വിറകെടുക്കാന്‍ വരുന്നവര്‍ക്കുവേണ്ടി മരക്കൊമ്പുകള്‍ ഒടിച്ചുകൊടുക്കുന്ന ആനകള്‍. വെള്ളം തേടിനടക്കുന്നവര്‍ക്ക് മണ്ണിനടിയിലെ ജലസാന്നിധ്യം മനസ്സിലാക്കിക്കൊടുക്കുന്ന ആനകള്‍. ഒറ്റപ്പെട്ടുപോകുന്ന ആനക്കുട്ടികള്‍ക്ക് വയറുനിറയെ പാല്കൊടുക്കുന്ന ഗോത്രനിവാസികള്‍. കെനിയയിലെ സാമ്പുരു ഗോത്രക്കാരും ആനകളും തമ്മിലുള്ള ആത്മബന്ധം കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലൂടെയുള്ള യാത്രയില്‍ കണ്ട കാഴ്ചകള്‍ പങ്കുവയ്ക്കുമ്പോള്‍ ഫ്രഞ്ചുകാരിയായ ക്രിസ്റ്റിന് അമുര്‍ലിവാര്‍ ആവേശത്തിലായിരുന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെര്പ്ലാനറ്റ് എര്‍ത്ത് എന്ന സംഘടനയെ നയിക്കുന്ന യുവതിയാണ് ക്രിസ്റ്റിന്. സാഹസികതയുടെ സ്ത്രീരൂപം എന്നുപറയാം. അഞ്ചുവര്‍ഷംകൊണ്ട് ക്രിസ്റ്റിന് നയിച്ച യുവതികളുടെ സംഘം സാഹസികതയുടെ പുതിയ ചരിത്രപഥങ്ങള് സൃഷ്ടിച്ചു. ആര്‍ട്ടിക്കയിലെയും അന്റാര്‍ട്ടിക്കയിലെയും ഭയാനകമായ ശീതക്കൊടുങ്കാറ്റും ജോര്‍ദാന്‍ മരുഭൂമിയിലെ ചൂടുകാറ്റും അഗ്നിപര്‍വതത്തില്‍നിന്ന് വമിക്കുന്ന ഗന്ധകപ്പുകയും അതിജീവിച്ച് അവര്‍ കാതങ്ങള്‍ താണ്ടി. സാഹസികയാത്രകളായിരുന്നു ഏറെയും. ക്രിസ്റ്റിന്റെ യാത്രാനുഭവങ്ങള്‍ 'വൈല്‍ഡ് വിസ്ഡം' എന്ന പേരില്‍ പെന്ഗ്വിന് ബുക്സിലൂടെ പുറത്തിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആനയുമായുള്ള ആത്മബന്ധം
കെനിയയിലെ സാമ്പുരു ഗോത്രവര്‍ഗക്കാര്‍ പ്രകൃതിയുമായി ആത്മബന്ധം പുലര്‍ത്തുന്നവരാണ്. കാതോര്‍ത്താല്‍ കാട്ടാനകളുടെ ഹൃദയത്തുടിപ്പുകള്‍പോലും അവര്‍ക്ക് മനസ്സിലാകും. ഗോത്രവര്‍ഗക്കാരുടെ മനസ്സ് ആനകള്‍ക്കും അറിയാം. കാട്ടിലൂടെ ഞങ്ങള്‍ നടക്കുമ്പോള്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. കാട്ടില്‍ വിറക് ശേഖരിക്കാനായി ഗോത്രസ്ത്രീകള്‍ എത്തിയിരുന്നു. അവര്‍ക്കുവേണ്ടി, ആനകള്‍ മരങ്ങളിലെ ഉണങ്ങിയ കൊമ്പുകള്‍ ഒടിച്ച് നിലത്തിട്ടിരിക്കുന്നു! അത് കെട്ടുകളാക്കി ശേഖരിച്ച് തലച്ചുമടായിനീങ്ങുന്ന ഗോത്രസ്ത്രീകളെ കണ്ടപ്പോള്‍ ഞങ്ങള്‍ അദ്ഭുതപ്പെട്ടുപോയി. മറ്റൊരു കാഴ്ചയ്ക്കുകൂടി ദൃക്സാക്ഷികളാകാന്‍ സംഘത്തിന് കഴിഞ്ഞു. മരുഭൂമിപോലുള്ള വനപ്രദേശത്ത് ഒരുതുള്ളി വെള്ളത്തിനായി മനുഷ്യരും വന്യമൃഗങ്ങളും അലയുക പതിവാണ്. ആനകള്‍ക്ക് ആറാമിന്ദ്രിയമുള്ളതുപോലെ നമുക്ക് അനുഭവപ്പെടും. ചില പ്രദേശങ്ങളില്‍ വെള്ളമുെണ്ടന്നുള്ള സൂചനകിട്ടുമ്പോള് അവിടെ ആനകള്‍ കൂട്ടംകൂടി നില്ക്കും. ഗോത്രവര്‍ഗക്കാര്‍ക്ക് ആനകളുടെ ഭാഷ മനസ്സിലാകും. അവര്‍ ഒട്ടകപ്പുറത്തേറി ആയുധങ്ങളുമായി അവിടെയെത്തി കുഴിച്ചുനോക്കും. അതിശയമെന്നുപറയട്ടെ, ആനകള്‍ നല്കിയ സൂചന ശരിയായിരുന്നു; അവര്‍ കുഴിച്ചിടത്ത് വെള്ളം കണ്ടു. ആനകള്‍ക്കും മറ്റ് വന്യമൃഗങ്ങള്‍ക്കും ആത്മസാഫല്യമായി. മൈലുകള്‍ താണ്ടിയെത്തുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് വെള്ളം അമൂല്യമായിരുന്നു.

പാടുന്ന കിണറുകള്‍

ആന പരിശീലന കേന്ദ്രത്തില്‍
2019-ലായിരുന്നു ക്രിസ്റ്റിന്റെ കെനിയന്‍ യാത്ര. സാമ്പുരു ഗോത്രവര്‍ഗക്കാര്‍ നൂറ്റാണ്ടുകളായി ജീവിച്ചുപോരുന്ന വനപ്രദേശങ്ങളിലെ കാഴ്ചകള്‍ ആരെയും വിസ്മയിപ്പിക്കുമെന്ന് അവര്‍ പറയുന്നു. ആഫ്രിക്കന്‍ വനങ്ങളിലൂടെയും മരുഭൂമികളിലൂടെയും അഗ്നിപര്വതപ്രദേശങ്ങളിലൂടെയും അതിനുമപ്പുറമുള്ള പച്ചപ്പുല്ത്തകിടികളിലൂടെയും അവര്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. പകല്‍ കാഴ്ചകള്‍ കണ്ട് നടക്കും. പ്രത്യേകമായി തയ്യാറാക്കിയ ടെന്റുകളിലാണ് രാത്രി കഴിഞ്ഞുകൂടിയിരുന്നത്.
ടെന്റ് കെട്ടാനുള്ള സാമഗ്രികളും ടിന്നിലാക്കിയ ഭക്ഷ്യപദാര്‍ഥങ്ങളും ചുമലിലേറ്റിയ ഒട്ടകങ്ങളായിരുന്നു സ്ത്രീ സംഘത്തിന് അകമ്പടി സേവിച്ചത്. പകല്‍ മുഴുവന്‍ കൊടും ചൂടും രാത്രി തണുപ്പുമുളള കാലാവസ്ഥ. പരമ്പരാഗത വര്‍ണവസ്ത്രങ്ങള്‍ അണിഞ്ഞ് ഗോത്രവര്‍ഗക്കാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഗോത്രവര്‍ഗക്കാര്‍ക്ക് ഇടയിലെ പദവി അനുസരിച്ച് മാലകളും ആഭരണങ്ങളും അവര്‍ കഴുത്തില്‍ അണിഞ്ഞിരുന്നു. വര്‍ണശബളമായ കാഴ്ച.
കാലാവസ്ഥാ വ്യതിയാനം മൂലം ഉടലെടുത്ത മാറ്റം ആഫ്രിക്കയുടെ ഭൂപ്രകൃതിയില്‍ കാണാമായിരുന്നു. ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനായി ഫണ്ട് ശേഖരിച്ച് വിതരണം ചെയ്യുക കൂടിയായിരുന്നു ക്രിസ്റ്റിന് നയിച്ച സംഘത്തിന്റെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദൂഷ്യഫലത്തെക്കുറിച്ച് ക്രിസ്റ്റിനും സംഘവും അവരെ ബോധവത്കരിക്കുകയും ചെയ്തു. വെള്ളത്തിനായി ഗോത്രവര്‍ഗക്കാര്‍ ആഴത്തിലാണ് ഭൂമി കുഴിക്കുക. വെള്ളം കെണ്ടത്തിയാല്‍ പിന്നെ അവര്‍ ആനന്ദനൃത്തമാടും. പാട്ടും മേളവും അന്തരീക്ഷത്തിലുയരുമ്പോള്‍ ചിലപ്പോള്‍ അകലെനിന്ന് പശുക്കള്‍ എത്തുക പതിവാണ്. കാരണം, ആ പാട്ടുകള്‍ അവയ്ക്ക് സുപരിചിതമാണ്. വെള്ളമുെണ്ടന്ന് അറിഞ്ഞാല്‍ ആനകളും എത്തുന്നത് സാധാരണ കാഴ്ചയാണ്. ചിലപ്പോള്‍ ആനക്കുട്ടികള്‍ കുഴിയില്‍ വീഴും. അവയെ പൊക്കിയെടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകില്ല. എന്നാല്‍, ഗോത്രവര്‍ഗക്കാര്‍ അവയെ രക്ഷപ്പെടുത്തി റെറ്റേറ്റി എന്ന ആന സംരക്ഷണകേന്ദ്രത്തിലെത്തിക്കും. അവയ്ക്ക് പാല് കൊടുത്ത് സംരക്ഷിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ജീവനക്കാര്‍ ഇവിടെയുണ്ട്.

