ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽ പിക്ക്-അപ്പ് ഏരിയയിൽ എട്ട് മിനിറ്റ് എന്ന സൗജന്യ പരിധി ലംഘിക്കുന്ന വാഹനങ്ങൾക്ക് ഡിസംബർ എട്ടു മുതൽ പ്രവേശന ഫീസ് ഈടാക്കും. യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനുമായി മെച്ചപ്പെടുത്തിയ പിക്ക്-അപ്പ് സംവിധാനങ്ങൾ നടപ്പിലാക്കുകയാണെന്ന് എയർപോർട്ട് ഓപ്പറേറ്ററായ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) ചൊവ്വാഴ്ച അറിയിച്ചു.
‘അച്ചടക്കം നടപ്പിലാക്കുന്നതിനും അനധികൃത പാർക്കിങ് തടയുന്നതിനും വാഹനങ്ങൾ നിർത്തിയിടുന്ന സമയം കുറയ്ക്കുന്നതിനും ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഒരു ലെയ്ൻ വേർതിരിക്കൽ സംവിധാനം അവതരിപ്പിക്കുന്നു. ഇത് ടെർമിനലുകൾക്ക് മുന്നിലുള്ള പിക്ക്-അപ്പ് സോണിന്റെ ദുരുപയോഗം തടയുകയും വഴിയോരത്തെ തിരക്ക് കുറയ്ക്കുകയും ചെയ്യും’, പ്രസ്താവനയിൽ പറയുന്നു.
പുതിയ ലെയ്ൻ വേർതിരിക്കൽ സംവിധാനം അനുസരിച്ച്, T1, T2 ടെർമിനലുകളിലെ അറൈവൽ പിക്ക്-അപ്പ് സോണുകളിലേക്ക് എല്ലാ സ്വകാര്യ കാറുകൾക്കും (വൈറ്റ്-ബോർഡ് വാഹനങ്ങൾ) പ്രവേശനം സൗജന്യമായിരിക്കും. എന്നാൽ, നിശ്ചിത സമയപരിധിക്ക് ശേഷവും തുടരുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താൽ ഫീസ് ഈടാക്കുമെന്നും BIAL പറയുന്നു.
‘എല്ലാ ഉപയോക്താക്കൾക്കും എട്ട് മിനിറ്റ് സൗജന്യമായി ഈ സോൺ ഉപയോഗിക്കാൻ അനുവദിക്കും. ഇതിനപ്പുറം, 8-13 മിനിറ്റ് വരെ അധികമായി തുടരുന്നവരിൽ നിന്ന് 150 രൂപയും 13-18 മിനിറ്റ് വരെ 300 രൂപയും ഈടാക്കും. 18 മിനിറ്റിൽ കൂടുതൽ നിർത്തിയിടുന്ന ഏതൊരു വാഹനവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ബാധകമായ പിഴകളും ടോവിങ് ചാർജുകൾ ഈടാക്കുകയും ചെയ്യും’, പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
യെല്ലോ-ബോർഡ് ടാക്സികളും ഇലക്ട്രിക് ക്യാബുകളും ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ വാഹനങ്ങളും നിശ്ചയിച്ചിട്ടുള്ള പാർക്കിങ് സോണുകളിൽ മാത്രമേ യാത്രക്കാർക്കായി കാത്തുനിൽക്കാൻ പാടുള്ളൂ എന്ന് BIAL അറിയിച്ചു.
തടസ്സമില്ലാത്ത പിക്ക്-അപ്പ് അനുഭവം സാധ്യമാക്കുന്നതിന്, ആദ്യത്തെ 10 മിനിറ്റ് പാർക്കിങ് സൗജന്യമായിരിക്കും. ടെർമിനൽ 1-ൽ എത്തുന്ന വാണിജ്യ വാഹനങ്ങൾ P4, P3 പാർക്കിങ് സോണുകളിലേക്കും ടെർമിനൽ 2-ൽ എത്തുന്നവ P2 പാർക്കിങ് സോണിലേക്കും പോകേണ്ടതാണെന്നും പ്രസ്താവനയിൽ പറയുന്നു.
അടുത്തിടെയായി അനധികൃതമായി വാഹനങ്ങൾ നിർത്തുന്നതും വഴിയോരങ്ങളിൽനിന്ന് ആളുകളെ കയറ്റുന്നതും അറൈവൽ ഗേറ്റുകൾക്കും എക്സിറ്റ് റാമ്പുകൾക്കും പുറത്ത് വാഹനങ്ങൾ കാത്തുനിൽക്കുന്നതും വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് BIAL പറഞ്ഞു. ഇത് ആൾക്കൂട്ടത്തിനും കാലതാമസത്തിനും ഇടയാക്കുന്നതോടൊപ്പം, സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
അനധികൃത സ്ഥലങ്ങളിൽ നിർത്തുക, ലെയ്നുകൾ തടസ്സപ്പെടുത്തുക, അല്ലെങ്കിൽ അനുവദനീയമായ കാത്തിരിപ്പ് സമയത്തിനപ്പുറം തുടരുക എന്നിവയുൾപ്പെടെയുള്ള ഏതൊരു നിയമലംഘനത്തിനും, അത് നടത്തുന്ന ക്യാബ് ഓപ്പറേറ്റർമാർക്കും വ്യക്തികൾക്കും പിഴ ചുമത്തുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Published: 02 Dec 2025, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented