ഹോട്ടലിൽനിന്ന് ലോബിയിലൂടെ അല്ലാതെ, ബാൽക്കണിയിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു കാറിൽ കയറി നേരിട്ട് ചെക്ക് ഔട്ട് ചെയ്യുന്നത് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? കഴിഞ്ഞ വർഷം ജർമൻ ന​ഗരമായ ഫ്രാങ്ക്ഫർട്ടിലെ താമസത്തിനിടെ ഒരു കണ്ടന്റ് ക്രിയേറ്റർ അനുഭവിച്ചറിഞ്ഞത് ഈ അത്ഭുതമായിരുന്നു. അന്ന് അദ്ദേഹം തന്റെ അനുഭവം വിവരിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് ആ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം റീലിൽ പങ്കുവെച്ചത്.

To advertise here,

ബി'മൈൻ ഫ്രാങ്ക്ഫർട്ട് ഹോട്ടലിലെ അഞ്ചാം നിലയിലുള്ള തന്റെ മുറി കാണിച്ചുകൊണ്ടാണ്  വീഡിയോ ആരംഭിക്കുന്നത്. ആധുനികവും മനോഹരവുമാണ് മുറി. റോഡിന് എതിർവശത്തുള്ള ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന്റെയും റൺവേയുടെയും കാഴ്ച്ചകൾ ബാൽക്കണിയിൽനിന്ന് കാണാം. എന്നാൽ യഥാർത്ഥ അത്ഭുതം വരുന്നത്, ഈ ഹോട്ടലിൽനിന്ന് പുറത്തിറങ്ങുന്നത് എങ്ങനെയാണെന്ന് അദ്ദേഹം കാഴ്ചക്കാർക്ക് കാണിച്ചുതരുമ്പോഴാണ്. 

'മിക്ക ഹോട്ടലുകളിലും പ്രധാന വാതിലിലൂടെയാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇവിടെ അങ്ങനെ അല്ല കാര്യങ്ങൾ. പകരം, അതിഥികൾ പുറത്തിറങ്ങുന്നത് വിശാലമായ ഒരു ബാൽക്കണിയിലേക്ക് തുറക്കുന്ന ഒരു പിൻവാതിലിലൂടെയാണ്. അവിടെത്തന്നെ ഒരു ഔഡി കാർ കാത്തിരിക്കുന്നു. കാറിന് തൊട്ടുപിന്നിലായി ഒരു വലിയ പ്ലാറ്റ്ഫോം എലിവേറ്റർ ഉണ്ട്. ഒരു കാർ ലിഫ്റ്റ്.  ഇത് വെറുമൊരു മനോഹരമായ ഒരു പുറത്തിറങ്ങൽ മാത്രമല്ല. ആഡംബരം, സ്വകാര്യത, ഒപ്പം അൽപ്പം നാടകീയതയും കൂട്ടിച്ചേർക്കുന്ന അനുഭവമാണ്', അദ്ദേഹം വീഡിയോയിൽ പറയുന്നു. കാർ എങ്ങനെയാണ് സുഗമമായി ലിഫ്റ്റിലേക്ക് കയറി പതുക്കെ താഴേക്ക് ഇറങ്ങുന്നതെന്നും കണ്ടന്റ് ക്രിയേറ്റർ വിശദീകരിക്കുന്നു.

ഇങ്ങനെയായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ് : 'കഴിഞ്ഞ വർഷം പുതിയ ഓഡി RS eTron GT-യുടെ മീഡിയ ഡ്രൈവിനിടെ, ഞാൻ എന്റെ മുറിയിൽ കയറിയപ്പോൾ കാർ ബാൽക്കണിയിൽ തന്നെ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ഇന്നേവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു ഇത്. 

സാമ്പത്തിക കേന്ദ്രങ്ങൾക്കും തിരക്കേറിയ എയർപോർട്ടിനും പേരുകേട്ട ഫ്രാങ്ക്ഫർട്ടിനെ, സ്റ്റൈലിഷ് താമസസൗകര്യങ്ങളുടെ കാര്യത്തിൽ പാരിസ് അല്ലെങ്കിൽ റോം പോലെ അധികം ആരും പുകഴ്ത്തി പറയാറില്ല. എന്നാൽ ദൃശ്യങ്ങളിൽ കാണുന്ന ഈ ഹോട്ടൽ, റൺവേയുടെ കാഴ്ചകളും നൂതനമായ കാർ പ്രവേശന സൗകര്യവുംകൊണ്ട് ശ്രദ്ധ ആകർഷിക്കുകയാണ്. യാത്രയിൽ സൗകര്യവും ആകർഷണീയതയും, ഒപ്പം ഒരൽപ്പം നാടകീയതയും ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇവിടം മികച്ചതാണ്.