മൂന്നാർ: വട്ടവടയിലെ നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം യാഥാർഥ്യമാകുന്നു. പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെയും നീലക്കുറിഞ്ഞിയെയും ഒരുപോലെ സംരക്ഷിക്കുന്നതിനായാണ് പ്രത്യേക ഉദ്യാനമെന്ന ആശയം മുന്നോട്ടുവച്ചത്. 2006-ൽ വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി. 2007 ഡിസംബറിൽ ഉദ്യാനം ഉൾപ്പെടുന്ന ഭൂമിയുടെ സർവേ നമ്പരുകൾ ഉൾപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. ഒരു പ്രത്യേക സസ്യത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കുന്ന ദേശീയോദ്യാനമാണിത്.
വട്ടവടയിലും കൊട്ടാക്കമ്പൂരും
ദേവികുളം താലൂക്കിലെ 32 സ്ക്വയർ കിലോമീറ്റർ (ഏകദേശം 8000 ഏക്കർ) ഭൂമിയിലാണ് ഉദ്യാനം ഒരുങ്ങുന്നത്. ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തി നിർണയിച്ച് സെറ്റിൽമെന്റ് ഓഫീസറായ ദേവികുളം സബ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രഖ്യാപനം നടത്തി 19 വർഷത്തിനുശേഷമാണ് സർവേനടപടികൾ പൂർത്തിയാക്കുന്നത്. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജുകളിലെ 58, 62 ബ്ലോക്കുകളിൽ ഉൾപ്പെടുന്ന റവന്യൂ, വനം ഭൂമിയിലാണ് ഉദ്യാനം സ്ഥാപിക്കുന്നത്. 2017-ൽ മൂന്നംഗം മന്ത്രിതല സംഘം പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടുത്തെ പട്ടയഭൂമി ഉദ്യാനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കും. അതിർത്തി നിർണയിച്ചതോടെ ഇതിനായുള്ള നടപടികൾ വേഗത്തിലാക്കും.
വെട്ടിമാറ്റും യൂക്കാലി
നിലവിൽ പ്രദേശത്ത് കാര്യമായി നീലക്കുറിഞ്ഞിയില്ല. വട്ടവട, കൊട്ടാക്കമ്പൂർ, കമ്പക്കല്ല്, കടവരി പ്രദേശങ്ങളിലുള്ള യൂക്കാലി തോട്ടങ്ങൾ ഉൾപ്പെടുന്ന റവന്യൂഭൂമിയും വനഭൂമിയുമാണിത്. യൂക്കാലി മരങ്ങൾ വെട്ടിനീക്കിയതിനുശേഷം നീലകുറിഞ്ഞി വച്ചുപിടിപ്പിക്കുന്നതിലൂടെ മാത്രമേ ഉദ്യാനം യാഥാർഥ്യമാകൂ.
പരാതികളും വിവാദങ്ങളും
സർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന സർവേ നമ്പരുകളിൽ പട്ടയഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി ഒട്ടേറെ പേർ രംഗത്തെത്തിയതോടെ ഉദ്യാനം വിവാദമായി മാറി. 450-ലേറെ പേർ പരാതിയുമായിവന്നു. നാട്ടുകാർ ഭൂ സംരക്ഷണസമിതി രൂപവത്കരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു. സെറ്റിൽമെന്റ് ഓഫീസറായ സബ് കളക്ടർ പലതവണ സിറ്റിങ് നടത്തിയെങ്കിലും പരാതി പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയിൽ വനംവകുപ്പ് അധികാരം സ്ഥാപിച്ചതോടെ കർഷകരുടെ പട്ടയഭൂമിയിലും നിർമാണ പ്രവർത്തനങ്ങൾ അസാധ്യമായി. പഞ്ചായത്തിന്റെ റോഡ്, പാലം തുടങ്ങിയവയുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ വനംവകുപ്പ് തടഞ്ഞിരുന്നു. പട്ടയഭൂമിയുമായുള്ള അതിർത്തിനിർണയം പൂർത്തിയായതോടെ തർക്കങ്ങൾ പരിഹരിക്കാനാകുമെന്നാണ് സൂചന.
Content Highlights: India`s first national park dedicated to a single plant, the Neelakurinji,
Published: 20 Aug 2025, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented