ഗുരുവായൂർ: ഗുരുവായൂർ-തിരുവനന്തപുരം ഇന്റർ സിറ്റി എക്‌സ്പ്രസിലെ യാത്ര ഇനി സുഖകരം. എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) എന്നറിയപ്പെടുന്ന ആധുനികരീതിയിലേക്ക് കോച്ചുകളെല്ലാം മാറി. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള സ്റ്റെയ്ൻലെസ് സ്റ്റീൽ എൽഎച്ച്ബി കോച്ചുകളാണിവ. ഇന്ത്യൻനിർമിത ഐസിഎഫ് (ഇന്റഗ്രൽ കോച്ച് ഫാക്ടറി) കോച്ചുകളായിരുന്നു നേരത്തേ. അതിന്റെ രൂപവും നിറവും പാടെ മാറി.

To advertise here,

കുറഞ്ഞ ഭാരമുള്ളവയാണ് കോച്ചുകൾ. ഓടുമ്പോൾ ശബ്ദം കുറവാണ്. കുലുക്കവുമുണ്ടാകില്ല. വണ്ടികളുടെ വേഗം കൂടും. സാങ്കേതികസൗകര്യങ്ങൾ കൂടുതലുള്ളതാണ് ഇതിന്റെ ബ്രേക്കിങ് സംവിധാനം. അതുകൊണ്ട് നിർത്തേണ്ട സ്റ്റേഷന് 500 മീറ്റർ ദൂരെനിന്നുമാത്രം ബ്രേക്ക് പിടിച്ചാൽ മതി. പഴയ കോച്ചുകളാകുമ്പോൾ ഒരു കിലോമീറ്റർ മുൻപേ പിടിച്ചുതുടങ്ങണം. വലിയ വളവുകൾ തിരിയുമ്പോൾ വണ്ടിയുടെ വേഗം കുറയ്ക്കാതെത്തന്നെ ഓട്ടോമാറ്റിക് സംവിധാനത്തോടെ പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്റർ സിറ്റിക്ക് മൊത്തം 20 കോച്ചുകളാണുണ്ടായിരുന്നത്. അവ 18 എണ്ണമാക്കി ചുരുക്കുകയും ഓരോ കോച്ചിന്റെയും നീളവും സൗകര്യവും കൂട്ടുകയും ചെയ്തു. 22 മീറ്റർ നീളമുണ്ടായിരുന്നത് 24 മീറ്ററാക്കി. സീറ്റുകളെല്ലാം പുത്തൻരീതിയിലാക്കി. ടോയ്ലെറ്റ് സൗകര്യങ്ങളും മികച്ചതാണ്. ദിവസവും വെളുപ്പിന് 3.20-നാണു ഗുരുവായൂരിൽനിന്ന് ഇന്റർ സിറ്റി എക്‌സ്പ്രസ് പുറപ്പെടുക. രാത്രി 12.30-ന് തിരിച്ചെത്തും.

രണ്ട് പാസഞ്ചറുകൾക്ക് സമയമാറ്റം

ഗുരുവായൂരിൽനിന്ന് രാവിലെ 9.15-ന് തൃശൂരിലേക്ക് പുറപ്പെട്ടിരുന്ന പാസഞ്ചറിന്റെ സമയം ഒമ്പതരയാക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള എറണാകുളം പാസഞ്ചർ അഞ്ച് മിനിറ്റ് നേരത്തേയാക്കി.