പയ്യോളി: വേനലവധി കുടുംബസമേതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ച് ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം. ഇത് ആദ്യമായാണ് അവധിക്കാലത്ത് വൈവിധ്യമേറിയ പരിപാടികൾ സർഗാലയയിൽ ഒരുക്കുന്നത്. മേയ് 13 വരെ നടത്തുന്ന പരിപാടിയിൽ എല്ലാവർക്കുമുള്ള വിനോദങ്ങളുണ്ട്. സ്ത്രീകൾക്കായി കഥക് നൃത്തം, ഡാൻസ് തെറാപ്പി, കോലം ശില്പശാലകൾ, കോലമിടൽ മത്സരം എന്നിവയാണുള്ളത്‌. കേരളീയ ചുമർച്ചിത്ര ശില്പശാല, ചിത്രപ്രദർശനം, ബൊഗൈൻവില്ല-ബോൺസായ് പ്രദർശനം, വാണിജ്യസ്റ്റാളുകൾ എന്നിവയുമൊരുക്കി.

To advertise here,

കുട്ടികൾക്കായി...

കുട്ടികൾക്കായി സ്കേറ്റിങ്, മ്യൂറൽ പെയിന്റിങ് വർക്‌ ഷോപ്പ്, പട്ടം തയ്യാറാക്കൽ, പട്ടംപറത്തൽ, റിമോട്ട് കൺട്രോൾ പട്ടങ്ങളുടെ പ്രദർശനം എന്നിവയുമുണ്ട്. ഇതിന്റെ ശില്പശാലയും മറ്റും 10, 11 തീയതികളിൽ നടത്തും. ആകർഷകമായ ഗെയിംസ് സോണുമുണ്ട്. ഇവിടെ ആറിനങ്ങളിൽ മത്സരമുണ്ട്. സമ്മാനവും നൽകും. ഉല്ലാസക്കളികളുമായി കുട്ടികളുടെ പാർക്കും നിലവിൽവന്നു. സാഹസികവിനോദത്തിനായി കുതിരസവാരിയുണ്ട്. വിപുലമായ ഫുഡ്‌ഫെസ്റ്റ്, വിവിധങ്ങളായ കലാപരിപാടികൾ എന്നിവയും അരങ്ങേറും.

ഗുരുവായൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ, ചിത്രകലാ പരിഷത്ത് ജില്ലാകമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ചിത്രപ്രദർശനം. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽനിന്നുള്ള 54 കലാകാരരുടെ ചിത്രങ്ങളാണുള്ളത്. ഇവരുടേതായി 178 ചിത്രങ്ങൾ ഇടംപിടിച്ചു. 10-ന് 100 ചിത്രകാരർ അണിനിരക്കുന്ന രചനയുമുണ്ട്.

ബാർജിൽ ഓപ്പൺ ഡൈനിങ്

സർഗാലയ പാറക്കുളത്തിൽ സ്ഥാപിച്ച ബാർജിലൊരുക്കിയ ഓപ്പൺ ഡൈനിങ്ങാണ് മറ്റൊരുകൗതുകം. സമ്മർ കഫേ-ഫയർ ഫ്ളൈസ് എന്നപേരിലുള്ള ഈ ഡൈനിങ് പ്രശസ്ത ഷെഫ് ആബിദാ റഷീദാണ് ഉദ്ഘാടനംചെയ്തത്. 100 പേർക്ക് ബിരിയാണി കുക്കിങ് ഡെമോൺസ്ട്രേഷനും നടത്തി. ബുഫെ സർവീസോടെ വൈകീട്ട് എഴുമണിമുതൽ 11 വരെ കഫേ പ്രവർത്തിക്കും.

മേയ് 20 വരെ ഇതുണ്ടാകും. പരമ്പരാഗത മലബാർ ഭക്ഷ്യവിഭവങ്ങളോടൊപ്പം ജയ്പുർ സിത്താർ കലാകാരൻ സമീർഖാന്റെ ഇൻസ്ട്രുമെൻറൽ മ്യൂസിക് ലൈവും ഉണ്ടാകും. 60 പേർക്ക് ഒന്നിച്ചിരിക്കാം.

എല്ലാ സീസണിലും സജീവമാക്കുക ലക്ഷ്യം

എല്ലാ സീസണുകളിലും സർഗാലയ ഗ്രാമം സജീവമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥിര ആർട്ട് ഗാലറിയും സ്ഥാപിക്കും. സീനിയർ ജനറൽമാനേജർ ടി.കെ. രാജേഷ്, കെ.കെ. ശിവദാസൻ, സി. സൂരജ്, എസ്. അശോക് കുമാർ എന്നിവർ പങ്കെടുത്തു. പ്രവർത്തനസമയം 13-ാം തീയതിവരെ ദിവസവും 10 മുതൽ എട്ടുവരെ. ശില്പശാലകളിൽ രജിസ്റ്റർചെയ്യാൻ ഫോൺ: 9446304222.