സാധാരണക്കാരായ ജനങ്ങളെ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി ചതിച്ചാണ് ഏതാനും ഏജന്റുമാര്‍ ഇറനില്‍ എത്തിച്ചുകൊണ്ടിരുന്നതെന്നും വിദേശകാര്യ മന്ത്രാലയം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
സാധാരണ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് പ്രവേശനം കിട്ടില്ല. നവംബര്‍ 22 മുതല്‍ വിസയില്ലാതെയുള്ള യാത്ര അനുവദിക്കില്ല. ഇറാന്റെ ടൂറിസം വികസിപ്പിക്കുന്നതിനായി 2024 ഫെബ്രുവരിയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള 30 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ തന്നെ ഇറാനിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
എന്നാല്‍, ഇറാന്‍ നല്‍കിയിരുന്ന ഈ ഇളവുകളെ മുതലെടുത്ത് തൊഴില്‍ തട്ടിപ്പ് സംഘങ്ങള്‍ ഇന്ത്യന്‍ പൗരന്മാരെ ഇറാനിലേക്ക് എത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇറാനിയന്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിസ ഇളവുകള്‍ നല്‍കിയത് വിനോദ സഞ്ചാരത്തിന് പോകുന്നതിനായാണ്. ആറുമാസത്തില്‍ ഒരിക്കല്‍ 15 ദിവസത്തേക്ക് മാത്രമാണ് ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കൂ.
വിസയില്ലാതെ ഇറാനിലെത്തി തൊഴില്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍, സാധാരണക്കാരായ ജനങ്ങളെ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി ചതിച്ചാണ് ഏതാനും ഏജന്റുമാര്‍ ഇറാനില്‍ എത്തിച്ചുകൊണ്ടിരുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ ചതികളില്‍പെട്ട് ഇറാനില്‍ എത്തുന്ന ആളുകളെ ക്രിമിനലുകള്‍ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇത്തരം സംഭവങ്ങള്‍ പലപ്പോഴായി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നവംബര്‍ 22 മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇറാനിലെത്താനുള്ള സൗകര്യം റദ്ദാക്കുന്നതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇനി മുതല്‍ സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളായ വ്യക്തികള്‍ ഇറാനിലേക്കും ഇറാനിലൂടെയും യാത്ര ചെയ്യുന്നതിന് പ്രത്യേകം വിസ നേടണമെന്നും, വിസയില്ലാതെ യാത്ര ചെയ്യാമെന്ന് പറഞ്ഞുള്ള കബളിപ്പിക്കലില്‍ ജാഗ്രത സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഇറാനിലേക്ക് യാത്ര ചെയ്യുന്നതിന്റെ അപകടങ്ങളെ കുറിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നിരവധി ആളുകള്‍ ഇറാനിലെ ക്രിമിനല്‍ സംഘങ്ങളുടെ കെണിയില്‍ പെട്ടിട്ടുണ്ട്. ഇവിടെ ഇറങ്ങിക്കഴിഞ്ഞാല്‍ ഈ സംഘങ്ങള്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍.
Content Highlights: Iran suspends visa-free entry for Indian citizens from Nov 22, citing exploitation by agents. Travel now requires a visa. Learn more about the risks and official advisories.
Published: 18 Nov 2025, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented