ചെന്നൈ: നിരക്കു കുറയ്ക്കുകയും പുതിയ വിനോദസഞ്ചാര പാക്കേജുകള്‍ അവതരിപ്പിക്കുകയും ചെയ്തതോടെ ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് കൂടുതല്‍ ആകര്‍ഷകമായി. അടുത്തമാസം പുതിയൊരു കപ്പല്‍ സര്‍വീസ് കൂടി ആരംഭിച്ചേക്കും. രാമേശ്വരത്തുനിന്ന് ജൂലായില്‍ മറ്റൊരു സര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്.
തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്ക് ശുഭം ഗ്രൂപ്പ് നടത്തുന്ന കപ്പല്‍ സര്‍വീസിന്റെ നിരക്കുകളാണ് വീണ്ടും കുറച്ചത്. ശ്രീലങ്കയില്‍ പോയി തിരിച്ചുവരാനുള്ള മടക്ക ടിക്കറ്റിന്റെ നിരക്ക് 8,500 രൂപയില്‍നിന്ന് 8,000 രൂപയായാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 9,700 രൂപയായിരുന്നു. സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ ഭാരം 10 കിലോഗ്രാമില്‍നിന്ന് 22 കിലോഗ്രാം ആയി കൂട്ടിയിട്ടുണ്ട്. വേനല്‍ക്കാലത്തേക്കാണ് ഈ ഇളവുകള്‍.
ജാഫ്ന, തലൈമാന്നാര്‍, മുല്ലത്തീവ്, അനുരാധപുരം, ട്രിങ്കോമാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയൊരു ടൂര്‍ പാക്കേജുകൂടി ശുഭം ഗ്രൂപ്പ് അവതരിപ്പിച്ചിട്ടുണ്ട്. 15,000 രൂപ മുതലാണ് ഇതിന്റെ നിരക്ക്. യാത്രത്തിരക്ക് പരിഗണിച്ച് ഇതേ പാതയില്‍ മറ്റൊരു കപ്പല്‍ കൂടി അടുത്തമാസം മുതല്‍ ഓടിക്കാനും ഉദ്ദേശിക്കുന്നുണ്ട്. 250 പേര്‍ക്കു കയറാവുന്ന ഈ സര്‍വീസിന് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം 2023 ഒക്ടോബര്‍ 14-നാണ് ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സര്‍വീസ് നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16-നാണ് ഇത് പുനരാരംഭിച്ചത്. യാത്രക്കാര്‍ കുറവായിരുന്നതിനെത്തുടര്‍ന്ന് ആഴ്ചയില്‍ മൂന്നു ദിവസമായി കുറച്ച സര്‍വീസ് പിന്നീട് അഞ്ചു ദിവസമായി വര്‍ധിപ്പിച്ചു. നിലവില്‍ ആറുദിവസമാണ് സര്‍വീസ്.
ഇതിനു പുറമേയാണ് രാമേശ്വരത്തുനിന്ന് ശ്രീലങ്കയിലെ തലൈമാന്നാറിലേക്ക് സര്‍വീസ് തുടങ്ങാന്‍ തമിഴ്നാട് മാരിറ്റൈം ബോര്‍ഡ് പദ്ധതിയിടുന്നത്. ഇതിനുവേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിദേശ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നാഗപട്ടണത്തുനിന്ന് കാങ്കേശന്‍തുറയിലേക്കുള്ള സര്‍വീസ് നാലുമണിക്കൂറോളമെടുത്താണ് 111 കിലോമീറ്റര്‍ ദൂരം താണ്ടുന്നത്. എന്നാല്‍, രാമേശ്വരത്തുനിന്ന് തലൈമാന്നാറിലേക്ക് 27 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിന് ഒരു മണിക്കൂറില്‍ താഴെ സമയം മതി. സര്‍വീസ് സംബന്ധിച്ച് മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ വിശദ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: chennai srilanka ferry service new routes packages
Published: 12 May 2025, 07:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented