പാലക്കാട്: ബാബു കയറി പ്രസിദ്ധമായ മലമ്പുഴ കൂർമ്പാച്ചിമലയിലേക്ക് ഒന്ന് കയറിനോക്കിയാലോ..? ഇങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കിൽ ഓർത്തോളൂ, മലകയറിയാൽ ഇനി മുട്ടൻ പണികിട്ടും. അപകടമേഖലയായ മലമ്പുഴ കൂർമ്പാച്ചിമലയിൽ അനധികൃതമായി കയറുന്നത് വിലക്കിയിരിക്കയാണ് ജില്ലാ ഭരണകൂടം. 

To advertise here,

അതിക്രമിച്ച് കയറുന്നവർക്കെതിരേ കേസെടുക്കാനും പിഴചുമത്താനും തീരുമാനിച്ചിട്ടുണ്ട്. കൂർമ്പാച്ചിമലയിൽ ആളുകൾകയറുന്നത് നിയന്ത്രിക്കുന്നതിനും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള തീരുമാനങ്ങൾ എടുക്കുന്നതിനായി കളക്ടർ മൃൺമയി ജോഷിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം.

കൂർമ്പാച്ചിമല ഇക്കോടൂറിസ പ്രദേശമല്ല. അതിനാൽ, മലയുടെ അപകടംസംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥലത്ത് സ്ഥാപിക്കും. അതിക്രമിച്ച് കയറുന്നവർക്കെതിരേ വനം വകുപ്പിനും പോലീസിനും നടപടി സ്വീകരിക്കാം. കുറ്റക്കാർക്ക് 25,000 രൂപവരെ പിഴയോ തടവ് ശിക്ഷയോ ലഭിക്കും.

ഇതുസംബന്ധിച്ച് തദ്ദേശവാസികൾക്ക് ആവശ്യമായ ബോധവത്കരണം വിവിധ വകുപ്പുകളും ഗ്രാമപ്പഞ്ചായത്ത് അധികൃതരും ചേർന്ന് നൽകും. ശിക്ഷാനടപടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം ഓൺലൈൻ, ഓഫ്‌ലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും.

പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പട്രോളിങ് നടത്തും. സഹായത്തിന് സിവിൽ ഡിഫൻസ് വൊളന്റിയർമാരുമുണ്ടാവും. കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ചെറാട് സ്വദേശിയായ ബാബുവിനെ രക്ഷപ്പെടുത്താൻ പ്രവർത്തിച്ചവരെ കളക്ടർ അഭിനന്ദിച്ചു.

എ.ഡി.എം. കെ. മണികണ്ഠൻ, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പാലക്കാട് ഡി.എഫ്.ഒ. കുറ ശ്രീനിവാസ്, മുൻ ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജ്, മലമ്പുഴ പഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, സിവിൽ ഡിഫൻസ് പ്രതിനിധി വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.