താമരശ്ശേരി ചുരം കയറി വയനാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ആദ്യ സ്വാഗതം ചെയ്യുന്നത് കൊടും വേനലിലും വറ്റാത്തൊരു ശുദ്ധജല തടാകമാണ്. വയനാട്ടില്‍ ഏതുസമയത്തും ഏറ്റവുമധികം സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകമാണിത്. സമുദ്രനിരപ്പില്‍ നിന്ന് 6900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ വയനാടിന്റെ വാല്‍ക്കണ്ണാടി എന്നുപോലും വിശേഷിപ്പിക്കാറുണ്ട്.
വയനാട്ടിലേക്കുള്ള യാത്രകളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തൊരിടമാണ് പൂക്കോട് തടാകമെന്നാണ് കേരളത്തിന്റെ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശേഷിപ്പിക്കുന്നത്. കാടുകളാല്‍ ചുറ്റപ്പെട്ട ഒരു തടാകം. പച്ചപ്പ് നിറഞ്ഞ ശാന്ത സുന്ദരമായ അന്തരീക്ഷം. താമരപ്പൂക്കള്‍ വെള്ളത്തില്‍ ചിതറിക്കിടക്കുന്നുണ്ടാകും. സാമൂഹിക മാധ്യമത്തിലിട്ട കുറിപ്പില്‍ പൂക്കോട് തടാകത്തെ ഇങ്ങനെയൊക്കെയാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.
മൂന്ന് കുന്നുകള്‍ക്കിടയിലായി ഒരുവേനലിലും വറ്റാത്ത നിറഞ്ഞുനില്‍ക്കുന്ന ഈ തടാകത്തിന് ചുറ്റിലും നീളുന്ന വഴിയോരങ്ങളിലെല്ലാം കാഴ്ച കണ്ടിരിക്കാന്‍ ഇരിപ്പിടങ്ങളും ധാരളം ഒരുക്കിയിട്ടുണ്ട്. പൊള്ളുന്ന
വേനലിലും തടാകത്തിന്റെ പ്രദേശങ്ങളില്‍ സദാ കുളിര് ഘനീഭവിച്ചു നില്‍ക്കുന്നു. നൂല്‍മഴ ഒഴിയാത്ത ലക്കിടിയുടെ കുന്നുകള്‍ക്കിടയില്‍ നാല്‍പ്പതടിയോളം താഴ്ചയുള്ള തടാകത്തില്‍ ബോട്ടുയാത്രയ്ക്കായാണ് കൂടുതല്‍ ആളുകളും എത്തുന്നത്.
രാവിലെ ഒമ്പത് മണി മുതല്‍ തുടങ്ങുന്ന യാത്രക്കാരുടെ ഒഴുക്ക് ഇടതടവില്ലാതെ തുടരും. പതിമൂന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തിന് ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുണ്ട്. ശുദ്ധജലമായതിനാല്‍ അനേകം മത്സ്യങ്ങളും ഉഭയ ജീവികളും തടാകത്തിലുണ്ട്. അന്യം നിന്നുപോകുന്ന വേനല്‍തുമ്പികളുടെ ആവാസമേഖലകൂടിയാണിത്. പരിസ്ഥിതി സന്തുലിത വിനോദ സഞ്ചാര കേന്ദ്രമെന്ന ഖ്യാതികൂടിയുണ്ടിതിന്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന നടപ്പാതയിലൂടെ സഞ്ചാരികള്‍ക്ക് പൂക്കോട് തടാകത്തെ വലം വെയ്ക്കാം. പ്രകൃതിയിലേക്കുള്ള ഒരു യാത്ര കൂടിയാണിത്. അനേകം മരങ്ങള്‍ക്കിടയിലൂടെ ആവോളം ശുദ്ധവായു ശ്വസിച്ചുള്ള ഈ നടത്തം തന്നെയാണ് പൂക്കോടിന്റെ മറ്റൊരു ആകര്‍ഷണവും. തടാകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ആവോളം ആസ്വദിക്കാം. വലുതും ചെറുതുമായ അനേകം കാട്ടുമരങ്ങളും വള്ളിപടര്‍പ്പുകളുമെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു.
എല്ലാം ആവാഹിക്കാനുള്ള രസതന്ത്രമാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. മീന്‍ വളര്‍ത്തുകേന്ദ്രമായും പൂക്കോടിന് മറ്റൊരു വിലാസമുണ്ട്. പെത്തിയ പൂക്കോടന്‍സിസ് എന്ന അപൂര്‍വ്വ മത്സ്യത്തിന്റെ ആവാസകേന്ദ്രം കൂടിയാണ് ഈ തടാകമെന്നാണ് വിലയിരുത്തലുകള്‍. മഴയെന്നോ വെയിലെന്നോ ഉള്ള കാലാവസ്ഥ വ്യത്യാസങ്ങളില്ലാതെ ഏതു സീസണിലും പൂക്കോട് സഞ്ചാരികളെ സ്വീകരിക്കും. കേരളത്തിന്റെ ഇക്കോ ടൂറിസം പദ്ധതികളില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ് പുക്കോട് തടാകം.
Content Highlights: Kerala tourism minister PA Muhammad Riyas explains the beauty of Pookode lake wayanad
Published: 06 Oct 2024, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented