ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ തീര്‍ഥാടന യാത്രകളിലൊന്നായ അമര്‍നാഥ് യാത്രയ്ക്കുള്ള ഹെലികോപ്റ്റര്‍ സര്‍വീസിന്റെ ബുക്കിങ് ആരംഭിച്ചു. വാല്‍ത്താല്‍, പഹല്‍ഗാം എന്നീ രണ്ട് പാതകളിലും ഹെലികോപ്റ്റര്‍ സര്‍വീസ് ലഭ്യമാണെന്ന് ശ്രീ അമര്‍നാഥ് ക്ഷേത്രം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 52 ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് യാത്ര ജൂണ്‍ 29 നാണ് ആരംഭിക്കുക.

To advertise here,

https://jksasb.nic.in/ എന്ന സൈറ്റിലൂടെ ഹെലികോപ്റ്റര്‍ സര്‍വീസ് ബുക്ക് ചെയ്യാനാകും. ഓഫ്‌ലൈന്‍ ടിക്കറ്റുകളോ, പ്രയോറിറ്റി ബുക്കിങ് സേവനങ്ങളോ അനുവദിക്കില്ലെന്നും ക്ഷേത്രം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാം വഴിയുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 4,900 രൂപയാണ്. റൗണ്ട് ട്രിപ്പിന് 9,800 രൂപയും നല്‍കണം. വാല്‍ത്താല്‍ വഴിയുള്ള യാത്രയ്ക്ക്  3,250, 6,500 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 

യാത്രാ സമയത്ത് തീര്‍ഥാടകര്‍ ഫോട്ടോ പതിച്ച ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയും ശാരീരികക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം. തങ്ങള്‍ക്ക് ലഭിച്ച യാത്രാസമയത്തിന്റെ 30 മിനിറ്റ് മുന്‍പ് അതത് ഹെലിപ്പാടുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. അമര്‍നാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പ്രദേശത്ത് പൂര്‍ത്തിയായി വരികയാണ്. തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനായി അമര്‍നാഥ് ഗുഹയ്ക്ക് സമീപത്തായി 125 സാമൂഹിക അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉള്‍പ്പടെയുള്ളവര്‍ കത്രയിലെത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തി.

അപകടം പതിയിരിക്കുന്ന അമര്‍നാഥ് യാത്ര

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ദനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്ന് കൂടിയാണിത്. ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ വര്‍ഷത്തില്‍ പ്രത്യേക സമയത്തു മാത്രമാണ് പൂജകള്‍ നടക്കുന്നത്. പ്രകൃതി നിര്‍മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞു മൂടിയ നിലയിലാണു കാണപ്പെടുന്നത്.

സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി പ്രത്യേക അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. വര്‍ഷത്തില്‍ മുപ്പത് മുതല്‍ 40 ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശനമായ സുരക്ഷയിലാണ് തീര്‍ഥാടകര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര നടത്തുക. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക. ശ്രീനഗറില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള വാല്‍ത്താല്‍ താഴ്വര വരെ ബസിലോ ടാക്‌സികളിലോ എത്തിയ ശേഷം കാല്‍നടയായി അമര്‍നാഥിലെത്താം. 14 കിലോമീറ്റര്‍ ദൂരമാണ് ഇതിനായി നടക്കേണ്ടി വരിക. 

കൂടുതല്‍ സാഹസികത നിറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പഹല്‍ഗാം വഴിയുള്ള പാത തിരഞ്ഞെടുക്കാം. ജമ്മുവിലെ ഭഗവതി നഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്. ഈ യാത്രയില്‍ 16 കിലോമീറ്റര്‍ കൊടും വനത്തിലൂടെ നടക്കണം. പഞ്ചതരണയില്‍ രാത്രി ക്യാമ്പ് ചെയ്ത ശേഷം 6 കിലോമീറ്റര്‍ അകലെയുള്ള അമര്‍നാഥിലേക്ക് പോകാം. ചുണ്ണാമ്പു കല്ലുകള്‍ കൊണ്ട് പ്രകൃതി ദത്തമായി നിര്‍മ്മിക്കപ്പെട്ടതാണ് അമര്‍നാഥ് ഗുഹാ ക്ഷേത്രം. 150 അടി ഉയരവും 90 അടി വീതിയും ഈ ഗുഹയ്ക്കുണ്ട്.