കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയതുറ കടല്‍പ്പാലം തൂണുകള്‍ തകര്‍ന്ന് രണ്ടായി പിളര്‍ന്നത്. 1956ല്‍ പണിത കോണ്‍ക്രീറ്റ് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതോടെ തകര്‍ച്ചാഭീഷണിയിലായിരുന്നു. പാലം സംരക്ഷിക്കാന്‍ പല നടപടികളും സ്വീകരിച്ചെങ്കിലും ഫലവത്തായില്ല. തിരയടിയില്‍ തകര്‍ന്ന പാലത്തിലേക്ക് വര്‍ഷങ്ങളായി സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ശക്തമായ തിരയടിയും അടിയൊഴുക്കും കാരണം പാലത്തിന്റെ തൂണുകളുടെ ചുവട്ടില്‍ മണ്ണൊലിപ്പ് വ്യാപകമായിരുന്നു. കടലിലേക്ക് ഇറങ്ങുന്ന തുടക്കഭാഗത്തെ തൂണുകള്‍ക്ക് ഇളക്കം സംഭവിച്ച് പാലം നേരത്തെ വളഞ്ഞ അവസ്ഥയിലായിരുന്നു. ഈ ഭാഗം തകര്‍ന്നാണ് ശനിയാഴ്ച രാവിലെ കടലിലേക്ക് പതിച്ചത്. ഇതോടെ പാലം രണ്ടായി വേര്‍പ്പെട്ട നിലയിലായി.

To advertise here,

കടലെടുക്കുന്ന പൈതൃകം 

തിരുവിതാംകൂറിന്റെയും തിരുവനന്തപുരത്തിന്റെയും വാണിജ്യ-വ്യാപാര മേഖലയുടെയും എന്‍ജിനിയറിങ് മികവിന്റെയും കഥ പറയുന്ന പൈതൃക നിര്‍മിതിയാണ് വലിയതുറ കടല്‍പ്പാലം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ വലിയതുറയില്‍ കടല്‍പ്പാലം ഉണ്ടായിരുന്നതായി ചരിത്രരേഖകളില്‍ പറയുന്നുണ്ട്. മത്സ്യബന്ധനമേഖല മാത്രമായിരുന്ന ശംഖുംമുഖത്തെയും വലിയതുറയിലെയും ജീവിത മാറ്റങ്ങള്‍ക്ക് കാരണമായതും പാലത്തിന്റെ വരവോടെയാണ്. നൂറ്റാണ്ടുകളോളം വാണിജ്യ പ്രാധാന്യമുണ്ടായിരുന്ന പ്രദേശം, പിന്നീട് വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി.

placeholder
ഫയല്‍ ചിത്രം | ഫോട്ടോ: ബിജു വര്‍ഗീസ്‌

മണ്‍സൂണ്‍കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപജീവനത്തിന് സഹായകരവുമായിരുന്നു. ഒരുകാലത്ത് തിരുവനന്തപുരത്തേയ്ക്ക് കടല്‍മാര്‍ഗമുള്ള ചരക്കുനീക്കം മുഴുവന്‍ ഈ കടല്‍പ്പാലത്തിലൂടെയായിരുന്നു. തകര്‍ച്ചയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സംരക്ഷണത്തിനുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തതോടെ ചരിത്രപ്രാധാന്യമുള്ള കടല്‍പ്പാലം വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ഇനിയൊരിക്കലും നിര്‍മിക്കാനാകാത്ത ചരിത്രമാണ് നമ്മുടെ കണ്‍മുന്നിലൂടെ കടലില്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുന്നത്.

1800ല്‍ വാണിജ്യകേന്ദ്രം

1800-കളുടെ ആദ്യകാലത്താണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വലിയതുറയില്‍ കടല്‍പ്പാലം പണികഴിപ്പിക്കുന്നത്. കടല്‍വഴി ശത്രുക്കളെത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ശംഖുംമുഖത്താണ് ആദ്യം കടല്‍പ്പാലം പണിയുന്നത്. പിന്നീട് ഇത് വലിയതുറയിലേക്ക് മാറ്റിപ്പണിതതാകാമെന്നാണ് നിഗമനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം അക്കാലത്ത് ഇവിടെ കപ്പലുകള്‍ അടുത്തിരുന്നു.

ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സിലോണിലേക്ക് പോയ ജൂപ്പിറ്റര്‍ എന്ന ബ്രിട്ടീഷ് കപ്പല്‍ വലിയതുറയില്‍ എത്തിയതായി രേഖകളുണ്ട്. കടല്‍പ്പാലം വന്നതോടെ വലിയതുറ പ്രധാന വ്യാപാര കേന്ദ്രമായി മാറി. 1878-ല്‍ ആയില്യം തിരുനാളിന്റെ കാലത്താണ് തിരുവിതാംകൂര്‍ മറൈന്‍ വകുപ്പ് രൂപവത്കരിക്കുന്നത്. തുടര്‍ന്ന് കടല്‍വഴിയുള്ള വാണിജ്യത്തിന് കൂടുതല്‍ പ്രാധാന്യം വന്നു.

1910-ലാണ് വലിയതുറയില്‍ ആധുനിക സൗകര്യങ്ങളുള്ള കടല്‍പ്പാലം പണി കഴിപ്പിച്ചത്. ആലപ്പുഴ തുറമുഖം നവീകരിച്ചപ്പോള്‍, പൊളിച്ചുമാറ്റിയ ഉരുക്കും മറ്റും ഉപയോഗിച്ച് ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് ഒരു ലക്ഷം രൂപ മുടക്കി പാലം നിര്‍മിച്ചത്. ഈ പാലത്തിന്റെ വരവോടെയാണ് മേഖലയിലെ ജീവിതംതന്നെ മാറിയത്. വലിയതുറയില്‍ നിന്ന് ചാക്കയിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ പാളങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

placeholder
നാലുവർഷം മുൻപുള്ള വലിയതുറപാലത്തിന്റെ ചിത്രം | ഫോട്ടോ: ബിജു വര്‍ഗീസ്‌

1947-ല്‍ അപകടത്തില്‍ തകര്‍ന്നു

1947-ല്‍ എസ്.എസ്.പണ്ഡിറ്റ് എന്ന കൂറ്റന്‍ ചരക്കുകപ്പല്‍ ഇടിച്ചാണ് പാലം തകരുന്നത്. വലിയ ചരക്കുകപ്പല്‍ കാണാനായി പാലത്തില്‍ നിറയെ ആളുകള്‍ എത്തിയിരുന്ന സമയത്താണ് നിയന്ത്രണംവിട്ട് കപ്പല്‍ പാലത്തില്‍ ഇടിക്കുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ജീവഹാനിയുമുണ്ടായി. കടല്‍പ്പാലം തകര്‍ന്നതോടെ വലിയതുറയിലെ വാണിജ്യമേഖല തകര്‍ന്നു. തുടര്‍ന്ന് 1956-ല്‍ 18 ലക്ഷം രൂപ മുടക്കിയാണ് ഇന്നത്തെ പാലം നിര്‍മിച്ചത്. തിരു-കൊച്ചി മന്ത്രിസഭ തകര്‍ന്നതോടെ സംസ്ഥാനം പ്രസിഡന്റ് ഭരണത്തിന്‍കീഴിലായി. രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാളിനെ സഹായിക്കാന്‍ പി.എസ്.റാവു ഉപദേശകനായി എത്തി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ജെ.സി.ഗാമണ്‍ എന്ന ബ്രിട്ടീഷ് കമ്പനി പാലം പണിതത്. 1956 ഒക്ടോബര്‍ ഒന്നിന് പാലം ഉദ്ഘാടനം ചെയ്തു.

ചരക്കുഗതാഗതം നിലച്ചെങ്കിലും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു പാലം. കൂടാതെ മണ്‍സൂണ്‍കാലത്തും മറ്റും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടയിടുന്നതും പാലത്തിലായിരുന്നു. അപകടാവസ്ഥയിലായതോടെ സന്ദര്‍ശനം നിരോധിച്ചതായി അറിയിപ്പ് വച്ച് പാലം അടച്ചിട്ടു.