കെനിയയിലൂടെ നടത്തിയ യാത്രകളില്‍ ഏറ്റവും അവിസ്മരണീയ അനുഭവം എന്തായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്റ്റിന്റെ മറുപടി ഇതായിരുന്നു, ''കിണര്‍ കുഴിക്കുമ്പോള്‍, വെള്ളം കെണ്ടത്തിയാല്‍ ഗോത്രവര്‍ഗക്കാര്‍ പാടുന്ന പാട്ടാണ് എന്നെ ആഴത്തില്‍ സ്വാധീനിച്ചത്. അതുകൊണ്ട്, പാടുന്ന കിണറുകള്‍ എന്നാണ് ഞാന്‍ ആ പ്രതിഭാസത്തെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്''. പാട്ടുകള്‍ ഒരു മന്ത്രധ്വനി പോലെ തന്റെ മനസ്സിലേക്ക് പ്രവഹിച്ചുവെന്ന് ക്രിസ്റ്റിന് പറയുന്നു. മറ്റൊരു വശംകൂടി അതിനുണ്ട്. വെള്ളം കെണ്ടത്തിയാല്‍ ആദ്യം മൃഗങ്ങള്‍ കുടിക്കട്ടെ എന്ന ഉദാരസമീപനമാണ് ഗോത്രവര്‍ഗക്കാര്‍ക്ക്. അവരാകട്ടെ ചുണ്ടുകള്‍ നനയ്ക്കാന്‍ ഒരുതുള്ളി വെള്ളത്തിനായി കാത്തിരിക്കുന്നവരായിരുന്നു, എന്നിട്ടും അവര്‍ വഴിമാറിക്കൊടുത്തു. അത്രയ്ക്ക് കരുണയാണ് അവര്‍ക്ക് മൃഗങ്ങളോട്. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മാര്‍ഥമായ സ്നേഹത്തിന്റെ കാഴ്ചകളായിരുന്നുവത്.
ഗോത്രവര്‍ഗക്കാര്‍ പാടുന്ന പാട്ട്, ചിലപ്പോള്‍ വളര്‍ത്തുമൃഗങ്ങളെയും ഒരു മാസ്മരവിദ്യയെന്ന പോലെ ആകര്‍ഷിക്കും. കെനിയയില്‍നിന്ന് തിരിച്ചെത്തിയിട്ടും റെറ്റേറ്റി എന്ന ആന സംരക്ഷണകേന്ദ്രത്തിലെ കാഴ്ചകള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നുവെന്ന് ക്രിസ്റ്റിന് അമുര്‍ലിവാര്‍ ഓര്‍ക്കുന്നു. അനാഥകളായ ആനക്കുട്ടികളുടെ അഭയകേന്ദ്രമാണത്. സ്ത്രീ ശാക്തീകരണത്തിനും ഇത് മാതൃകയാകുന്നു. കാരണം ആനക്കുട്ടികളെ സംരക്ഷിക്കുന്നതിനായി വനിതകളുടെ ഒരു കൂട്ടംതന്നെ അവിടെയുണ്ട്. ആഫ്രിക്കയില്‍ ആദ്യമായിട്ടാണ് വനിതകള്‍ ഈ ജോലിക്കെത്തുന്നത്. സാമ്പുരു ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ചെലവഴിച്ച ദിവസങ്ങള്‍ അവിസ്മരണീയമായിരുന്നുവെന്ന് ക്രിസ്റ്റിന് പറഞ്ഞു. ''വീണ്ടും അവിടെ പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കുട്ടികളെയും കൂടെ കൊണ്ടുപോകും''.

ഇന്ന് സാഹസികതയുടെ മുഖമുദ്രയായാണ് ക്രിസ്റ്റിന് ലോകരാഷ്ട്രങ്ങളില്‍ അറിയപ്പെടുന്നത്. അവര്‍ നയിക്കുന്ന ഹെര്പ്ലാനറ്റ് എര്‍ത്ത് എന്ന സംഘടന ഇതിനോടകംതന്നെ അന്താരാഷ്ട്ര പ്രശസ്തി നേടിക്കഴിഞ്ഞു. 2012-ല്‍ സിങ്കപ്പൂരില്‍ വെച്ച് വലേറിബോഫി എന്ന ധീരവനിതയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ക്രിസ്റ്റിന് പറഞ്ഞു. വലേറിബോഫി ഫ്രഞ്ചുകാരിയാണ്. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ലോകത്തിലെ ആറാമത്തെ വനിത.
''വലേറിയുമായി എവറസ്റ്റ് അനുഭവങ്ങള്‍ സംസാരിച്ചപ്പോള്‍ സാഹസികതയിലേക്ക് എനിക്കും ചിറകുവിരിക്കാന്‍ കഴിഞ്ഞു. അങ്ങനെ ഞാന്‍ സഞ്ചാരം തുടങ്ങി. അത് പിന്നീട് സാഹസികയാത്രയിലേക്കും തിരിഞ്ഞു. ഞാന്‍ വലേറിയയോട് കടപ്പെട്ടിരിക്കുന്നു''-ക്രിസ്റ്റിന് പറയുന്നു.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Kenya's elephants at home in the Samburu national reserve samburu tribes
Published: 24 Apr 2023, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented