കോഴിക്കോട്: മലബാറിലെ വിനോദസഞ്ചാര മേഖലകളുടെ സാധ്യതകള്‍ ചര്‍ച്ചചെയ്ത മാതൃഭൂമി ഗേറ്റ് വേ ടു മലബാര്‍  ടൂറിസം കോണ്‍ക്ലേവ് 2025-ന് സമാപനം. വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വ്യക്തികളും വെഡ്ഡിങ് പ്ലാനര്‍മാരും ടൂറിസം വ്‌ളോഗര്‍മാരും അഡ്വഞ്ചര്‍ ടൂറിസം, വെല്‍നെസ് ടൂറിസം, ഫുഡ് ടൂറിസം, റെസ്‌പോണ്‍സിബിള്‍ ടൂറിസം എന്നീ രംഗങ്ങളിലെ വിദഗ്ധരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാര മേഖലകളിലെ സംരഭകരും കോണ്‍ക്ലേവില്‍ പങ്കെടുത്തു. എട്ട് സെഷനുകളിലായി മലബാറിലെ ടൂറിസത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനും ടൂറിസം രംഗം നവീകരിക്കാനുമുള്ള വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. 

To advertise here,

എവര്‍ മലബാര്‍ എന്ന സെഷനില്‍ മലബാറിന്റെ ടൂറിസം സാധ്യതകളെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംങിന് വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. മംഗലാപുരം, കരിപ്പൂര്‍, കണ്ണൂര്‍ എന്നിങ്ങനെ മൂന്ന് വിമാനത്താവളങ്ങള്‍ ഉള്ള മലബാറിന് വെഡ്ഡിങ് ഡെസ്റ്റിനേഷനായി അതിവേഗം വളരാനാവുമെന്നും ബേക്കല്‍ ഫോര്‍ട്ട്, ബാണാസുര തുടങ്ങിയ മലബാറിലെ ടൂറിസം സ്‌പോട്ടുകള്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി പ്രയോജനപ്പെടുത്താനാവുമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 

ആയുര്‍വേദ വെഡ്ഡിങ് തീമിന്റെ സാധ്യതയും മലബാറിന്റെ രുചിഭേദങ്ങള്‍ എങ്ങനെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങിന് പ്രയോജനപ്പെടുത്താമെന്നതും സെഷനില്‍ ചര്‍ച്ചയായി. പ്രിയാല ജന്നിങ് (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് - വാട്ടര്‍മാര്‍ക്ക് വെഡ്ഡിങ്), ശരത് മടത്തില്‍ (ഡിജിഎം മാര്‍ക്കറ്റിങ് - ലീലാ റാവീസ് ഹോട്ടല്‍), രുചിക അറോറ ബെന്‍സാല്‍ (കോ ഫൗണ്ടര്‍ - പ്ലഷ് വെഡ്ഡിങ്, വെഡ്ഡിങ് വിസാര്‍ഡ്) എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. 

മലബാറിലെ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത വൈല്‍ഡ് ട്രെയില്‍സ് ഹിഡണ്‍ ടെയില്‍സില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മലബാറിലെ അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങളും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പ്രധാന അഡ്വഞ്ചര്‍ ടൂറിസം ഇവന്റ്‌സിന്റെ പ്രത്യേകതളും അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ടൂറിസം വിജയകരമായി നടപ്പാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മലബാറില്‍ ടൂറിസം വകുപ്പ് നടത്തുന്ന പ്രധാന അഡ്വഞ്ചര്‍ ടൂറിസം ഇവന്റ്‌സും സെഷനില്‍ ചര്‍ച്ചായായി. ഡോ. രവീന്ദര്‍ (ഡോഗ്ര അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍ഐഡബ്ല്യൂഎസ് ഐഐടിടിഎം, ഗോവ), ബിനു കുര്യാക്കോസ് (സിഇഒ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍) എന്നിവരാണ് സെഷനില്‍ പങ്കെടുത്തത്. മൈസ് ബിസിനസ്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മലബാറില്‍ ഏതെല്ലാം മേഖലകളില്‍ വികസനം വേണം, മൈസിനെ ആകര്‍ഷിക്കുന്നതില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ സെഷനില്‍ ചര്‍ച്ചയായി. 

നവമാധ്യമങ്ങളിലൂടെ ടൂറിസം കേന്ദ്രങ്ങള്‍ യാത്രാപ്രേമികളിലേക്ക് എത്തുന്ന കാലത്ത് വ്‌ളോഗേഴ്‌സിന്റെ കാഴ്ചകളിലെ മലബാറിനെ കുറിച്ചാണ് മലബാര്‍ഡ് അണ്‍കവേര്‍ഡില്‍ ചര്‍ച്ച ചെയ്തത്. ട്രാവല്‍ വ്‌ളോഗര്‍മാരായ പിയ ഡിയോള്‍, എസ്. ശ്രീജിത്ത് എന്നിവര്‍ സെഷനില്‍ സംസാരിച്ചു. ടൂറിസം രംഗം നേരിടുന്ന അപര്യാപ്തതകള്‍, മലബാറിലെ അണ്‍കവേര്‍ഡ് ഡെസ്റ്റിനേഷനുകള്‍ വിനോദസഞ്ചാരികളിലേക്ക് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവയും അണ്‍കവേര്‍ഡ് ഡെസ്റ്റിനേഷനില്‍ അവതരിപ്പിച്ചു. 

വെല്‍നെസ് ടൂറിസത്തില്‍ മലബാറിനെ എങ്ങനെ അടയാളപ്പെടുത്താം എന്നതായിരുന്നു ഹീലിങ്  ഹൊറിസോണ്‍ സോള്‍ ഓഫ് മലബാറില്‍ ചര്‍ച്ചയായത്. മലബാറിനെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് നമ്മുടെ പ്രകൃതിയും കാലാവസ്ഥയുമെല്ലാം ചേര്‍ന്ന് നല്‍കുന്ന ഹോളിസ്റ്റിക് എക്‌സ്പീരിയന്‍സാണ്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലബാറിലേക്ക് എത്താന്‍ മാര്‍ക്കറ്റിങ് കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്ന് രാവീസ് കടവിലെ ആയുര്‍വേദ ഫിസിഷ്യന്‍ സോനാ മലയില്‍ പറഞ്ഞു. 

നമ്മുടെ രാജ്യത്തേക്ക് വരാന്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. പല രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഇങ്ങോട്ട് വിമാന സര്‍വീസുകള്‍ ഇല്ല. ഇതെല്ലാം പരിഹരിച്ചാല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാവുമെന്ന് തുല ക്ലിനിക്കല്‍ വെല്‍നെസ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജാവേദ് ഖാന്‍ പറഞ്ഞു. കേരളത്തിന് വെല്‍നെസ് ടൂറിസത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്. എന്നാല്‍ ആയുര്‍വേദ ആശുപത്രികളില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കിട്ടുമെന്ന് പോലും പലര്‍ക്കും അറിയില്ലെന്ന് ആയുര്‍വേദമന ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ സജീവ് കുറുപ്പ് പറഞ്ഞു. 

മലബാറിന്റെ രുചിഭേദങ്ങള്‍ എങ്ങനെ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം എന്നതായിരുന്നു ടെയില്‍ ആന്‍ഡ് ടേസ്റ്റ് ഓഫ് മലബാര്‍ സെഷന്‍ ചര്‍ച്ച ചെയ്തത്. സെലിബ്രിറ്റി ഷെഫ് അബിദ റഷീദ്, പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌സ് സിഇഒ സുമേഷ് ഗോവിന്ദ്, മാമ്പള്ളീസ് റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയുടെ രേണുക ബാല എന്നിവര്‍ മലബാറിന്റെ ഭക്ഷണ പെരുമയെക്കുറിച്ചും അവ എങ്ങനെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു എന്നതിനെ കുറിച്ചും സംസാരിച്ചു. വിനോദസഞ്ചാര മേഖലയിലേക്ക് എങ്ങനെ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് എത്തിക്കാം എന്നതിനെ കുറിച്ചുള്ള ആശയങ്ങള്‍ (പ്രസിഡന്റ് ടൈ കേരള ആന്‍ഡ് സീനിയര്‍ പാര്‍ടണര്‍, വര്‍മ ആന്‍ഡ് വര്‍മ സിഎ) പങ്കുവെച്ചു.