തെന്മല(കൊല്ലം): അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്ക് തുറന്നുകൊടുക്കാത്തത് വനംവകുപ്പിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നു. കൊല്ലം ജില്ലയിൽ പാലരുവി വെള്ളച്ചാട്ടത്തിന്റെ അത്രയുംതന്നെ പ്രാധാന്യമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുംഭാവുരുട്ടി.

To advertise here,

പുനലൂരിൽനിന്ന് അലിമുക്ക്-അച്ചൻകോവിൽ കാനനപാതയിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചും ആര്യങ്കാവ് വഴി ചെങ്കോട്ട-അച്ചൻകോവിൽ റോഡിലൂടെ 30 കിലോമീറ്റർ യാത്രചെയ്തും ഇവിടെ എത്താനാകും. കേരള-തമിഴ്നാട് അതിർത്തിപ്രദേശമായതിനാൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ സീസണിലുമെത്തിയിരുന്നത്.

കഴിഞ്ഞ സീസണിൽ കുറച്ചുനാളെങ്കിലും കേന്ദ്രം തുറന്നുപ്രവർത്തിച്ചെങ്കിലും ഇത്തവണ ഇതുവരെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ജലപാതത്തിലേക്ക് ഇറങ്ങാനുള്ള തുകയും വാഹന പാർക്കിങ് ഫീസും ഉൾപ്പെടെ ലഭിക്കാത്തത് കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്.

‘ലക്ഷങ്ങൾ ചെലവഴിച്ചതിൽ അന്വേഷണം വേണം’

കുംഭാവുരുട്ടി ജലപാതത്തിൽ മലവെള്ളപ്പാച്ചിൽമൂലം അപ്രതീക്ഷിതമായി വെള്ളമുയർന്നിട്ടുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്താൻ ലക്ഷങ്ങളാണ് മുടക്കിയത്.

വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് വനത്തിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് കൂടുതലാകുമ്പോൾ അപകടസൂചകമായി അലാറം മുഴങ്ങും. ഈ സംവിധാനം നിലവിൽ പ്രവർത്തിക്കുന്നില്ല. ജീവനക്കാർക്കായി വാങ്ങിയ അഞ്ച് വോക്കിടോക്കിയും പ്രവർത്തനരഹിതമാണ്. മൊബൈലുകൾക്ക് കാര്യമായ സിഗ്നൽ ലഭിക്കാത്ത പ്രദേശമാണിത്.

സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും മൈക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളും വാങ്ങിയിരുന്നു. തുക മുടക്കിയിട്ടും സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ട്.

ഇല്ലാതാകുന്നത് തൊഴിൽസാധ്യത

ജലപാതം തുറക്കാനുള്ള നടപടിയില്ലാത്തത് അച്ചൻകോവിൽ പ്രദേശത്തെ ഒട്ടേറെപ്പേരുടെ തൊഴിൽസാധ്യത അടയ്ക്കുന്നു.നിലവിൽ കുംഭാവുരുട്ടിക്കു തൊട്ടടുത്തുള്ള മണലാർ വെള്ളച്ചാട്ടം തുറന്നുകൊടുത്തിട്ടുണ്ട്. വളരെക്കുറച്ച് ആളുകൾക്കുമാത്രമാണ് ഇവിടെനിന്ന് തൊഴിൽ ലഭിക്കുന്നത്.