യാത്ര ആവേശകരമായ ഒരു അനുഭവമാണ്. അത് നമ്മുടെ കാഴ്ചപ്പാടുകൾ വികസിപ്പിക്കുകയും ആത്മാവിന് ഉണർവേകുകയും ചെയ്യും. എന്നാൽ അനുഭവങ്ങൾ ചിലപ്പോഴൊക്കെ മോശമായെന്നും വരാം. ഈയിടെ, 22-കാരായ ഒരു സോളോ ട്രാവലർ  ജയന്ത് ശർമ ഇന്ത്യൻ പാസ്‌പോർട്ടുമായി ലോകം ചുറ്റിയ തൻ്റെ അനുഭവം പങ്കുവെക്കുകയുണ്ടായി. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുണ്ടെങ്കിൽ മറ്റുള്ളവരെക്കാൾ കൂടുതൽ സൂക്ഷ്മപരിശോധന നേരിടേണ്ടി വരുമെന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അദ്ദേഹം ആരോപിച്ചത്. 

To advertise here,

'യാത്ര ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമ എന്ന നിലയിൽ എനിക്ക് നേരിടേണ്ടിവന്ന യാത്രയുടെ മോശം വശം. അത് ഗൈഡ്ബുക്കുകളിലല്ല, റീലുകളിലിലല്ല, വിമാനങ്ങളിലോ എയർപോർട്ട് ലോഞ്ചുകളിലോ അല്ല. അത് തുറിച്ചുനോട്ടങ്ങളിലാണ്. നിശബ്ദതയിലാണ്. നിങ്ങളുടെ മനുഷ്യത്വം തെളിയിക്കാൻ നിങ്ങളെ നിര്‍ബന്ധിപ്പിക്കുന്ന രേഖകളിലാണ്', ജയന്ത് എഴുതി. 

ഇമിഗ്രേഷൻ തനിക്ക് വെറുമൊരു ചെക്ക്‌പോയിന്റ് മാത്രമല്ല, മറിച്ച് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയും കർശനമായി നിരീക്ഷിക്കുകയും ഒരു വിനോദസഞ്ചാരിയെന്നതിൽ ഉപരി ഒരു അപകടകാരിയായി തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരിടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെപ്പോലുള്ള യുവ സഞ്ചാരികൾക്ക് എവിടേയ്ക്ക് പോകണം എന്ന് തീരുമാനിക്കുന്നതല്ല, മറിച്ച് തങ്ങൾ മടങ്ങിവരുമെന്ന് തെളിയിക്കുന്നതാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

'ഏഴ് ദിവസത്തെ യാത്രയ്ക്ക് ഞാൻ എന്തിന് അർഹനാണെന്ന് ന്യായീകരിക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുതയിലുണ്ട് അത്. എവിടേയ്ക്ക് പോകണമെന്ന് പദ്ധതിയിടുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ 'തിരിച്ചുവരും' എന്ന് എംബസികളെ ബോധ്യപ്പെടുത്താനാണ് ചെലവഴിച്ചത്. ഒരു വാക്ക് ഉച്ചരിക്കുന്നതിന് മുൻപ് തന്നെ, ഒരു ബോർഡർ കൺട്രോൾ ഓഫീസർക്ക് മൂന്ന് സെക്കൻഡ് നോട്ടംകൊണ്ട് അതൊരു ഭീഷണിയായി എന്നെ തോന്നിപ്പിക്കാൻ കഴിയും എന്നതിലാണ് അത്.' ജയന്ത് എഴുതി.

'ഇത് സഹതാപം പിടിച്ചുപറ്റാനുള്ള ഒരു പോസ്റ്റല്ല. ഇതൊരു യാഥാർത്ഥ്യബോധമാണ്. അപമാനിക്കപ്പെടുകയും യാത്ര വൈകുകയും അവഗണിക്കപ്പെടുകയും ചെയ്ത ഓരോ ഇന്ത്യൻ യാത്രക്കാരനെയും ഞാൻ കാണുന്നു. ലോകം ചുറ്റിക്കാണാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് തെളിയിക്കാൻവേണ്ടി നമുക്കൊരിക്കലും പോരാടേണ്ടി വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഞങ്ങൾക്ക് പ്രത്യേക പരിഗണന ആവശ്യമില്ല. അതിരുകളില്ലാതെ സ്വപ്നം കാണാനുള്ള അവകാശം മാത്രമാണ് ഞങ്ങൾക്കാവശ്യം' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.  

പോസ്റ്റ് പിന്നീട് ഇൻസ്റ്റാഗ്രാമിൽ വൈറലായി. തങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയുന്ന ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് നിരവധി ആളുകൾ ജയന്തിന് നന്ദി പറഞ്ഞു. മറ്റുചിലർ അദ്ദേഹത്തിൻ്റെ സത്യസന്ധതയെ അഭിനന്ദിക്കുകയും സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രം കാണുന്ന യാത്രയുടെ മറ്റൊരു വശത്തേക്ക് വെളിച്ചം വീശിയതിന് പ്രശംസിക്കുകയും ചെയ്തു.