പാരീസ് എന്ന മഹാനഗരത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ നിറയുന്ന രൂപമാണ് ഈഫല്‍ ടവറിന്റേത്. ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടുള്ള ഒരിടമായി പാരീസ് മാറിയത് പിന്നില്‍ ഈഫലിന്റെ പ്രശസ്തി വഹിച്ച പങ്ക് ചെറുതല്ല. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അതിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഈ ടവര്‍. ഗുസ്റ്റാവേ ഈഫല്‍ എന്ന ഡിസൈനറിന്റെയും
അദ്ദേഹത്തിന്റെ 200-ഓളം വരുന്ന ജോലിക്കാരുടേയും അധ്വാനമാണ് ഈ കമാനത്തിന്റെ ചാരുതയ്ക്ക് പിന്നില്‍. അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി ഈ സ്മാരകത്തിനും ഈഫല്‍ എന്ന തന്നെ പേരും നല്‍കി.

To advertise here,

എന്നാളിപ്പോള്‍ പുറത്തേക്ക് വരുന്ന വാര്‍ത്തകള്‍ പ്രകാരം ഈഫല്‍ ടവറിന് മുകളില്‍ കയറാന്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. ഈഫലിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വര്‍ധവ് ഉണ്ടായിരിക്കുന്നത്. ഇരുപത് ശതമാനമാണ് നിരക്ക് വര്‍ധനവ്. ഈഫല്‍ ടവറിനുള്ള നവീകരണ ചിലവ് കാരണമാണ് ടിക്കറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

മുകളിലേക്കുള്ള എലവേറ്റര്‍ റൈഡുള്‍പ്പടെയുള്ള ടിക്കറ്റ് നിരക്ക് നേരത്തെ 29.40 യൂറോ ആയിരുന്നത് 35.30 യൂറോ ആയാണ് വര്‍ധിച്ചത്. 12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളുടെ ടിക്കറ്റ് നിരക്ക് 17.70 യൂറോ ആയും 4 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളുടേത്  8.90 യൂറോ ആയും വര്‍ധിച്ചു. വര്‍ഷത്തില്‍ എല്ലാദിനവും തുറക്കുന്ന ഈഫല്‍ ഗോപുരം കാണാന്‍ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്താറുണ്ട്. ഏതാനും മാസങ്ങള്‍ക്കകം പാരീസില്‍ ഒളിമ്പിക്സ് ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഈഫല്‍ ഗോപുരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടെ മുന്നില്‍കണ്ടുകൊണ്ടാണ് നിരക്കുവര്‍ധനവ്. 

ഗോപുരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കൗണ്ടറില്‍ യു.പി.ഐ സേവനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ലൈറയുമായി സഹകരിച്ചാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഈഫലില്‍ യു.പി.ഐ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

1889 മാര്‍ച്ച് 31-നാണ് ഈഫല്‍ ടവര്‍ ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണയ്ക്കായി നടത്തിയ എക്‌സ്‌പോ കഴിഞ്ഞാലുടന്‍ മാറ്റി സ്ഥാപിക്കണമെന്ന ലക്ഷ്യത്തില്‍ നിര്‍മിച്ച ഈ ടവര്‍ വളരെപ്പെട്ടെന്നാണ് പാരീസിന്റെ മുഖമായി മാറിയത്. പ്രതിവര്‍ഷം 70 ലക്ഷത്തോളം സന്ദര്‍ശകരാണ് ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തുന്നത്.