ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക 2025-ല്‍ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ തന്നെ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് അനുസരിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാനാകുമെന്നാണ് റിപ്പോര്‍ട്ട്. 85ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 77ാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ ഈ നേട്ടം ലഭിച്ചിരിക്കുന്നത്.
മലേഷ്യ, മാലദ്വീപ്, തായ്‌ലാന്റ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇതിനൊപ്പം മ്യാന്‍മര്‍, ശ്രീലങ്ക, ഖത്തന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും നല്‍കുന്നുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി കൂടുതല്‍ രാജ്യങ്ങള്‍ പ്രവേശനം അനുവദിച്ചതോടെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 29 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും.
പ്രവേശന വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കുന്ന രാജ്യങ്ങളെയാണ് വിസ ഫ്രീ കണ്‍ട്രീസ് എന്ന് വിശേഷിപ്പിക്കുന്നത്. വിസയ്ക്ക് അപേക്ഷ സമര്‍പ്പിച്ചുള്ള കാത്തിരിപ്പും പണച്ചെലവും ഉള്‍പ്പെടെയുള്ളവയാണ് ഇതുവഴി ലാഭം. വിമാന ടിക്കറ്റിന്റെ ചിലവ് മാത്രമായിരിക്കും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വരുന്ന മുടക്ക്. ഇങ്ങനെ എത്തുന്ന യാത്രക്കാര്‍ക്ക് ആഴ്ചകളോളം താമസിക്കാനുള്ള അനുമതിയും ചില രാജ്യങ്ങള്‍ നല്‍കുന്നുണ്ട്.
യാത്രയ്ക്ക് മുമ്പ് എംബസ്സി മുഖേനയോ ഓണ്‍ലൈനായോ അപേക്ഷിക്കാതെ തന്നെ ആ രാജ്യത്ത് എത്തിയ ശേഷം ലഭിക്കുന്ന വിസയാണ് ഓണ്‍ അറൈവല്‍ വിസ. ഇത്തരം രാജ്യങ്ങളില്‍ എത്തിയ ശേഷം ഓണ്‍ അറൈവല്‍ വിസ കൗണ്ടറിലെത്തി വിസ എടുക്കാനാകും. പാസ്‌പോര്‍ട്ട്, മടക്കയാത്രയ്ക്കുള്ള ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് റെസീപ്റ്റ് തുടങ്ങിയ രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കിയാല്‍ ഇത്തരം വിസ ലഭിക്കും. ഇത് ലഭിച്ചാല്‍ പിന്നെ ആ രാജ്യത്ത് സഞ്ചരിക്കാന്‍ വിലക്ക് നേരിടില്ല.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങള്‍
ഭൂട്ടാന്‍, ഇറാന്‍, ജമൈക്ക, കസാഖിസ്ഥാന്‍, കെനിയ, മലേഷ്യ, നേപ്പാള്‍, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, കുക്ക് ദ്വീപുകള്‍, ഡൊമിനിക്ക, ഫിജി, ഗ്രനേഡ, ഹെയ്തി, കിരിബാത്തി, മകാവു, മഡഗാസ്‌കര്‍, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്‌സെറാത്ത്, നിയുവെ, റുവാണ്ട, സെനഗല്‍, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡീന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വനുവാതു, അംഗോള, ബാര്‍ബഡോസ്.
ഓണ്‍ അറൈവല്‍ വിസയില്‍ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങള്‍
ഇന്തോനേഷ്യ, ജോര്‍ദാന്‍, മാലദ്വീപ്, ബൊളീവിയ, മ്യാന്‍മാര്‍, ശ്രീലങ്ക, സിംബാബ്വെ, ബുറുണ്ടി, കംബോഡിയ, കേപ്പ് വെര്‍ദെ ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, ജിബൂട്ടി, എത്യോപ്യ, ഗിനി-ബിസാവു, ലാവോസ്, മാര്‍ഷല്‍ ദ്വീപുകള്‍, മംഗോളിയ, മൊസാംബിക്ക്, നമീബിയ, പലാവു ദ്വീപുകള്‍, ഖത്തര്‍, സമോവ, സിയറ ലിയോണ്‍, സൊമാലിയ, സെന്റ് ലൂസിയ, ടാന്‍സാനിയ, തിമോര്‍-ലെസ്റ്റെ, ടുവാലു.
Content Highlights: Indian passport holders can now travel visa-free to 59 countries! Ranking improved to 77th place
Published: 23 Jul 2025, 08:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented