വായിച്ചറിഞ്ഞും സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞും മുതലമട റെയില്‍വേസ്റ്റേഷനില്‍ എത്തിയവര്‍ക്ക് നിരാശ. ഓണാവധിക്ക് കൊല്ലങ്കോട് സന്ദര്‍ശിച്ചശേഷം മുതലമട റെയില്‍വേസ്റ്റേഷനിലെത്തിയ നിരവധി സഞ്ചാരികളെ അകത്തേക്ക് കയറ്റിയില്ല. റെയില്‍വേസ്റ്റേഷനിലേക്ക് കടക്കുന്ന പടി അടച്ചിട്ടു.
പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കാന്‍ തയ്യാറായവര്‍ക്ക് അതും നല്‍കിയില്ല. മുതലമട റെയില്‍വേസ്റ്റേഷന്‍ വഴി മൂന്ന് ട്രെയിനുകളാണ് കടന്നുപോകുന്നത്. ഇതില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസിനും പാലക്കാട്-ചെന്നൈ എക്‌സ്പ്രസിനും മുതലമടയില്‍ സ്റ്റോപ്പ് ഇല്ല. സ്റ്റോപ്പുള്ളത് പാലക്കാട്-തിരുച്ചെന്തൂര്‍ പാസഞ്ചറിന് മാത്രമാണ്. ഈ വണ്ടി പാലക്കാട്ടുനിന്ന് പുറപ്പെട്ട് രാവിലെ 6.40-നാണ് മുതലമടയില്‍ എത്തുന്നത്. തിരുച്ചെന്തൂരില്‍നിന്ന് വരുമ്പോള്‍ രാത്രി 8.25-നും എത്തും. ഈ രണ്ടുസമയവും സഞ്ചാരികള്‍ക്ക് അനുയോജ്യമായ സമയമല്ല.
ഇവിടെ സ്റ്റേഷന്‍ മാസ്റ്ററായിട്ടുള്ള ഉത്തരേന്ത്യയില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ സഞ്ചാരികള്‍ വരുമ്പോള്‍ അമര്‍ഷവും ദേഷ്യവും പ്രകടിപ്പിക്കുകയാണെന്ന് തൃത്താല സ്വദേശി ബാബു നാസര്‍ പറഞ്ഞു.
ഒന്ന് കാണാനും ഫോട്ടോ എടുക്കാനും വരുന്നവര്‍ക്ക് ടിക്കറ്റ് വാങ്ങി അതിന് അവസരമൊരുക്കാന്‍ മുതലമടയെ ഊട്ടി, കുന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ മാതൃകയില്‍ ടൂറിസ്റ്റ് റെയില്‍വേസ്റ്റേഷനാക്കണമെന്ന് സഞ്ചാരിക്കൂട്ടം സെക്രട്ടറി എ. ഗോപിദാസ് പറഞ്ഞു.
നടപടി അപകടമൊഴിവാക്കാന്‍
മുതലമട സ്റ്റേഷനിലൂടെ കടന്നുപോകുന്ന റെയില്‍പ്പാത വൈദ്യുതീകരിച്ചതാണ്. എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗം പേരും ആല്‍മരത്തില്‍ വള്ളികളില്‍ പിടിച്ചുതൂങ്ങി വൈദ്യുതലൈനിന് അടുത്തെത്തുന്ന വിധം ഊഞ്ഞാലാകുന്നത് പതിവായി. ഇതുമൂലം ജീവന്‍ നഷ്ടപ്പെടുന്നതുള്‍പ്പടെയുള്ള അപകടങ്ങള്‍ സംഭവിച്ചേക്കാം. ഇതൊഴിവാക്കാനാണ് സ്റ്റേഷനില്‍ തീവണ്ടിയെത്താത്ത സമയങ്ങളില്‍ പ്രവേശനം നിരോധിച്ചത്. ട്രെയിന്‍ വരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രം യാത്രാ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും നല്‍കണമെന്നാണ് നിയമം.
-പി.ആര്‍.ഒ പാലക്കാട് റെയില്‍വേ ഡിവിഷന്‍
മുതലമട റെയില്‍വേ സ്റ്റേഷന്‍
കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയല്‍ നിര്‍മാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയില്‍വേ സ്റ്റേഷന്‍. പ്ലാറ്റുഫോമുകള്‍ക്ക് നടുവിലായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. മുതലമട കാമ്പ്രത്തുചള്ള നാല്‍ക്കവലയില്‍ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഈ സ്ഥലം കാണാം.
മണിരത്‌നം, പ്രിയദര്‍ശന്‍ തുടങ്ങിയ സംവിധായകരുടെ നിരവധി സിനിമകള്‍ ചിത്രീകരിച്ച ലൊക്കേഷനാണ് മുതലമട റെയില്‍വേ സ്റ്റേഷന്‍. മോഹന്‍ലാലും ശിവാജി ഗണേഷനും അഭിനയിച്ച ഒരു യാത്രാമൊഴി എന്ന സിനിമയിലെ ക്ലൈമാക്‌സ് സീന്‍ ഇവിടെയാണ് ചിത്രീകരിച്ചത്. അന്‍പേശിവം, പാണ്ടിപ്പട, മേഘം, വെട്ടം തുടങ്ങി ഏകദേശം മുപ്പത്തി അഞ്ചോളം സിനിമകള്‍ ഇവിടെ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായും ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് 1898ലാണ് മുതലമട റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അന്ന് മധുര ഡിവിഷന്റെ കീഴിലായിരുന്നു ഈ സ്റ്റേഷന്‍. വാല്‍പ്പാറ, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ മലനിരകള്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലത്ത് തോട്ടം മേഖലയായ ഇവിടേക്ക് തൊഴിലാളികളെ എത്തിക്കാനും ചരക്കുകള്‍ ചെന്നൈയിലേക്ക് എത്തിച്ച് കച്ചവടം ചെയ്യാനും പ്രധാനമായി ആശ്രയിച്ചിരുന്നത് ഈ റെയില്‍വേ സ്റ്റേഷനെയാണ്. 2015ല്‍ മുതലമട റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി ആല്‍മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ശ്രമം നടപ്പോള്‍ വലിയ പ്രതിഷേധമാണ് നാട്ടുകാരില്‍ നിന്നുണ്ടായത്.
Content Highlights: muthalamada railway station palakkad
Published: 01 Sept 2023, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented