നവിമുംബൈ: കൊങ്കൺ റെയിൽവേ കാർ റോൾ ഓൺ റോൾ ഓഫ് സർവീസ് വിപുലീകരിക്കുന്നു. കഴിഞ്ഞ ഗണേശോത്സവ സീസണിൽ ആരംഭിച്ച പദ്ധതി ആവശ്യക്കാർ കൂടിയതിനെത്തുടർന്നാണ് മൂന്നു സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്.

To advertise here,

ബുധനാഴ്ച വാഷിയിലെ സിഡ്‌കോ എക്സിബിഷൻ സെന്ററിൽ നടന്ന 35-ാം വാർഷികാഘോഷ പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. രത്നഗിരി, സംഗമേശ്വർ, സാവന്ത് വാഡി സ്റ്റേഷനുകളിലേക്കാണ് പുതുതായി പദ്ധതി വ്യാപിപ്പിക്കുന്നത്.

തുടക്കത്തിൽ കോലാഡ് സ്റ്റേഷനിൽനിന്ന് ഗോവയിലെ വെർണ വരേയായിരുന്നു കാർ റോ-റോ സർവീസ്. പിന്നീടിത് നന്ദ്ഗാവ് വരെ നീട്ടി. ദീർഘദൂരം കാറോടിച്ച് പോകുന്ന ബുദ്ധിമുട്ട് ഒഴിവാകുമെന്നതിനാൽ ഉത്സവ സീസണുകളിൽ കൂടുതലാളുകൾ റോ-റോ സർവീസിനെ ആശ്രയിക്കുമെന്ന് ചെയർമാൻ സന്തോഷ് കുമാർ ഝാ പറഞ്ഞു.

കോർപ്പറേഷന്റെ 1150 കോടി രൂപയുടെ വായ്പാ കുടിശ്ശിക ഇതിനകം അടച്ചുതീർത്തെന്നും ബാക്കിയുള്ള 600 കോടി അടുത്ത സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ അടച്ചുതീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ കൂട്ടായ പ്രവർത്തനമാണ് കോർപ്പറേഷന്റെ വിജയത്തിനുപിന്നിലെന്ന് വ്യക്തമാക്കിയ ചെയർമാൻ 5,104 ജീവനക്കാർക്ക് 17,591 രൂപ വീതം ബോണസ് നൽകുന്നതായി അറിയിച്ചു. മികച്ച സേവനം നടത്തിയ ജീവനക്കാർക്ക് സ്ഥാപകദിന പുരസ്കാരം സമ്മാനിച്ചു. കൊങ്കൺ റെയിൽവേയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.

സ്ഥാപക മാനേജിങ് ഡയറക്ടറായിരുന്ന ഇ. ശ്രീധരന്റേതുൾപ്പെടെ മുൻ മേധാവികളുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. ഫിനാൻസ് ഡയറക്ടർ രാജേഷ് എം ഭഡാങ്‌, ഓപ്പറേഷൻ ഡയറക്ടർ സുനിൽ ഗുപ്ത, വർക്സ് ഡയറക്ടർ രാജീവ് കുമാർ മിശ്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു.