ഖജുരാഹോ ഒരു കവിതയാണ്, അല്ലെങ്കില്‍, കവിതകളുടെ സമാഹാരം. മണല്‍ക്കല്ലിലും ഗ്രൈാനൈറ്റിലും തീര്‍ത്ത മനോഹരകവിതകള്‍. ഓരോ ശില്പങ്ങളിലും വിരല്‍ത്തുമ്പുമുതല്‍ മിഴിക്കോണില്‍ വരെ കവിതതുളുമ്പും. ഒരു നല്ല ഉളിപോലുമില്ലാത്ത കാലത്ത് പരുപരുക്കന്‍ പാറകളില്‍ നിന്ന് കവിത കടഞ്ഞെടുത്ത വിരലുകള്‍ ആരുടേതൊക്കെയാവും..?

To advertise here,

മധ്യപ്രദേശിലെ ഛത്രപുര്‍ ജില്ലയില്‍ ഖജുരാഹോസാഗര്‍ നദിക്കരയില്‍ ബുന്ദേല്‍ഖണ്ഡ് കാടിന് നടക്കുള്ള കൊച്ചുഗ്രാമത്തെക്കുറിച്ചാണ് പറയുന്നത്. 21 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഖജുരാഹോ ഗ്രാമത്തില്‍ എണ്ണായിരത്തോളം ജനങ്ങള്‍ താമസിക്കുന്നു. ശില്പസൗന്ദര്യത്തിന്റെ ധാരാളിത്തമുള്ള 85 ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടായിരുന്നത്രെ. ഇപ്പോള്‍ 25 എണ്ണത്തെ മാത്രമേ കാണാനുള്ളൂ. ഇവയെല്ലാം ഒന്‍പത്-11 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നാണ് ചരിത്രകാരന്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഛന്ദേലാ രാജവംശത്തിലെ രാജാക്കന്‍മാരുടെ പല തലമുറകളാണ് ഇതിന് നേതൃത്വം നല്‍കിയത്. 'ഖജൂര്‍' എന്ന വാക്കിന് ഈന്തപ്പന എന്നാണ് അര്‍ത്ഥം. ഒട്ടേറേ ഈന്തപ്പനകളുണ്ടായിരുന്ന സ്ഥലമായിരുന്നതുകൊണ്ടാവാം ഈ നാടിന് 'ഖജൂര്‍വാദിക' എന്നായിരുന്നു പഴയപേര്.

placeholder
ഫോട്ടോ: ബി.മുരളീകൃഷ്ണൻ

14-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇവിടെയെത്തിയ അറബിസഞ്ചാരിയായ മുഹമ്മദ് ഇബ്നു ബത്തൂത്ത ഇവിടെ നീണ്ടു ജടപിടിച്ച മുടിയുള്ള യോഗിമാരെ കണ്ടതായി എഴുതിയിട്ടുണ്ട്. അക്കാലത്ത് താരതമ്യേന അറിയപ്പെട്ട തീര്‍ഥാടനകേന്ദ്രമായിരുന്നു ഖജുരാഹോ എന്നുവേണം കരുതാന്‍. എന്നാല്‍ പിന്നീട് ഈ സൗന്ദര്യനഗരം വിസ്മൃതിയിലായി. ഇതിനിടയില്‍ ഡല്‍ഹി സുല്‍ത്താന്‍ ഖുത്തുബ്ദീന്‍ ഐബക്കും ഛന്ദേലാ രാജവംശവും തമ്മില്‍ യുദ്ധമുണ്ടായി. അതും ഖജുരാഹോയെ കാര്യമായി ബാധിച്ചു. കുറേ നൂറ്റാണ്ടുകള്‍തന്നെ ഈ മേഖല ആളറിയാതെ കാടുപിടിച്ചുകിടന്നു. 1838-ല്‍ ബ്രിട്ടീഷ് സൈനികനായ ക്യാപ്റ്റന്‍ ടി.എസ്.ബര്‍ട്ട് ആണ് ഒരു കാട്ടുവഴിയിലൂടെ നടന്ന് ഈ അമൂല്യ കലാനിധികള്‍ കണ്ടെടുക്കുന്നത്.

