ചരിത്രത്തിലാദ്യമായി നടക്കുന്ന ബോഗണ്‍വില്ല ഫെസ്റ്റിവലിന് ഒരുങ്ങി തലസ്ഥാനം. ഡല്‍ഹിയിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. 

To advertise here,

കടലാസ്പൂവ് എന്നും അറിയപ്പെടുന്ന ബോഗണ്‍വില്ലയുടെ വ്യത്യസ്ത നിറത്തിനും രൂപത്തിലുമുള്ള പൂക്കള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ബോഗണ്‍വില്ലയുടെ ബോണ്‍സായി ചെടികളും ഗാര്‍ഡന്‍ ട്രേയിലുള്ള ചെടികളുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. ഡല്‍ഹി ടൂറിസം കൗണ്‍സിലാണ് പരിപാടിയുടെ സംഘാടകര്‍. 

ഡല്‍ഹി ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കും ഈ സമയത്ത് ഡല്‍ഹി സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്കും മികച്ച അനുഭവമായിരിക്കും ഫെസ്റ്റിവലെന്നും സംഘാടകര്‍ വ്യക്തമാക്കി.

തെക്കേ അമേരിക്ക സ്വദേശമായുള്ള ഒരു അലങ്കാര സസ്യമാണ് ബോഗണ്‍വില്ല. കടലാസുപിച്ചകം, കടലാസുചെടി എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ദലങ്ങൾ കനം കുറഞ്ഞതും കടലാസ് പോലുള്ളതുമായതിനാലാണ് കടലാസ്പൂവ് എന്ന പേരുവന്നത്. 1768 ല്‍ ബ്രസീലില്‍ ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികന്റെ പേരില്‍നിന്നാണ് ബോഗണ്‍വില്ല എന്നു ഈ ചെടിക്ക് പേരുവന്നത്.

മുള്ളുകളുള്ള ഈ ചെടി നല്ല ഉയരത്തില്‍ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നവയാണ് ഈ ചെടി. പിങ്ക്, മജന്ത, പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ബ്രാക്റ്റുകള്‍ കാണപ്പെടുന്നു.