കോഴിക്കോട്: വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കോഴിക്കോട് കടപ്പുറത്തിന്റെ സൗന്ദര്യം കണ്ടാസ്വദിച്ച് യാത്രചെയ്യാൻ ഡബിൾ ഡക്കർ ബസ് സർവീസാരംഭിച്ചു. പൊതുജനങ്ങൾക്കായുള്ള കന്നിയാത്രയിൽത്തന്നെ ബസിന്റെ മേൽത്തട്ട് നിറഞ്ഞു. ഹിറ്റുഗാനങ്ങൾ പരന്നൊഴുകിയ വൈദ്യുത ബസിൽ വേനലവധിക്ക് സ്‌കൂളടച്ചതിന്റെ ആഘോഷത്തിനെത്തിയ കുട്ടികളും വാരാന്ത്യസന്ധ്യ ആനന്ദകരമാക്കാനെത്തിയ കുടുംബങ്ങളാലും നിറഞ്ഞു.

To advertise here,

ബസിന്റെ ഫ്‌ളാഗ്ഓഫ് 17 ദിവസം മുൻപ് നടന്നെങ്കിലും മാനാഞ്ചിറയിലേക്കും ബീച്ച് റോഡിലേക്കുമെല്ലാമുള്ള കന്നിയാത്രയായിരുന്നു വെള്ളിയാഴ്ച വൈകീട്ടേത്. നാലരയ്ക്ക് ആദ്യയാത്ര നടന്നതിന്റെ പിന്നാലെ ആറരയ്ക്കും എട്ടിനും പത്തിനുമെല്ലാം സർവീസ് നടന്നു. ബസിന്റെ ഇരട്ട ഉയരത്തിലിരുന്ന് കടലോരവും കനോലികനാലും കണ്ട് 28 കിലോമീറ്റർ നീളുന്ന യാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്.

മുകൾത്തട്ടിലെ യാത്രയ്ക്ക് 200 രൂപയാണ് ടിക്കറ്റ്. താഴെ ഇതിന്റെ പകുതിയാണെങ്കിലും ഒരാൾപോലും കന്നിയാത്രയിൽ അതെടുത്തില്ല. യാത്രയ്ക്ക് തടസ്സമായി താഴ്ന്നുനിൽക്കുന്ന ചില മരക്കൊമ്പുകളും റോഡിന് കുറുകേയുള്ള കേബിളുകളുമുണ്ട്. ബസ് ജീവനക്കാർ ഇവ വടികൊണ്ട് ഉയർത്തിയാണ് യാത്രതുടരുന്നത്. ഇതിനു ബന്ധപ്പെട്ടവർ ഇത്രയേറെ ദിവസമായിട്ടും പരിഹാരംകണ്ടിട്ടില്ല.

കുറഞ്ഞ ചെലവിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കണ്ടുതീർക്കാം എന്നതിനാൽ കുടുംബമായി എത്തുന്നവർക്കും വിദ്യാർഥികൾക്കും ഈ പദ്ധതി ഏറെ ഗുണകരമാകുമെന്ന് കന്നിയാത്രയിലെ അംഗങ്ങളായ എ.എൽ. ഷിയാസും കെ. ഷാജിയും 'മാതൃഭൂമി'യോട് പറഞ്ഞു. പല കെട്ടിടങ്ങളുടെയും ഭംഗിയും ബീച്ചിൽ അടിഞ്ഞുകിടക്കുന്ന മാലിന്യത്തോതും ഈ യാത്രയിലാണ് ബോധ്യപ്പെട്ടതെന്ന് അധ്യാപികയായ ഷീഷാൻ പറഞ്ഞു.

ടിക്കറ്റ് ഓൺലൈനിലും

ഓൺലൈൻ ടിക്കറ്റുകൾ onlineksrtcswift.com-ൽ ലഭ്യമാകുമെന്ന് ഡബിൾ ഡക്കർ കോഡിനേറ്റർ സൂരജ് വ്യക്തമാക്കി. മലബാറിലെ ആദ്യ ഡബിൾ ഡക്കർ ബസാണിത്.