ഹൈന്ദവ,ജൈന ക്ഷേത്രങ്ങള്‍

വൈഷ്ണവ, ശൈവ, ജൈന ആരാധനാലയങ്ങളാണ് മുഴുവനും. ദേവി ജഗദംബി, പരശ്വനാഥന്‍, ഖണ്ഡാരിയ, മഹാദേവ, ലക്ഷ്ണ,വാമന,ചൗല്‍സാഥ് യോഗിനി.... അങ്ങനെ ഒട്ടേറേ ദേവീ ദേവന്‍മാരുടെ ക്ഷേത്രങ്ങള്‍. അധികവും ചന്ദനനിറമുള്ള കൈമൂര്‍ മണല്‍ക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ചതാണ്. പിങ്ക് നിറമുള്ള കല്ലുകളും ഗ്രാനൈറ്റുകളുമെല്ലാം ഉപയോഗിച്ചിട്ടുണ്ട്. കല്‍പ്പാളികള്‍ തമ്മില്‍ കൊളുത്തിപ്പിടിപ്പിച്ച ഇന്റര്‍ലോക്കിങ് രീതിയാണ് കാണുന്നത്. ചാന്തിന്റെ ഉപയോഗം പരമാവധി കുറച്ച് കൂറ്റന്‍ ശിലകളെ ഭൂഗുരുത്വാകര്‍ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിന്യസിക്കുകയാണ് ചെയ്തിട്ടുള്ളത്. ശിലകളില്‍ ഓരോ ഇഞ്ചിലും സൂക്ഷ്മമായ കൊത്തുപണികള്‍. കലയുടെ കൈയൊപ്പില്ലാത്ത ഭിത്തികളോ തൂണുകളോ നടവഴികള്‍പോലുമോ ഇല്ല. ശരീരത്തിന്റെ വടിവുകള്‍, മുഖഭാവങ്ങള്‍, വിയര്‍പ്പുകണങ്ങള്‍ എല്ലാം കല്ലുകളിലേക്ക് പകര്‍ത്തിയിരിക്കുന്നു.

കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാൻ വാട്​സാപ്പ് ഗ്രൂപ്പിൽ ചേരുക.


945-1002 കാലഘട്ടത്തില്‍ നിര്‍മിച്ച ദേവി ജഗദംബി ക്ഷേത്രം ഒരു അദ്ഭുതം തന്നെയാണ്. ഏറ്റവും വലിയത് ഖണ്ഡാരിയ, പഞ്ചയാതന്‍, പരശ്വനാഥ ക്ഷേത്രങ്ങളാണ്. ഖണ്ഡാരിയ ഒരു ശിവക്ഷേത്രമാണ്. ഛന്ദാരിയ രാജാക്കന്‍മാര്‍ ശൈവാരാധകരായിരുന്നു. അതുകൊണ്ടുതന്നെ ഖജുരാഹോയില്‍ ഏറ്റവും വലിയ ആഘോഷം ശിവരാത്രിയാണ്. പതിനായിരക്കണക്കിന് പേരാണ് ശിവരാത്രിആഘോഷത്തിനായി ഇവിടെയെത്തുക. ഇക്കൂട്ടത്തില്‍ നിത്യപൂജയുള്ളത് മാതങ്കേശ്വര്‍ ക്ഷേത്രത്തില്‍ മാത്രമാണ്. ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയാണ് സംരക്ഷിച്ചുവരുന്നത്. 1986 ല്‍ യുനസ്‌കോ ഇവിടത്തെ എല്ലാ ക്ഷേത്രങ്ങളും ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തി. അതോടെ ലോകത്തെ എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ ഖജുരാഹോയിലേക്ക് ഒഴുകി. ഇന്‍ഡോ ആര്യന്‍ ശില്പകലയുടെ അസാമാന്യമായ വൈദഗ്ധ്യം ലോകത്തോട് വിളിച്ചുപറയുന്നതാണ് ഇവിടത്തെ ഓരോ ചുമരുകളും.

placeholder
ബി.മുരളീകൃഷ്ണൻ

രതിയുടെ ആഘോഷമായി ക്ഷേത്രച്ചുമരുകള്‍

ഖജുരാഹോ ശില്പങ്ങളില്‍ അഞ്ചില്‍ ഒന്നുപോലുമുണ്ടാവില്ല രതിപ്രധാനമായവ. എന്നാല്‍ രതിശില്പങ്ങളുടെ പേരിലാണ് ഖജുരാഹോ ലോകപ്രസിദ്ധമായത്. രതിയെ ഒരു ആഭാസമായി പൗരാണിക ഇന്ത്യക്കാര്‍ കണ്ടില്ല എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഖജുരാഹോ രതിശില്പങ്ങള്‍. രതി അവര്‍ക്ക് ആരാധനയുടെ ഭാഗവും ശാസ്ത്രവുമായിരുന്നു. അതുകൊണ്ടാണ് വാത്സ്യായനന്‍ എന്ന മഹര്‍ഷിതന്നെ 'കാമശാസ്ത്രം' രചിച്ചത് എന്ന് ഇതിനെക്കുറിച്ചുപഠിച്ചവര്‍ പറയുന്നു. നിര്‍വാണത്തിലേക്കുള്ള വഴിയില്‍ യോഗത്തോടൊപ്പം ഭോഗത്തേയും അവര്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രത്തിന് പുറത്ത് നൈമിഷികമായ ആനന്ദത്തിന്റേയും അകത്ത് ശാശ്വതമായ ആനന്ദത്തിന്റേയും പ്രതീകങ്ങളെ സ്ഥാപിച്ചു. അതിന്റെ ആഘോഷമാണ് ഖജുരാഹോ ക്ഷേത്രച്ചുമരുകളില്‍ കാണുന്നത്.

ലക്ഷ്മണ ക്ഷേത്രം പോലെ ചിലതിന്റെ ചുറ്റുമതിലിലാണ് കൂടുതല്‍ രതിശില്പങ്ങള്‍ കാണുന്നത്. അതില്‍ കാമശാസ്ത്രത്തിലെ മിക്ക സംഭോഗരീതികളും ചിത്രീകരിച്ചിട്ടുണ്ട്. മനുഷ്യര്‍ തമ്മിലുള്ളതു മാത്രമല്ല, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രതിപോലുമുണ്ട്. രതിയനുഭൂതിയുടെ ആലസ്യഭാവത്തെപ്പോലും കല്ലിലേക്ക് ആവാഹിക്കാനുള്ള അനുഗൃഹീതശില്പികളുടെ ചാതുര്യത്തെയാണ് നമ്മള്‍ വണങ്ങിപ്പോവുക. 1864 ല്‍ അലക്സാണ്ടര്‍ കണ്ണിങ്ഹാം ഈ ശില്പങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു. ഈ സര്‍ഗാത്മകതയുടെ ഔന്നത്യംകണ്ട് അന്തംവിടുകയായിരുന്നു അദ്ദേഹം.

placeholder
ഖജുരാഹോയിലെ ശിൽപങ്ങളിൽ ഒന്ന്

എന്നാല്‍, രതിശില്പങ്ങള്‍ മഹാത്മാ ഗാന്ധിയെ ഏറെ വിഷമിപ്പിച്ചിരുന്നതായി ഇതിനെക്കുറിച്ചുള്ള കുറിപ്പുകളില്‍ കാണുന്നു. ഇന്ത്യയെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് കരുതുമെന്ന വിക്ടോറിയന്‍ സദാചാര ചിന്തതന്നെയാവാം അദ്ദേഹത്തെ സങ്കടത്തിലാക്കിയത്. അതുകൊണ്ടുതന്നെ ഈ രതിശില്പങ്ങളെ നശിപ്പിക്കാന്‍ അന്നാട്ടിലെ സദാചാര കമ്മിറ്റിക്കാര്‍ ഒരുങ്ങിയപ്പോള്‍ അതിന് പിന്തുണകൊടുക്കുന്ന നിലപാടാണ് ഗാന്ധിയെടുത്തത്. എന്നാല്‍, മഹാകവി ടാഗോര്‍ ഇക്കാര്യത്തില്‍ ഇടപെട്ടു. അദ്ദേഹം ഗാന്ധിക്ക് കടുത്തഭാഷയില്‍ ഒരു കത്തയച്ചു. ഇത് ഒരു ദേശീയ നിധിയാണെന്നും രതിശില്പങ്ങള്‍ കണ്ട് അസ്വസ്ഥരാവുന്നവരുടെ കൂടെ ഗാന്ധി നില്‍ക്കരുതെന്നും അദ്ദേഹം എഴുതി. ഒരുകാരണവശാലും ശില്പങ്ങള്‍ നശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ടാഗോര്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ തദ്ദേശീയരുടെ അധുനികമായ പ്രതിഷേധത്തെക്കൂടി അതിജീവിച്ചാണ് ഖജുരാഹോ രതിശില്പങ്ങള്‍ കാലാതീതമാവുന്നത്.