ചെന്നൈ: നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് കറക്കമെങ്കിൽ ഇനി പൈതൃക ബസുകളിലാവാം യാത്ര. ഇതിനായി ചെന്നൈ മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) 'ചെന്നൈ ഉല' എന്ന പേരിൽ ഹെറിറ്റേജ് ബസുകൾ ആരംഭിച്ചു. ബുധനാഴ്ച അണ്ണാ സ്‌ക്വയർ ബസ് സ്റ്റാൻഡിൽ ഗതാഗതമന്ത്രി ശിവശങ്കർ പച്ചക്കൊടി വീശി.

To advertise here,

ചെന്നൈയുടെ ഹൃദയഭാഗത്തുള്ള പ്രധാനപ്പെട്ടതും സാംസ്‌കാരിക പ്രാധാന്യവുമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 30 കിലോമീറ്റർ ദൂരപരിധിക്കുളളിലാണ് ബസ് ഓടുക. ഒരു ദിവസം മുഴുവൻ ഒറ്റ ടിക്കറ്റിൽ യാത്രചെയ്യാൻ നിരക്ക് വെറും 50 രൂപ മാത്രം. സെൻട്രൽ റെയിൽവേ സ്റ്റേഷൻ, എഗ്മോർ റെയിൽവേ സ്റ്റേഷൻ, മറീന ബീച്ച് എന്നിവിടങ്ങളിലെ കൗണ്ടറുകളിൽനിന്ന് ടിക്കറ്റു ലഭിക്കും.

ചെന്നൈ വൺ ആപ്പ് വഴിയും ബുക്കു ചെയ്യാം. മറ്റ് ബസുകളെപ്പോലെ ഡീലക്സ് നിരക്കിൽ ഈ ബസിലും ആളുകൾക്ക് കയറാൻ സാധിക്കും. പൊങ്കൽ ആഘോഷ സമയത്ത് ജനുവരി 16 മുതൽ 18 വരെ രാവിലെ 10 മുതൽ രാത്രി 11 വരെ ബസുകൾ ഓടും.

പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ പുലർച്ചെ ഒരു മണി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ 10 മുതൽ രാത്രി 11 വരെയും സർവീസുണ്ടാകും. ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളിൽ വിന്റേജ് ബസുകൾ ഓടുന്നുണ്ട്. ചെന്നൈയിൽ ഇത് ആദ്യമാണ്. അടുത്തിടെ ഡബിൾ ഡെക്കർ ബസുകൾ ചെന്നൈയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.