ഊട്ടി: കടും ചുവപ്പും വെള്ളയും നിറത്തിലുള്ള പനിനീർ പൂക്കൾ കൊണ്ട് നിർമ്മിച്ച ഡോൾഫിനുകളാണ് നമ്മളെ വരവേൽക്കുന്നത്. പിന്നെ കടൽ കുതിരയും ആമയും ഒച്ചും മീനും തിമിംഗലവും പെൻഗ്വിനും കാക്കയും മുതൽ മത്സ്യകന്യക വരെയുള്ള ജലജീവികളുടെ സംഗമം. എല്ലാം ബഹുവർണങ്ങളിലുള്ള റോസാപ്പൂക്കൾ കൊണ്ട് നിർമ്മിച്ചവ. ഊട്ടി പനിനീർപൂ ഉദ്യാനത്തിലെ ഇത്തവണത്തെ റോസ് മേള സന്ദർശകരുടെ മനം കവരുകയാണ്.

To advertise here,

ഊട്ടി ഗ്രീഷ്മോൽസവത്തിന്റെ ഭാഗമായി ശനിയാഴ്ച ആരംഭിച്ച പനിനീർപൂ മേള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പനിനീർ പൂക്കളുടെ ഒരു സംഗമ കാഴ്ചയാണ് കാണികൾക്ക് സമ്മാനിക്കുന്നത്. ചുവപ്പും പച്ചയും നീലയും മഞ്ഞയും വെളുപ്പും തുടങ്ങി സകല വർണങ്ങളിലുമുള്ള റോസാപ്പൂക്കളുടെ ഒരു സാഗരം പോലെയാണുള്ളത്. ചുവപ്പ് പൂക്കൾ തന്നെ പല വകഭേദങ്ങളിലുണ്ട് .ഒരു തണ്ടിൽ അഞ്ചും പത്തും പൂക്കൾ ഉള്ള ചെടികളും നിരവധിയുണ്ട്‌.

placeholder
പൂക്കൾ കൊണ്ട് നിർമ്മിച്ച മത്സ്യ കന്യക/ഫോട്ടോ: പി. സുരേഷ്ബാബു

സേവ് അക്വാട്ടിക്ക് വേൾഡ് എന്നതാണ് ഇത്തവണത്തെ മേളയുടെ സന്ദേശം. അതുകൊണ്ടാണ് ജലജീവികളുടെ രൂപങ്ങൾക്ക് മുൻഗണന നൽകിയത്. എട്ട് അടിയോളം ഉയരമുള്ള ഉയർന്നു ചാടുന്ന രണ്ട് ഡോൾഫിനുകൾ ആണ് ഉദ്യാനത്തിന്റെ കവാടത്തിൽ നമ്മളെ വരവേൽക്കുന്നത്.

placeholder
ഫോട്ടോ: പി. സുരേഷ്ബാബു

ഡോൾഫിന്റെ പുറം ഭാഗത്ത് കടും ചുവപ്പു പൂക്കളും ഉള്ളിൽ വെളുത്ത  റോസാപ്പൂക്കളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

placeholder
1 ഊട്ടിയിലെ പനിനീർപൂ ഉദ്യാനത്തിൽ റോസ് മേളയുടെ ഭാഗമായി പനിനീർ പൂക്കൾ കൊണ്ട് നിർമ്മിച്ച ഡോൾഫിൻ/ഫോട്ടോ: പി. സുരേഷ്ബാബു

4200 ഇനങ്ങളിൽപെട്ട ഒരു ലക്ഷത്തോളം പനിനീർ പൂക്കളാണ് ഉദ്യാനത്തിൽ ഒരുക്കിയിരിക്കുന്നത്.നീലഗിരിക്ക് പുറമെ കോയമ്പത്തൂർ, ഈറോഡ്, സേലം, ധർമപുരി, തിരുപ്പൂർ, തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്നും പൂക്കൾ എത്തിച്ചു. 12 ഏക്കർ വിസ്തൃതിയുള്ള ഉദ്യാനത്തിൽ നാലു തട്ടുകൾ ആയാണ് പൂക്കൾ ഒരുക്കിയിരിക്കുന്നത്.

placeholder
കടൽ കുതിരയുടെ രൂപം/ഫോട്ടോ: പി. സുരേഷ്ബാബു

ഒപ്പം ചെണ്ടുമല്ലി ഉൾപ്പെടെ മറ്റു പൂക്കളും ഉദ്യാനത്തിലുണ്ട്.ഹോര്‍ട്ടിക്കൾച്ചർ, ടൂറിസം വകുപ്പുകളും ജില്ലാ ഭരണകൂടവും ചേർന്ന് നടത്തുന്ന 20-മത് റോസ് മേളയാണിത്‌

placeholder
ഫോട്ടോ: പി. സുരേഷ്ബാബു

ശനിയാഴ്ച രാവിലെ സർക്കാർ ചീഫ് വിപ്പ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേള കൊഴുപ്പിക്കാൻ ഉദ്യാനത്തിൽ കലാപരിപാടികളും ഉണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.
റോസ് മേള കാണാൻ സഞ്ചാരികളുടെ നല്ല തിരക്ക് ആയിരുന്നു.മേള തിങ്കളാഴ്ച സമാപിക്കും.ലോക പ്രശസ്തമായ ഊട്ടി പുഷ്പമേള 15 മുതൽ 25 വരെ ബോട്ടാണിക്കൽ ഗാർഡനിൽ നടക്കും.