പ്രശസ്തമായ ഊട്ടി പുഷ്പമേളയും പനിനീര്‍പ്പൂമേളയും മേയ് 10 മുതല്‍ 20 വരെ നടക്കും. സാധാരണമായി പനിനീര്‍പ്പൂമേള മേയ് രണ്ടാം വാരത്തിലും പുഷ്പമേള മൂന്നാം വാരത്തിലുമാണ് നടത്തുക. ലോക്സഭാതിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇത്തവണ ഊട്ടിയിലെ വസന്തകാല ഉത്സവങ്ങളില്‍ പലതും ഒഴിവാക്കിയിരുന്നു.

To advertise here,

ഊട്ടി സസ്യോദ്യാനത്തില്‍ നടക്കുന്ന പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഗാലറികള്‍ പൂച്ചട്ടികള്‍കൊണ്ട് അലങ്കരിച്ചുതുടങ്ങി. ഉദ്യാനത്തിലെ പുല്‍ത്തകിടികളില്‍ പൂക്കള്‍കൊണ്ട് വിവിധ രൂപങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ജീവനക്കാര്‍. ഇതിനായി ബംഗളൂരൂ, ഹൊസൂര്‍ എന്നിവിടങ്ങളില്‍നിന്ന് പനിനീര്‍, കാര്‍നേഷ്യം പൂക്കള്‍ കൊണ്ടുവരും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പനിനീര്‍പ്പൂ ഉദ്യാനത്തില്‍ പത്തുമുതല്‍ 19 വരെയാണ് പനിനീര്‍പ്പൂമേള. പച്ച, മഞ്ഞ, മെറൂണ്‍, വയലറ്റ്, വെള്ള, ചുവപ്പ് തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള പനിനീര്‍പ്പൂക്കളാണ് സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്. 4200 ഇനം പനിനീര്‍ച്ചെടികള്‍ ഈ ഉദ്യാനത്തിലുണ്ട്.

ഇ-പാസ് നിലവില്‍ വന്നു; സഞ്ചാരികള്‍ കുറഞ്ഞു

:ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നീലഗിരിയിലേക്ക് കടക്കാന്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ സഞ്ചാരികള്‍ കുറഞ്ഞു. ചൊവ്വാഴ്ച മുതലാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. അപേക്ഷിച്ച എല്ലാവര്‍ക്കും പാസ് നല്‍കുന്നുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ epass.tnega.org എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍ക്കാര്‍ ബസുകള്‍ ഒഴികെയുള്ള എല്ലാ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ജൂണ്‍ 30-വരെ ഇ-പാസ് നിര്‍ബന്ധമാണ്. നീലഗിരി ജില്ലയിലെ കല്ലാര്‍, നാടുകാണി, ദേവാല, കക്കനെല്ല, പാട്ടവയല്‍ ചെക്‌പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചു. ചൊവ്വാഴ്ച കല്ലാര്‍ ചെക്‌പോസ്റ്റില്‍ ഇ-പാസ് പരിശോധന നടത്താന്‍ നീലഗിരി കളക്ടര്‍ എം. അരുണ നേരിട്ടെത്തി.