ചെന്നൈ: യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്നുണ്ടെങ്കിലും ചെന്നൈയിൽനിന്ന് മലബാറിലേക്ക് 20 വർഷമായി പുതിയ തീവണ്ടികൾ പരിഗണിക്കാതെ റെയിൽവേ. 2005-ൽ ചെന്നൈ സെൻട്രലിൽനിന്ന് മംഗളൂരുവിലേക്ക് ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് അനുവദിച്ചതിനുശേഷം യാത്രക്കാരുടെ എണ്ണം ഇരട്ടിയായെങ്കിലും പുതിയ തീവണ്ടി അനുവദിച്ചിട്ടില്ല.
അതിനാൽത്തന്നെ ചെന്നൈയിൽനിന്ന് മലബാർ ഭാഗത്തേക്കുള്ള മൂന്നു പ്രതിദിനവണ്ടികളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈ- മംഗളൂരു മെയിൽ(12601/12602), ചെന്നൈ മംഗളൂരു സൂപ്പർ ഫാസ്റ്റ് (12685/12686), ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22637/22638) എന്നീ വണ്ടികളാണ് ചെന്നൈ സെൻട്രലിൽനിന്ന് പാലക്കാട് വഴി വടക്കൻ കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.
എഗ്‌മോറിൽനിന്ന് രാത്രി 10.45-ന് മംഗളൂരുവിലേക്ക് എക്സ്പ്രസ് ഉണ്ടെങ്കിലും മംഗളൂരുവിലെത്താൻ 20 മണിക്കൂറാണെടുക്കുന്നത്. ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന മറ്റ് തീവണ്ടികൾ 15 മണിക്കൂർമാത്രമാണ് എടുക്കുന്നത്.
ചെന്നൈ -മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ -മംഗളൂരു തീവണ്ടികൾ കാട്പാഡി, ജോലാർപ്പേട്ട, സേലം, കോയമ്പത്തൂർ പാലക്കാട് വഴിയാണ് മംഗളൂരുവിലേക്ക് പോകുന്നത്. എന്നാൽ, എഗ്‌മോറിൽനിന്ന് മംഗളൂരുവിലേക്കുള്ള തീവണ്ടി എഗ്‌മോറിൽനിന്ന് താംബരം, വിഴുപുരം, തിരുച്ചിറപ്പള്ളി, ഇൗറോഡ്, കോയമ്പത്തൂർ, പാലക്കാട് വഴിയാണ് മംഗളൂരുവിലേക്ക് പോകുന്നത്.
അതിനാൽ കൂടുതൽ സമയമെടുക്കും. ചെന്നൈ സെൻട്രലിൽനിന്ന് രാത്രി ഒൻപതിനും പത്തിനും ഇടയിൽ മലബാറിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്നാണ് യാത്രക്കാർ നിരന്തരമായി ആവശ്യപ്പെടുന്നത്.
അവധിക്കാലത്തേക്ക് ടിക്കറ്റ് കിട്ടാൻ രണ്ടുമാസം മുൻപ് ബുക്ക് ചെയ്യണം
ഉത്സവ അവധിക്കാലത്ത് ടിക്കറ്റ് ലഭിക്കണമെങ്കിൽ രണ്ടുമാസം മുൻപുതന്നെ ബുക്ക് ചെയ്യണമെന്ന അവസ്ഥയാണുള്ളത്. ഇത്തവണ ക്രിസ്മസ് അവധിക്ക് തീവണ്ടികളിലേക്കുള്ള ടിക്കറ്റുകൾ രണ്ടുമാസം മുൻപുതന്നെ ബുക്കുചെയ്തുകഴിഞ്ഞിരുന്നു.
ഇനി നാട്ടിലേക്ക് പോകണമെങ്കിൽ പ്രത്യേക തീവണ്ടി അനുവദിക്കണമെന്നതാണ് അവസ്ഥ. ശബരിമല തീർഥാടനത്തിരക്കിനോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചിരുന്നെങ്കിലും മംഗളൂരു ഭാഗത്തേക്ക് പ്രത്യേക തീവണ്ടികളൊന്നും അനുവദിച്ചിട്ടില്ല.
ഇതര സംസ്ഥാന യാത്രികരുടെ വർധന
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് തീവണ്ടികളിൽ ചെന്നൈയിൽ എത്തി ഇവിടെനിന്ന് കേരളത്തിലേക്ക് പോകുന്ന ഇതര സംസ്ഥാനയാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പത്ത് വർഷത്തിലധികമായി മലബാറിലേക്ക് ഇതര സംസ്ഥാനത്തൊഴിലാളികളുടെ വരവ് ക്രമാതീതമായി വർധിച്ചിരിക്കയാണ്.
മലബാറിലേക്കുള്ള തീവണ്ടികളിൽ തിരക്ക് വർധിക്കാൻ ഇതും കാരണമാണ്. ഇതര സംസ്ഥാന തൊഴിലാളി കുടിയേറ്റം ഇനിയും വർധിക്കുമെന്നാണ് കേരളത്തിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഉത്തരേന്ത്യയിൽനിന്നുള്ള യാത്രക്കാർ ചെന്നൈ സെൻട്രലിലേക്കുള്ള വണ്ടികളിലെത്തി ഇവിടെനിന്ന് മലബാറിലേക്ക് പോകുകയാണ് ചെയ്യുക.
ആധുനിക കോച്ചുകളോടെയുള്ള പുതിയ തീവണ്ടി
യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ പുതിയ തീവണ്ടി സർവീസ് ആരംഭിക്കുകമാത്രമാണ് രക്ഷ. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള എൽഎച്ച്ബി വണ്ടിതന്നെ കേരളത്തിലേക്ക് അനുവദിക്കണം. എസി, സ്ലീപ്പർ കോച്ചുകളോടുകൂടിയുള്ള തീവണ്ടികൾ അനുവദിച്ചാൽ എല്ലാ വിഭാഗം യാത്രക്കാർക്കും ഉപകാരപ്രദമാവും.
Content Highlights: Chennai to Malabar trains are packed, with no new services in 20 years despite a surge in passengers. Learn about the travel crunch & requests for new trains.
Published: 11 Nov 2025, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented