ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ വിമാനത്താവളം) രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശിലെ നോയിഡയ്ക്ക് സമീപമുള്ള ജെവാർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം ഡൽഹിയുടെ തിരക്കേറിയ എയർ ഹബ്ബിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും വടക്കേ ഇന്ത്യയിലേക്ക് ഒരു ആധുനിക വ്യോമഗതാഗത കവാടം തുറക്കാനുമാണ് രൂപകൽപ്പന ചെയ്തത്.
വടക്കേ ഇന്ത്യക്ക് ഒരു പുതിയ വ്യോമഗതാഗത കവാടം
വടക്കേ ഇന്ത്യയിലെ വ്യോമയാത്രയുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനാണ് ജെവാർ വിമാനത്താവളം വികസിപ്പിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ശേഷിയുടെ പരിധിയിൽ പ്രവർത്തിക്കുന്നതിനാൽ, ഈ പുതിയ സൗകര്യം ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു പ്രധാന ബദൽ കേന്ദ്രമായി പ്രവർത്തിക്കും.
വിമാനത്താവളത്തിന്റെ ആദ്യഘട്ടം തന്നെ ലോകോത്തര യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സുഗമമായ ചെക്ക്-ഇൻ സംവിധാനങ്ങൾ, പാസഞ്ചർ ലോഞ്ചുകൾ, റീട്ടെയിൽ സോണുകൾ, ഡ്യൂട്ടി-ഫ്രീ ഷോപ്പിങ് എന്നിവയുള്ള ആധുനിക ടെർമിനൽ മികച്ച അനുഭവം നൽകും. 3,900 മീറ്റർ റൺവേ വലിയ വൈഡ്-ബോഡി വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതാണ്. ഇത് ആദ്യ ദിവസം മുതൽ നേരിട്ടുള്ള ഇന്റർനാഷണൽ കണക്റ്റിവിറ്റി സാധ്യമാക്കുന്നു.
തുടക്കത്തിൽ, പ്രതിവർഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപുലീകരണ പദ്ധതികളിലൂടെ പ്രതിവർഷം 60 മുതൽ 120 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊണ്ട് ശേഷി വർധിപ്പിക്കാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യോമഗതാഗത കേന്ദ്രങ്ങളിൽ ഒന്നായി ജേവാറിനെ മാറ്റാണ് ഉദ്ദേശിക്കുന്നത്.
ഭാവി കാഴ്ചപ്പാടോടെയുള്ള ഒരു ഹരിത വിമാനത്താവളമാണിത്. സൗരോർജ്ജ സംയോജനം, ജല സംരക്ഷണ സംവിധാനങ്ങൾ, നെറ്റ്-സീറോ കാർബൺ പുറന്തള്ളൽ പ്രവർത്തനം പിന്തുണയ്ക്കുന്നതിനുള്ള നൂതനമായ മാലിന്യ നിർമാർജ്ജന പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വേഗത, സൗകര്യം, കണക്റ്റിവിറ്റി
വലുപ്പംകൊണ്ട് മാത്രമല്ല ജെവാർ വിമാനത്താവളം ശ്രദ്ധനേടുന്നത്. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ആഗ്ര, മറ്റ് പ്രധാന നഗരങ്ങളുമായി വിമാനത്താവളത്തെ സുഗമമായി ബന്ധിപ്പിക്കുന്നതിനായി എക്സ്പ്രസ് വേകളുടെയും ഗതാഗത ലിങ്കുകളുടെയും ഒരു ശൃംഖല തന്നെ വികസിപ്പിക്കുന്നുണ്ട്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം, ഇത് യാത്രാ സമയം കുറയ്ക്കുകയും പ്രധാന നഗരങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഇടയിൽ എളുപ്പത്തിൽ എത്താൻ സഹായിക്കുകയും ചെയ്യും.
- യമുന എക്സ്പ്രസ് വേ വഴിയുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി
- ഗംഗ-യമുന എക്സ്പ്രസ് വേയിലേക്കുള്ള ലിങ്കുകൾ
- ഡൽഹി എൻ.സി.ആറിൽ നിന്നുള്ള വേഗതയേറിയ റോഡ് യാത്ര
- മെട്രോ കണക്റ്റിവിറ്റി
- ബസ്സുകളും ടാക്സികളും ഉൾപ്പെടെയുള്ള മൾട്ടി-മോഡൽ ഗതാഗതം
റിപ്പോർട്ടുകൾ അനുസരിച്ച്, ആദ്യഘട്ടത്തിൽ ഇൻഡിഗോ, അകാസ എയർ പോലുള്ള എയർലൈനുകളിൽ നിന്ന് നേരിട്ടുള്ള ആഭ്യന്തര ഫ്ലൈറ്റുകൾ ജെവാർ വാഗ്ദാനം ചെയ്യും. പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, ലക്നോ, കൊൽക്കത്ത എന്നിവ ഉൾപ്പെടുന്നു.
ജെവാർ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് അതിന്റെ തന്ത്രപരമായ സ്ഥാനമാണ്. ഇത് ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. ഇതൊരു വിനോദസഞ്ചാര കവാടമായും മാറുന്നു.
താജ്മഹൽ, ആഗ്ര
യമുന എക്സ്പ്രസ് വേ വഴി വെറും മൂന്ന് മണിക്കൂറിനുള്ളിൽ ലോകത്തെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിലേക്ക് എത്താം. ജേവാറിൽ വിമാനമിറങ്ങുന്ന യാത്രക്കാർക്ക് മുൻപത്തേക്കാൾ വളരെ വേഗത്തിൽ ആഗ്രയിൽ പ്രവേശിക്കാൻ കഴിയും. ആഗ്ര കോട്ട, മെഹ്താബ് ബാഗ് റിവർഫ്രണ്ട് ഗാർഡൻസ്, ഫത്തേപ്പുർ സിക്രി, പരമ്പരാഗത കരകൗശല വസ്തുക്കൾ, വിഭവങ്ങൾ എന്നിവയും ആസ്വദിക്കാം.
മഥുരയും വൃന്ദാവനും
പുണ്യനഗരങ്ങളായ മഥുരയും വൃന്ദാവനും സൗകര്യപ്രദമായ ദൂരത്തിലാണുള്ളത്. ഈ പട്ടണങ്ങൾ ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള തീർഥാടകരെ ആകർഷിക്കുന്നു. പ്രേം മന്ദിർ, വർണ്ണാഭമായ ഘട്ടുകൾ, ആത്മീയ ഉത്സവങ്ങൾ എന്നിവയും സന്ദർശിക്കാം. പ്രത്യേകിച്ച് ഹോളി സമയത്ത്, ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും വർണ്ണാഭമായസ്ഥലങ്ങളായി മാറുന്നു.
ഡൽഹി
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലേക്ക് എക്സ്പ്രസ് വേ വഴിയും ഭാവിയിലെ മെട്രോ ലിങ്കുകൾ വഴിയും ജേവാറിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, കുത്തബ് മിനാർ, ഹുമയൂൺ ടൂംബ്, മ്യൂസിയങ്ങൾ, മാർക്കറ്റുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
Content Highlights: Discover Noida Jewar Airport, Asia`s largest! Your guide to this ambitious project, connectivity, and top destinations like Taj Mahal, Mathura, and Delhi.
Published: 24 Feb 2026, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented