔദ്യോഗികമായി സഞ്ചാരികൾക്കായി അടയ്ക്കും.

എന്നാൽ ജൂൺ ആദ്യത്തിലോ സെപ്റ്റംബർ അവസാനത്തിലോ നിങ്ങൾ ഈ പ്രദേശത്ത് ഉണ്ടെങ്കിൽ മികച്ച കാഴ്ചകൾ പാർക്കിൽ കാണാൻ കഴിഞ്ഞേക്കും. ദേശാടന പക്ഷികൾ വരും, ചതുപ്പുകൾ ചാരനിറത്തിലുള്ള ആകാശത്തിന് കീഴിൽ തിളങ്ങും, കാട് കൂടുതൽ ഉച്ചത്തിലും, കൂടുതൽ പച്ചപ്പണിഞ്ഞും കൂടുതൽ വന്യമായും തോന്നും.

വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ്
 
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഒളിഞ്ഞിരിക്കുന്ന വാലി ഓഫ് ഫ്ലവേഴ്‌സ് അതിന്റെ പേരുപോലെ മനോഹരമാണ്. എന്നാൽ ശരിയായ സമയത്ത് നിങ്ങൾ അവിടെ എത്തിയിരിക്കണം. മൺസൂണിന്റെ നടുവിൽ, ജൂലായ് പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയാണ് ഏറ്റവും നല്ല സമയം. ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളിൽ ആയിരക്കണക്കിന് ആൽപൈൻ പൂക്കൾ വിരിഞ്ഞ് താഴ്‌വര വർണാഭമാകുന്നു.

ഏകദേശം 17 കിലോമീറ്റർ ദൂരം ഇതിലൂടെയുള്ള യാത്ര അൽപം സാഹസികമാണ്. വഴുവഴുപ്പുള്ള പാതകളും മൂടൽമഞ്ഞുള്ള കാലാവസ്ഥയുമാണുള്ളത്. അതിശയിപ്പിക്കുന്ന കാഴ്ചകളും നിങ്ങൾ മറക്കാത്ത തരത്തിലുള്ള നിശബ്ദതയും സമ്മാനമായി ഇവിടെനിന്ന് ലഭിക്കും.

അജന്ത ഗുഹകൾ, മഹാരാഷ്ട്ര

വാഘോറ നദിയുടെ മുകളിലുള്ള, കുതിരലാടത്തിന്റെ ആകൃതിയിലുള്ള പാറക്കെട്ടിൽ കൊത്തിയെടുത്ത അജന്ത ഗുഹകൾ ബിസി രണ്ടാം നൂറ്റാണ്ട് മുതലുള്ളതാണ്. ഇവിടുത്തെ ശില്പങ്ങൾ പുരാതന ഇന്ത്യൻ കലകളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. ബുദ്ധന്റെ ജീവിതത്തിൽനിന്നുള്ള കഥകൾ ഇവ പറയുന്നു.

1983 മുതൽ ഇത് യുനെസ്കോ പൈതൃക പട്ടികയുടെ ഭാഗമാണ്. മൺസൂൺ വരുമ്പോൾ ഗുഹകൾക്ക് ചുറ്റും വെള്ളച്ചാട്ടങ്ങൾ രൂപപ്പെടും. കാട്ടിൽ പ്രത്യേക ശബ്ദം മുഴങ്ങും, താഴെ നദി കരകവിയും. മൺസൂൺ സീസണിൽ കുറഞ്ഞ സഞ്ചാരികളേ ഇങ്ങോട്ട് വരുന്നുള്ളൂ. അതിനാൽ നിങ്ങൾക്ക് ഏകാന്തമായ ഒരു നിമിഷം  ലഭിച്ചെന്നും വരാം.