ഹാന്റാ വൈറസ് ബാധയുടെ ആശങ്കയിലാണ് ലോകം ഇപ്പോൾ. കപ്പലിലെ മൂന്ന് യാത്രക്കാരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇവർ ഉൾപ്പെടെ എട്ട് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആഗോളതലത്തിൽ കോൺടാക്ട് ട്രെയ്‌സിങ്ങിന് ലോകാരോഗ്യസംഘടന നിർദേശിച്ചിരുന്നു. എംവി ഹോഡിയസ് എന്ന ഡച്ച് കപ്പലാണ് ഹാന്റാ വൈറസ് ബാധയുടെ പ്രഭവകേന്ദ്രം. ഇപ്പോഴിതാ ഈ ആഡംബര ക്രൂസ് കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ ചർച്ചയാകുകയാണ്.

To advertise here,

ലോകത്തെ വിദൂരമായ ഇടങ്ങളിലെ ഐസ് നിറഞ്ഞ ജലാശയങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത കപ്പലാണ് എംവി ഹോൺഡിയസ്. അറ്റ്‌ലാന്റിക്കിലൂടെയും ധ്രുവപ്രദേശങ്ങളിലൂടെയുമുള്ള സഞ്ചാരത്തിനായാണ് ഇപ്പോൾ യാത്രക്കാരുമായി കപ്പൽ പുറപ്പെട്ടത്. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ഓഷ്യൻവൈഡ് എക്‌സ്‌പെഡിഷൻസാണ് കപ്പലിന്റെ ഉടമയായ കമ്പനി. 42 ദിവസം നീണ്ട യാത്രയ്ക്കാണ് കപ്പൽ പുറപ്പെട്ടത്.

2019-ലാണ് എംവി ഹോൺഡിയസ് നീറ്റിലിറങ്ങിയത്. 107 മീറ്റർ (353 അടി) നീളമുള്ള ഈ കപ്പൽ ലോകത്തെ ആദ്യത്തെ രജിസ്റ്റർ ചെയ്യപ്പെട്ട പോളാർ ക്ലാസ് 6 കപ്പലാണ്. ധ്രുവപ്രദേശങ്ങളിലെ ഐസ് നിറഞ്ഞ ജലാശയങ്ങളിൽ സഞ്ചരിക്കാനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത എംവി ഹോൺഡിയസിന് 170 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്.

12 ചതുരശ്ര മീറ്റർ വലിപ്പമുള്ള ചെറിയ മുറികൾ മുതൽ 26 ചതുരശ്ര മീറ്റർ വലിപ്പവും സ്വകാര്യ ബാൽക്കണിയുമുള്ള ഗ്രാൻഡ് സ്വീറ്റ് വരെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള 80 കാബിനുകളാണ് കപ്പലിലുള്ളത്.

നിരീക്ഷണ ലോഞ്ച്, ലെക്ചർ മുറി, വന്യജീവികളെ കാണുന്നതിനായുള്ള വിശാലമായ ഡെക്ക് ഏരിയ എന്നിവയ്‌ക്കൊപ്പം സ്വകാര്യ ശുചിമുറികൾ, സ്റ്റോറേജ് സ്‌പേസുകൾ, പണം നൽകി ഉപയോഗിക്കാവുന്ന വൈഫൈ സംവിധാനം തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം കപ്പലിൽ ഒരുക്കിയിട്ടുണ്ട്. കപ്പൽ നിയന്ത്രിക്കുന്ന നാവിഗേഷൻ മുറി സന്ദർശിക്കാൻ അതിഥികൾക്ക് അവസരമൊരുക്കുന്ന ഓപ്പൺ ബ്രിഡ്ജ് നയവും മറ്റൊരു സവിശേഷതയാണ്.

7800 ഡോളർ (ഏകദേശം 7.34 ലക്ഷം രൂപ) മുതൽ 26550 ഡോളർ (ഏകദേശം 25 ലക്ഷം രൂപ) വരെയാണ് കപ്പലിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. യാത്രാ പദ്ധതി, ദൈർഘ്യം, തിരഞ്ഞെടുക്കുന്ന കാബിൻ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്.

കപ്പലിനുള്ളിലെ പണമിടപാടുകൾ ക്രെഡിറ്റ് കാർഡ് വഴിയോ പണമായോ യൂറോയിലാണ് നടത്താൻ കഴിയുക. കപ്പലിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായിരിക്കണം എന്ന നിബന്ധനയുമുണ്ട്.