
Photo 1: Canva, Photo 2: Image Credit: https://nautilusliveaboards.com/2021/10/21/we-love-gray-whales-they-fought-back-against-whalers-and-kicked-ass-in-san-ignacio-lagoon/
ലോകത്തിലെ ഏറ്റവും വലിയ ജീവിവര്‍ഗമായ തിമിംഗലങ്ങളോട് മനുഷ്യര്‍ക്കുള്ള കൗതുകത്തിന് ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ടുതന്നെ ലോക ടൂറിസത്തില്‍ ഏറ്റവും ട്രെന്‍ഡിങ്ങായ ആക്ടിവിറ്റികളിലൊന്നാണ് വെയില്‍ വാച്ചിങ്. നിരവധി വിദേശ രാജ്യങ്ങളില്‍ ഇതിനുള്ള അവസരമുണ്ട്. ബോട്ടുകളിലും മറ്റും ഉള്‍ക്കടലില്‍ പോയി മണിക്കൂറുകള്‍ കാത്തിരിന്നാലാണ് വിനോദസഞ്ചാരികള്‍ക്ക് തിമിംഗലങ്ങളെ കാണാനാവുക. ചിലപ്പോള്‍ ഒരെണ്ണത്തിനെ പോലും കാണാതെ മടങ്ങേണ്ടിയും വരും. എന്നാല്‍ കൂറ്റന്‍ തമിംഗലങ്ങള്‍ വിനോദസഞ്ചാരികളെ കാണാനെത്തുന്ന ഒരു സ്ഥലം ലോകത്തുണ്ടെന്ന് പറഞ്ഞാലോ.. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സംഗതി സത്യമാണ്.
മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയിലുള്ള സാന്‍ ഇഗ്നാസിയോ ലഗൂണിലാണ് ഈ അത്യപൂര്‍വ അവസരമുള്ളത്.ഗ്രേവെയിലുകളുടെ ലോകത്തിലെ അവസാനത്തെ സ്വാഭാവിക പ്രജനന കേന്ദ്രമായാണ് സാന്‍ ഇഗ്നാസിയോ ലഗൂണ്‍ വിലയിരുത്തപ്പെടുന്നത്. ഒരു സംരക്ഷിത തിമിംഗല സാങ്ച്വറി കൂടിയാണ് ഈ പ്രദേശം. ഇവിടെ വെച്ചാണ് നൂറോളം ടണ്‍ ഭാരമുള്ള പടുകൂറ്റന്‍ തിമിംഗലങ്ങള്‍ മനുഷ്യരെ കാണാനെത്തുന്നത്.
എല്ലാ വര്‍ഷവും ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് ഗ്രേ വെയിലുകള്‍ ഇവിടെയെത്താറ്. അലാസ്‌കന്‍ പ്രദേശത്തെ തണുത്തുറഞ്ഞ കടല്‍ പ്രദേശത്ത് നിന്ന് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ബാജാ കാലിഫോര്‍ണിയിലെ ഇളംചൂടുള്ള കടല്‍ വെള്ളത്തിലേക്ക് ഇവയെത്തുന്നത്. ഇവിടെ വെച്ചാണ് ഇവ ഇണചേരുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യുക.
ഒരുകാലത്ത് ഈ തിമിംഗലങ്ങളെ ക്രൂരമായി വേട്ടയാടിയിരുന്ന ഈ പ്രദേശം ഇന്നിവയുടെ സുരക്ഷിത താവളങ്ങളാണ്. തിമിംഗല വേട്ട നിര്‍ത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ മനുഷ്യരും തിമിംഗലങ്ങളും തമ്മിലുള്ള സൗഹൃദവും ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ തങ്ങളെ കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നിലേക്ക് ആഹ്ലാദത്തോടെ പാഞ്ഞെത്തുന്ന ഗ്രേ വെയിലുകള്‍ ഇവിടെ സ്വാഭാവികമായ കാഴ്ചയാണ്. പലപ്പോഴും ഇവയോടൊപ്പം കുഞ്ഞു തിമിംഗലങ്ങളുമെത്തുന്നത് സഞ്ചാരികളെ ആവേശം കൊള്ളിക്കുന്നു.
ലഗൂണ്‍ അപകടരഹികമായതും മനുഷ്യര്‍ ഉപദ്രവിക്കില്ലെന്ന തിരിച്ചറിവുണ്ടായതുമാണ് ഗ്രേ വെയിലുകള്‍ മനുഷ്യരോട് ചങ്ങാത്തം കൂടാന്‍ കാരണമായതെന്ന് മറീന്‍ ബയോളജിസ്റ്റുകളുടെ അഭിപ്രായം. ഇത് അമ്പത് വര്‍ഷത്തിലേറെക്കാലമായി നടത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളോടുള്ള തിമിംഗലങ്ങളുടെ പ്രതികരണമാണ്. ചില സമയത്ത് സഞ്ചാരികള്‍ക്ക് തങ്ങളെ തൊടാന്‍ വരെ ഇവ അവസരമൊരുക്കാറുണ്ട്. വെള്ളത്തില്‍ മറിഞ്ഞും ശബ്ദമുണ്ടാക്കിയും തങ്ങളെ കാണാനെത്തുന്ന സഞ്ചാരികളെ ഭൂമിയിലെ ഏറ്റവും ഭീമന്‍മാരായ ജീവിവര്‍ഗങ്ങള്‍ ആനന്ദിപ്പിക്കുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് സാന്‍ ഇഗ്നാസിയോ ലഗൂണ്‍ സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്.
വളരെ കര്‍ശനമായ നിയമങ്ങളോടെ പ്രത്യേക മേഖലകളില്‍ മാത്രമാണ് ഇവിടെ വെയില്‍ വാച്ചിങ്ങിന് അനുമതിയുള്ളത്. തിമിംഗലങ്ങള്‍ സമീപത്തെത്തിയാല്‍ ബോട്ടിന്റെ മോട്ടറുകള്‍ ഓഫ് ചെയ്യണം. അവയുടെ പുറകെ ബോട്ടോടിക്കാനോ ശബ്ദങ്ങളുണ്ടാക്കി ആകര്‍ഷിക്കാനോ പാടില്ല. ഇതൊന്നും ചെയ്യാതെ സ്വാഭാവികമായി തന്നെ അവ സഞ്ചാരികളുടെ സമീപത്തേക്ക് എത്താറുണ്ട്. പസഫിക്കില്‍ ഇവ ഭക്ഷണം തേടാത്തതിനാല്‍ അപകട സാധ്യതയും കുറവാണ്. നിരവധി സഞ്ചാരികളാണ് സീസണ്‍ സമയത്ത് വെയില്‍ വാച്ചിങ്ങിനായി എത്താറുള്ളത്. നിരവധി അന്താരാഷ്ട്ര ടൂറിസം സംഘടനകള്‍ വെയില്‍ വാച്ചിങ് ട്രാവല്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: san ignacio lagoon gray whale watching mexico
Published: 02 Oct 2024, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented